ആഞ്ചലോട്ടിയും ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷനും ഇത് സംബന്ധിച്ച് ധാരണയിലെത്തി.

ബ്രസീലിയ: റയല്‍ മാഡ്രിഡ് മാനേജര്‍ കാര്‍ലോ ആഞ്ചലോട്ടി ബ്രസീല്‍ ഫുട്‌ബോള്‍ ടീം പരിശീലകനായേക്കും. ആഞ്ചലോട്ടിയും ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷനും ഇത് സംബന്ധിച്ച് ധാരണയിലെത്തി. 65 കാരനായ ആഞ്ചലോട്ടി ജൂണ്‍ ആദ്യ വാരം ടീമിന്റെ ചുമതല ഏറ്റെടുക്കും. ഇതോടെ ക്ലബ്ബ് ലോകകപ്പില്‍ ആഞ്ചലോട്ടി റയലിനൊപ്പം ഉണ്ടാകില്ലെന്ന് വ്യക്തമായി. 2026ലെ ലോകകപ്പില്‍ ബ്രസീല്‍ ടീമിന്റെ പരിശീലകന്‍ ആകുന്ന ആഞ്ചലോട്ടിക്ക് താല്‍പര്യമെങ്കില്‍ 2030 വരെ കരാര്‍ നീട്ടാനും അവസരമുണ്ട്. ബ്രസീല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്ന പരിശീലകന്‍ ആകും ആഞ്ചലോട്ടി. 

സ്പാനീഷ് ലീഗിലെ അവസാന മത്സരത്തിന് ശേഷം ആഞ്ചലോട്ടിക്ക് റയല്‍ മാഡ്രിഡ് വന്‍ യാത്രയയപ്പ് നല്‍കും. അഞ്ചലോട്ടിയുടെ പരിശീലനത്തില്‍ ക്ലബ്ബ് നേടിയ 15 ട്രോഫികള്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ ആജീവനാന്ത അംബാസിഡര്‍ ആയി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. 5 തവണ ലോക ചാമ്പ്യന്മാര്‍ ആയിട്ടുള്ള ബ്രസീല്‍ 2026ലെ ലോകകപ്പിന് ഇതുവരെ യോഗ്യത ഉറപ്പാക്കിയിട്ടില്ല. യോഗ്യത റൗണ്ടില്‍ ജൂണ്‍ നാലിനു ഇക്വഡോറിനും 9ന് പരാഗ്വേക്കും എതിരെ ആണ് ബ്രസീലിന്റെ അടുത്ത മത്സരങ്ങള്‍.

ചാംപ്യന്‍സ് ലീഗില്‍ ആഴ്‌സനല്‍ - പിഎസ്ജി പോര്

ചാംപ്യന്‍സ് ലീഗ് സെമിയില്‍ ആഴ്‌സനല്‍ പിഎസ്ജി പോരാട്ടം. രാത്രി 12.30ന്. സെമിഫൈനലിന്റെ ആദ്യ പാദം ആഴ്‌സനലിന്റെ ഹോം ഗ്രൗണ്ടിലാണ്. റയല്‍ മഡ്രിഡിനെ തോല്‍പിച്ചാണ് ആഴ്‌സനല്‍ സെമിയിലേക്കെത്തിയത്. പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ലിവര്‍പൂളിനെ പ്രീ ക്വാര്‍ട്ടറില്‍ തോല്‍പിച്ചതിന്റെ ആവേശത്തിലാകും പിഎസ്ജി ഇന്നിറങ്ങുന്നത്. ഫ്രഞ്ച് ലീഗില്‍ 30 മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയ ആവേശവും പിഎസ്ജിക്കുണ്ട്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റമുട്ടിയപ്പോള്‍ ആഴ്‌സനലിനായിരുന്നു ജയം.

റാഷ്‌ഫോര്‍ഡിന് പരിക്ക്

ഹാംസ്ട്രിങ് ഇന്‍ജുറിയെ തുടര്‍ന്ന് ആസ്റ്റണ്‍ വില്ലയുടെ സൂപ്പര്‍ താരം മാര്‍കസ് റാഷ്‌ഫോഡിന് സീസണിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. പരിക്ക് ഗുരുതരമല്ലെന്നും സര്‍ജറി ആവശ്യമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തിലാണ് റാഷ്‌ഫോഡ് ആസ്റ്റണിലെത്തിയത്. സീസണില്‍ ഇനി നാല് മത്സരങ്ങളാണ് വില്ലയ്ക്കുള്ളത്.