സ്ഥാപക ദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് എഫ്.സി വേറിട്ടൊരു ജനകീയ ക്യാമ്പയിൻ നടത്തി. ജൂൺ 15-ന് കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ജനിച്ച നവജാതശിശുക്കളെ ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായി സ്വീകരിച്ചു
കോഴിക്കോട്: സ്ഥാപക ദിനത്തോടനുബന്ധിച്ച് വേറിട്ട ജനകീയ ക്യാംപെയ്‌നിലൂടെ നവജാതശിശുക്കളെ തങ്ങളുടെ കുടുംബത്തിലേക്ക് വരവേറ്റ് കാലിക്കറ്റ് എഫ്.സി. ജൂൺ 15-ന് കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങളെയാണ് ക്ലബ്ബിന്റെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളായി കാലിക്കറ്റ് എഫ്.സി (CFC) സ്വീകരിച്ചത്.
രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് എഫ്.സി, ക്ലബ്ബിൻറെ ഒദ്യോഗിക ഫാൻസ് ഗ്രൂപ്പുകളായ ലേഡി ബീക്കൺസ്, ബീക്കൺസ് ബ്രിഗേഡ് പ്രതിനിധികൾ നഗരത്തിലെ പ്രമുഖ ആശുപത്രികളായ ആസ്റ്റർ മിംസ്, ഇഖ്‌റ ഹോസ്പിറ്റൽ, സ്റ്റാർകെയർ ഹോസ്പിറ്റൽ, ഫാത്തിമ ഹോസ്പിറ്റൽ എന്നിവിടങ്ങൾ സന്ദർശിച്ചു. കുരുന്നുകളുടെ ജനനം സമ്മാനങ്ങൾ നൽകി കുടുംബത്തോടൊപ്പം അവർ ആഘോഷമാക്കി. ക്ലബ്ബിന്റെ ഔദ്യോഗിക ജേഴ്‌സി, സോഫ്റ്റ് ഫുട്ബോൾ, ടോട്ട് ബാഗ്, പ്രത്യേക വെൽക്കം കാർഡ് എന്നിവയടങ്ങിയ ആകർഷകമായ ഹാംപറുകൾ കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് കൈമാറുകയും ചെയ്തു.
"ഞങ്ങളുടെ സ്ഥാപക ദിനം ക്ലബ്ബിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ ഓർക്കാനുള്ളത് മാത്രമല്ല, വരുംതലമുറയെ ഒപ്പം ചേർത്തുപിടിക്കാനുള്ളത് കൂടിയാണ്. ഈ നവജാതശിശുക്കളെ സി.എഫ്.സി കുടുംബത്തിലേക്ക് സ്വീകരിക്കാൻ കഴിഞ്ഞത് ഏറെ സവിശേഷമായ ഒരു അനുഭവമായിരുന്നു. കുഞ്ഞുങ്ങളുടെ കുടുംബങ്ങളുമായി ഒരു പ്രത്യേക ആത്മബന്ധം സ്ഥാപിക്കാനും സന്തോഷം പങ്കിടാനും ഇതിലൂടെ സാധിച്ചു" - കാലിക്കറ്റ് എഫ്.സി ക്ലബ് സെക്രട്ടറി ബിനോ ജോസ് ഈപ്പൻ പറഞ്ഞു.ആശുപത്രി ജീവനക്കാർക്കും മാതാപിതാക്കൾക്കും ഒരുപോലെ സന്തോഷം പകർന്ന ഈ പരിപാടിയിലൂടെ, കളിമുറ്റത്തിന് പുറത്തേക്കും ഫുട്ബോളിന്റെ ആവേശം എത്തിക്കാനും കോഴിക്കോട്ടെ ജനങ്ങളുമായി കൂടുതൽ അടുക്കാനും ക്ലബ്ബിന് കഴിഞ്ഞു.



