ലാ ലീഗ സീസണിലെ അവസാന മത്സരത്തില്‍ റയല്‍ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ സോസിഡാഡിനെ തോല്‍പിച്ചു. ആഞ്ചലോട്ടി ബ്രസീല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കും.

മാഡ്രിഡ്: കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ വിടവാങ്ങല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ലാ ലീഗ സീസണിലെ അവസാന മത്സരത്തില്‍ റയല്‍ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ സോസിഡാഡിനെ തോല്‍പിച്ചു. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ കിലിയന്‍ എംബാപ്പേയാണ് റയലിന്റെ രണ്ട് ഗോളും നേടിയത്. 38, 83 മിനിറ്റുകളിലായിരുന്നു എംബാപ്പേയുടെ ഗോളുകള്‍. ഇതോടെ ലാ ലീഗ സീസണില്‍ എംബാപ്പേയ്ക്ക് 31 ഗോളുകളായി. ക്ലബിന്റെ എക്കാലത്തേയും മികച്ചതാരങ്ങളില്‍ ഒരാളായ ലൂക്ക മോഡ്രിച്ചിന്റെ അവസാന ഹോം മത്സരംകൂടിയായിരുന്നു ഇത്.

സഹതാരങ്ങളും ആരാധകരും കോച്ച് ആഞ്ചലോട്ടിക്കും ലൂക്ക മോഡ്രിച്ചിനും വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ആഞ്ചലോട്ടി റയലിന് പതിനഞ്ച് കിരീടങ്ങള്‍ നേടിക്കൊടുത്തപ്പോള്‍, മോഡ്രിച്ച് റയലിന്റെ 28 കിരീട വിജയങ്ങളില്‍ പങ്കാളിയായി. ആഞ്ചോലോട്ടി അടുത്തയാഴ്ച ബ്രസീല്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കും. ഇതിനിടെ എ സി മിലാനില്‍ തന്റെ പ്രിയ താരമായിരുന്ന മുന്‍ ബ്രസീലിയന്‍ താരം റിക്കാര്‍ഡോ കക്കയെ സഹ പരിശീലകനായി ടീമിലെത്തിക്കാന്‍ ആഞ്ചലോട്ടി ശ്രമിക്കുന്നതായി സിഎന്‍എന്‍ ബ്രസീല്‍ റിപ്പോര്‍ട്ട് ചെയ്തു. 

അറ്റാക്കിംഗ് മിഡ്ഫീള്‍ഡറായിരുന്ന കക്ക തന്റെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചിരുന്നത് മിലാനില്‍ ആഞ്ചലോട്ടിയുടെ ശിക്ഷണത്തിലായിരുന്നു. ബ്രസീലിനെ പരിശീലിപ്പിക്കാന്‍ തന്റെ പരിശീലന സംഘത്തെ പുതുക്കാനുള്ള ആലോചനയിലാണ് കാര്‍ലോ നിലവിലുള്ളത് എന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി മിലാന്‍ മുന്‍ താരവും ബ്രസീലിന്റെ 2002 ലോകകപ്പ് ജേതാവുമായ റിക്കാര്‍ഡോ കക്കയെ സഹപരിശീലകനായി നിയമിക്കാനാണ് ആഞ്ചലോട്ടിയുടെ പ്ലാന്‍. 

ബാഴ്‌സലോണ ഇന്ന് അവസാന മത്സരത്തിന്

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ ഇന്ന് സീസണിലെ അവസാന മത്സരത്തിന് ഇറങ്ങുന്നു. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ അത്‌ലറ്റിക് ക്ലബാണ് എതിരാളികള്‍. 85 പോയിന്റുമായി ലീഗില്‍ ഒന്നാംസ്ഥാനം സുരക്ഷിതമാക്കിയ ബാഴ്‌സലോണയ്ക്ക്, മത്സരഫലം എന്തായാലും ഇന്ന് കിരീടം സമ്മാനിക്കും.