ഈ കളിശൈലി തുടരുകയാണെങ്കിൽ പോർച്ചുഗലിന് ഗ്രൂപ്പ് ഘട്ടം കടക്കാൻ പ്രയാസമായിരിക്കുമെന്നും തന്ത്രങ്ങളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നലെ നടന്ന പോർച്ചുഗൽ- കോംഗോ മത്സരത്തെ കുറിച്ചുള്ള തന്റെ വിലയിരുത്തൽ പങ്കുവച്ച് മുൻ ഇന്ത്യൻ താരം സി.കെ വിനീത്. ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യം എന്ന വാചകം അന്വർത്ഥമാക്കുന്ന രീതിയിലാണ് റൊണാൾഡോ ഇന്നലെ ഗ്രൗണ്ടിൽ ഒറ്റപ്പെട്ടുപോയതെന്നും കൂടുതൽ പാസുകൾ പൂർത്തിയാക്കുന്ന ടീം മത്സരം ജയിക്കും എന്ന തെറ്റായ ചിന്താഗതിയോടെയാണ് പോർച്ചുഗൽ താരങ്ങൾ കളിച്ചതെന്നും സികെ വിനീത് പറയുന്നു.
അസാമാന്യമായ ഹെഡിങ് മികവുള്ള റൊണാൾഡോയ്ക്ക് വിങ്ങുകളിൽ നിന്ന് കൃത്യമായ ക്രോസുകൾ നൽകാൻ വിങ് ബാക്കുകളോ വിങ്ങർമാരോ താല്പര്യം കാണിച്ചില്ലെന്നും ഇത്തരത്തിലാണ് കളി മുന്നോട്ട് പോവുന്നതെങ്കിൽ ഗ്രൂപ് ഘട്ടം കടക്കാൻ കടുപ്പമായിരിക്കുമെന്നും സികെ വിനീത് ഓർമ്മിപ്പിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
പോർച്ചുഗൽ ആരാധകർ അഭിമാനത്തോടെ പറയുന്ന 'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യം' എന്ന വാചകം അന്വർത്ഥമാക്കുന്ന രീതിയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആ മത്സരത്തിൽ ഗ്രൗണ്ടിൽ ഒറ്റപ്പെട്ടുപോയത്. മത്സരത്തിലുടനീളം, കൂടുതൽ പാസുകൾ പൂർത്തിയാക്കുന്ന ടീം മത്സരം ജയിക്കും എന്ന തെറ്റായ ചിന്താഗതിയോടെയാണ് പോർച്ചുഗൽ താരങ്ങൾ കളിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. മധ്യനിരയിൽ പി.എസ്.ജിയുടെ കരുത്തരായ വിറ്റിഞ്ഞയും ജോവോ നെവസും അമിതമായി അധ്വാനിച്ചെങ്കിലും, അതുകൊണ്ട് ടീമിന് യാതൊരു പ്രയോജനവുമുണ്ടായില്ല എന്നതാണ് സത്യം. പന്ത് കൂടുതൽ സമയം കൈവശം വെച്ചിട്ടും ബോക്സിലേക്ക് അപകടകരമായ മുന്നേറ്റങ്ങൾ നടത്താൻ അവർക്ക് സാധിച്ചില്ല. ടീമിന്റെ പ്രധാന പ്ലേമേക്കറായ ബ്രൂണോ ഫെർണാണ്ടസ് ആകട്ടെ, സ്വന്തം നിഴൽ മാത്രമായി ഒതുങ്ങിപ്പോയി. പ്രതിരോധ നിരയിൽ നിന്നോ മധ്യനിരയിൽ നിന്നോ കൃത്യമായ ലോങ് ബോളുകളോ, ത്രൂ ബോളുകളോ, ക്രോസ്സുകളോ റൊണാൾഡോയിലേക്ക് എത്തിക്കാൻ ടീമിന് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ലക്ഷ്യബോധമുള്ള ഒരൊറ്റ മുന്നേറ്റം പോലും നടത്താൻ പോർച്ചുഗലിന് സാധിച്ചില്ല എന്നത് അവരുടെ തന്ത്രങ്ങളുടെ പരാജയമാണ് കാണിക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും വലിയ കരുത്ത് അദ്ദേഹത്തിന്റെ അസാധ്യമായ ഹെഡ്ഡിംഗ് മികവാണ്. വായുവിൽ ഉയർന്നു ചാടി ഗോൾ നേടാൻ റൊണാൾഡോ ബോക്സിനുള്ളിൽ നിലയുറപ്പിച്ചപ്പോഴൊക്കെ, വിങ്ങുകളിൽ നിന്ന് കൃത്യമായ ക്രോസുകൾ നൽകാൻ വിങ് ബാക്കുകളോ വിങ്ങർമാരോ താല്പര്യം കാണിച്ചില്ല. ബോക്സിലേക്ക് പന്തെത്തിക്കുന്നതിന് പകരം അനാവശ്യമായി പന്ത് പിന്നിലേക്ക് പാസ് ചെയ്യാനാണ് വിങ്ങർമാർ ശ്രമിച്ചത്. ഇത് ടീമിന്റെ ആക്രമണത്തിന്റെ മൂർച്ച പൂർണ്ണമായും കുറച്ചു. മുന്നേറ്റനിരയിൽ റൊണാൾഡോ തികച്ചും ഒറ്റയ്ക്കായിരുന്നു. പന്ത് ലഭിക്കാതെ വന്നതോടെ അദ്ദേഹം പലപ്പോഴും പന്ത് സ്വീകരിക്കാൻ മധ്യനിരയിലേക്ക് ഇറങ്ങി വരേണ്ടി വന്നു. ചുരുക്കത്തിൽ, ഗ്രൗണ്ടിൽ റൊണാൾഡോയെ പലപ്പോഴും സ്വന്തം ടീമംഗങ്ങൾ തന്നെ അവഗണിക്കുകയായിരുന്നു എന്ന് കരുതേണ്ടി വരും.
