ചെല്‍സി: കൊവിഡ് 19 വ്യാപനത്തെ ചെറുക്കാനുള്ള ശ്രമങ്ങൾക്ക് പിന്തുണയുമായി ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ചെൽസി എഫ്സി രംഗത്തെത്തി. ക്ലബിന്‍റെ ഉടമസ്ഥതയിലുള്ള മില്ലേനിയം ഹോട്ടലിൽ നാഷണൽ ഹെൽത്ത് സർവീസ് ജീവനക്കാർക്ക് സൗജന്യ താമസ സൗകര്യം നൽകുമെന്ന് ചെൽസി വ്യക്തമാക്കി.

ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്‍ജ് സ്റ്റേഡിയത്തോട് ചേർന്നാണ് മില്ലേനിയം ഹോട്ടൽ പ്രവ‍ർത്തിക്കുന്നത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർ ഏറെസമയം ജോലി ചെയ്യുന്നതിനാൽ മിക്കവർക്കും വീട്ടിലേക്ക് മടങ്ങാൻ കഴിയുന്നില്ല.

Read More: മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങള്‍ ഹാപ്പി; ഫുട്ബോള്‍ ലോകത്തിന് ആശ്വാസം

ഇങ്ങനെ ഉള്ളവർക്കാണ് മില്ലേനിയം ഹോട്ടലിൽ ടീം ഉടമ റൊമാൻ അബ്രമോവിച്ച് താമസം വാഗ്ദാനം ചെയ്തത്. രണ്ടുമാസത്തേക്ക് ഹോട്ടലിലെ 231 റൂമുകളും ആരോഗ്യ പ്രവർത്തകൾക്ക് താമസത്തിനായി നൽകുമെന്ന് അബ്രമോവിച്ച് വ്യക്തമാക്കി. 

ഏപ്രിൽ നാല് വരെ പ്രീമിയർ ലീഗ് നിർത്തിവച്ചിരിക്കുകയാണ്. ആഴ്‌സനല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റയ്‌ക്കും ചെൽസി താരം ക്വാലം ഒഡോയ്‌ക്കും രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ലീഗ് നിര്‍ത്തിവച്ചത്. കൂടുതൽ താരങ്ങളും പരിശീലകരും നിരീക്ഷണത്തിലാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക