ബയേൺ മ്യൂണിക്കിനായി സീസണില്‍ 41 ഗോൾ നേടിയാണ് ലെവൻഡോവ്സ്‌കി റെക്കോർഡ് സ്വന്തമാക്കിയത്. 

മ്യൂണിക്: ബുണ്ടസ് ലീഗ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റോബർട്ട് ലെവൻഡോവ്സ്‌കിക്ക്. ബയേൺ മ്യൂണിക്കിനായി 41 ഗോൾ നേടിയാണ് ലെവൻഡോവ്സ്‌കി റെക്കോർഡ് സ്വന്തമാക്കിയത്. ഓസ്ബർഗിനോട് രണ്ടിനെതിരെ അഞ്ച് ഗോൾ ജയവുമായി ബയേൺ സീസൺ അവസാനിപ്പിച്ചു.

അവസാന റൗണ്ട് മത്സരത്തിന് ഇറങ്ങുമ്പോൾ ബയേൺ മ്യൂണിക്കിന് ജയത്തേക്കുറിച്ച് ആശങ്ക ഒന്നുമില്ലായിരുന്നു. രണ്ട് കളി മുൻപേ കിരീടം ഉറപ്പിച്ചതിനാൽ ലെവൻഡോവ്സ്കി ആയിരുന്നു ശ്രദ്ധാകേന്ദ്രം. ഓസ്ബർഗിന് എതിരെ ബയേൺ ഗോളടി നേരത്തെ തുടങ്ങി. ആദ്യ പകുതിയിൽ നാല് ഗോളിന് മുന്നിൽ. രണ്ടാം പകുതിയിൽ ഓസ്ബെർഗ് രണ്ടെണ്ണം തിരിച്ചടിച്ചു. 

സൂപ്പർ താരത്തിന്റെ റെക്കോർഡ് ഗോളിനായി ബയേൺ ആരാധകരുടെ കാത്തിരിപ്പ് നീണ്ടു. ഒടുവില്‍ 90-ാം മിനുട്ടിൽ ലെവൻഡോവ്സ്കിയുടെ മറുപടി ഗോളെത്തി. ഇതോടെ ഇതിഹാസ താരം ഗെർഡ് മുള്ളർ 49 വർഷം മുൻപ് കുറിച്ച റെക്കോർഡ് തകര്‍ക്കപ്പെട്ടു. 1971-72 സീസണിൽ ആയിരുന്നു മുള്ളർ 40 ഗോള്‍ നേടിയത്. തുട‍ർച്ചയായ ഒൻപതാം കിരീടം ബയേൺ താരങ്ങൾ മത്സരശേഷം ഔദ്യോഗികമായി ഏറ്റുവാങ്ങി. 

സുവാരസ് രക്ഷകനായി, ലാ ലിഗ കിരീടം അത്‌ലറ്റികോ മാഡ്രിഡിന്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona