ലിവര്‍പൂളില്‍ നിന്ന് സാദിയോ മാനേയെ സ്വന്തമാക്കിയതോടെ ഉയര്‍ന്ന വിലകിട്ടിയാല്‍ ലെവന്‍ഡോസ്‌കിയെ കൈമാറാമെന്നാണിപ്പോള്‍ ബയേണിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ബേയണ്‍ ആവശ്യപ്പെടുന്ന തുകനല്‍കാന്‍ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിട്ടില്ല.
ബാഴ്‌സലോണ: റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയെ (Robert Lewandowski) സ്വന്തമാക്കാനുള്ള ബാഴ്‌സലോണയുടെ നീക്കങ്ങള്‍ക്ക് വെല്ലുവിളിയായി ചെല്‍സിയും പിഎസ്ജിയും. ഇരുടീമും പോളണ്ട് താരത്തിനായി നീക്കം ശക്തമാക്കി. ബയേണ്‍ മ്യൂണിക്കിന്റെ (Bayern Munic) ഗോളടിയന്ത്രമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി അടുത്ത സീസണില്‍ എവിടെ കളിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ഒരുവര്‍ഷ കരാര്‍ ബാക്കിയുണ്ടെങ്കിലും ബാഴ്‌സലോണയിലേക്ക് (Barcelona) ചേക്കേറാന്‍ അനുവദിക്കണമെന്ന് ലെവന്‍ഡോസ്‌കി ബയേണ്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ താരം ബയേണിന്റെ പരിശീലന സെഷനില്‍ പങ്കെടുത്തു.
എന്നാല്‍ ബയേണ്‍ ഇതെല്ലാം നിരസിക്കുകയായിരുന്നു. ലിവര്‍പൂളില്‍ നിന്ന് സാദിയോ മാനേയെ സ്വന്തമാക്കിയതോടെ ഉയര്‍ന്ന വിലകിട്ടിയാല്‍ ലെവന്‍ഡോസ്‌കിയെ കൈമാറാമെന്നാണിപ്പോള്‍ ബയേണിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ബേയണ്‍ ആവശ്യപ്പെടുന്ന തുകനല്‍കാന്‍ ബാഴ്‌സലോണയ്ക്ക് കഴിഞ്ഞിട്ടില്ല. ലെവന്‍ഡോസ്‌കി ക്ഷമയോടെ കാത്തിരിക്കണമെന്ന് ബാഴ്‌സ പ്രസിഡന്റ് യുവാന്‍ ലപ്പോര്‍ട്ട ആവശ്യപ്പെടുകയും ചെയ്തു.
ഇതിനിടെയാണ് പി എസ് ജിയും ചെല്‍സിയും ലെവന്‍ഡോസ്‌കിയെ സ്വന്തമാക്കാന്‍ രംഗത്തെത്തിയത്. ഇന്റര്‍ മിലാനിലേക്ക് ചേക്കേറിയ റൊമേലു ലുക്കാക്കുവിന് പകരമാണ് ചെല്‍സി ബയേണ്‍ സ്‌ട്രൈക്കറെ പരിഗണിക്കുന്നത്. പി എസ് ജിയാവട്ടെ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സഫലമാക്കാന്‍ ഏറ്റവും മികച്ച മുന്നേറ്റനിരയെ സജ്ജമാക്കാനുള്ള ശ്രമത്തിലാണ്.
ബാഴ്‌സലോണയുടെ ട്രാന്‍സ്ഫര്‍ നീക്കം പരാജയപ്പെട്ടാല്‍ മാത്രമേ ചെല്‍സിക്കും പിഎസ്ജിക്കും ലെവന്‍ഡോസ്‌കിയെ സ്വന്തമാക്കാന്‍ കഴിയൂ എന്നുറപ്പാണ്. ക്രിസ്റ്റന്‍സെന്‍, കെസീ എന്നിവരെ ടീമിലെത്തിച്ച ബാഴ്‌സലോണ റഫീഞ്ഞ, ലെവന്‍ഡോസ്‌കി എന്നിവരെക്കൂടി ടീമിലെത്തിച്ച് ശക്തമായ ടീമിനെ അണിനിരത്താനുള്ള ശ്രമത്തിലാണ്.
