ഫിഫ ക്ലബ് ലോകകപ്പ് സെമിയില്‍ ചെല്‍സി, ഫ്‌ലൂമിനന്‍സിനെ നേരിടും.
ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ് ഫ്‌ലൂമിനന്‍സ്, ചെല്‍സിയെ നേരിടും. ക്വാര്‍ട്ടറില്‍ സൗദി ക്ലബ് അല്‍ ഹിലാലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫ്‌ലൂമിനന്‍സിന്റെ സെമി പ്രവേശം. ചെല്‍സി ഇതേ സ്‌കോറിന് മറ്റൊരു ബ്രസീലിയന്‍ ക്ലബായ പാല്‍മിറാസനെ തോല്‍പ്പിച്ചു. അടുത്ത ബുധനാഴ്ച്ച രാത്രി 12.30നാണ് മത്സരം.
അല്‍ ഹിലാലിനെതിരെ നാല്‍പ്പതാം മിനിട്ടില്‍ മാര്‍ട്ടിനെല്ലിയിലൂടെ ഫ്‌ലൂമിനന്‍സാണ് ആദ്യം മുന്നിലെത്തിയത്. 51ാം മിനിട്ടില്‍ മാര്‍ക്കോസ് ലിയണാര്‍ഡോയിലൂടെ അല്‍ ഹിലാല്‍ ഗോള്‍ മടക്കി. എഴുപതാം മിനുട്ടില്‍ പകരക്കാരനായി എത്തിയ ഹെര്‍ക്കുലീസിന്റെ വകയായിരുന്നു ബ്രസീലിയന്‍ ക്ലബിന്റെ വിജയഗോള്‍. ഇന്റര്‍ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് അട്ടിമറിച്ചായിരുന്നു ഫ്‌ലൂമിനന്‍സ് ്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പാല്‍മിറാസിനെതിരെ ചെല്‍സിയാണ് ആദ്യം ഗോള്‍ നേടിയത്. 16-ാം മിനിറ്റില്‍ കോള്‍ പാല്‍മറിലൂടെയാണ് ചെല്‍സി മുന്നിലെത്തുന്നത്.
എന്നാല്‍ രണ്ടാം പകുതിയില്‍ എസ്താവോ പാല്‍മിറാസിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയാകുമെന്ന് തോന്നിക്കെയാണ് പാല്‍മിറാസ് താരം അഗസ്റ്റിന്‍ ഗിയായുടെ സെല്‍ഫ് ഗോളാണ് ചെല്‍സിക്ക് വിജയമൊരുക്കിയത്. മത്സരത്തില്‍ ചെല്‍സിക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പാല്‍മിറാസിനും സാധിച്ചു.
ഇന്ന് കടുത്ത പോരാട്ടം
ക്ലബ് ലോകകപ്പില്‍ ഇന്ന് വമ്പന്‍ പോരാട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയും ജര്‍മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. പ്രീ ക്വാര്‍ട്ടറില്‍ മെസിയുടെ ഇന്റര്‍ മയാമിയെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത ആത്മവിശ്വാസത്തിലാണ് പിഎസ്ജി ക്വാര്‍ട്ടര്‍ ഫൈനലിന് ഇറങ്ങുന്നത്. യൂറോപ്യന്‍ ചാമ്പ്യന്മാരെന്ന മേന്മയും പിഎസ്ജിക്ക് പറയാനുണ്ട്. ബ്രസീലിയന്‍ ക്ലബ് ഫ്‌ലെമംഗോയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പ്പിച്ചാണ് ബയേണിന്റെ വരവ്.
ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡ് ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം. ഇറ്റാലിയന്‍ ക്ലബ് യുവന്റസിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് റയല്‍ ക്വാര്‍ട്ടര്‍ ഫൈനലിന് ഇറങ്ങുന്നത്. മെക്‌സികന്‍ ക്ലബിനെ തോല്‍പ്പിച്ചാണ് ഡോര്‍ട്മുണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നത്. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ റയലിനോടേറ്റ തോല്‍വികള്‍ക്ക് പകരം വീട്ടാന്‍ കൂടി ഉറച്ചാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഇന്ന് കളത്തിലിറങ്ങുന്നത്.