പോർച്ചുഗൽ ഇത്തരത്തിൽ ദിശയില്ലാതെ പതറിയപ്പോൾ, മറുവശത്ത് കോംഗോ കാഴ്ചവെച്ചത് തികച്ചും വ്യത്യസ്തവും പ്രശംസനീയവുമായ കളിശൈലിയായിരുന്നു. പലരും പ്രവചിച്ചതുപോലെ പ്രതിരോധ പൂട്ടിട്ട് കേവലം ഒരു 'ഡിഫൻസീവ്' ഗെയിം കളിക്കാനല്ല കോംഗോ ശ്രമിച്ചത് , മറിച്ച് മത്സരത്തിലുടനീളം അവരുടെ പോരാട്ട വീര്യം പ്രകടമായിരുന്നു . തങ്ങൾക്ക് കിട്ടിയ പന്തുകളെയെല്ലാം കൃത്യമായ കൌണ്ടർ അറ്റാക്കുകളാക്കി മാറ്റാൻ അവർ അതീവ ശ്രദ്ധ പുലർത്തി. പ്രതിരോധത്തിൽ ഒതുങ്ങിക്കൂടാതെ, പോർച്ചുഗലിന്റെ ബലഹീനതകൾ മുതലെടുത്ത് അവർ നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. കിട്ടിയ അവസരം കൃത്യമായി വിനിയോഗിക്കാൻ അവർക്ക് സാധിച്ചതും ഈ പോസിറ്റീവ് സമീപനം കൊണ്ടാണ്. അതിന്റെ ഫലമായിരുന്നു ആ സമനില ഗോൾ. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിരുന്ന പോർച്ചുഗൽ, പന്ത് നഷ്ടപ്പെട്ട നിമിഷങ്ങളിലെ ട്രാൻസിഷൻ ഡിഫൻസിൽ വലിയ പിഴവുകൾ വരുത്തി. കോംഗോ കൃത്യമായി മുതലെടുത്തതും ഇതുതന്നെയാണ്. വളരെ കുറച്ച് പാസുകൾ കൊണ്ടും വേഗത്തിലുള്ള മുന്നേറ്റങ്ങളിലൂടെയും അവർ പോർച്ചുഗലിന്റെ പ്രതിരോധ നിരയുടെ താളം തെറ്റിച്ചു . മത്സരത്തിന്റെ മുഴുവൻ സമയവും കളിയിൽ വ്യക്തമായ സ്വാധീനം പുലർത്താൻ കോംഗോയ്ക്ക് കഴിഞ്ഞു.
ഒരുകാലത്ത് യൂറോപ്യൻ അധിനിവേശത്തിന് വിധേയമായിരുന്ന ആഫ്രിക്കൻ ജനതയുടെ പ്രതിരോധ മനോഭാവവും ആത്മാഭിമാനവും ലോകവേദിയിൽ പ്രകടിപ്പിക്കുന്നതായിരുന്നു കോംഗോയുടെ കളിയിലുടനീളം കണ്ടത്. കോംഗോയുടെ സ്വാതന്ത്ര്യസമര നായകനും ആദ്യ പ്രധാനമന്ത്രിയുമായ പാട്രിസ് ലുമുംബയുടെ പ്രതിമയെ അനുസ്മരിപ്പിക്കും വിധം, ഒരു കൈ ആകാശത്തേക്ക് ഉയർത്തി 90 മിനിറ്റും അനങ്ങാതെ നിൽക്കുന്ന മിഷേൽ എൻകൂക മ്ബൊലാഡിംഗെയെ എന്ന കോംഗോ ആരാധകനെ നമുക്കോർമ്മയുണ്ടാകും . കോളനിവൽക്കരണത്തിനും രാഷ്ട്രീയ അസ്ഥിരതകൾക്കും ഇരയായ ഒരു രാജ്യത്തിന്റെ പ്രതീകമായാണ് ആ നിൽപ്പ്. അതുകൊണ്ടുതന്നെ പോർച്ചുഗൽ പോലൊരു ഫുട്ബോൾ ശക്തിക്കെതിരെ നേടിയ സമനില, കോംഗോ ആരാധകർക്ക് ചരിത്രപരമായി തങ്ങളുടെ ശബ്ദം ലോകത്തെ കേൾപ്പിക്കാനുള്ള വേദി കൂടിയായി മാറി.
വെറുതെ പന്ത് കൈവശം വെച്ച് പാസ് കളിച്ചതുകൊണ്ട് മാത്രം കാര്യമില്ലെന്നും, കൃത്യമായ ആസൂത്രണവും ഒത്തൊരുമയും ഇല്ലെങ്കിൽ ജയിക്കാൻ സാധിക്കില്ലെന്നും ഈ മത്സരം തെളിയിക്കുന്നു. ഇതേ ശൈലിയാണ് തുടരുന്നതെങ്കിൽ പോർച്ചുഗലിന് ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കാൻ പോലും സാധിക്കില്ല എന്ന വലിയൊരു മുന്നറിയിപ്പാണ് ഈ മത്സരം നൽകുന്നത്. കോച്ച് റോബർട്ടോ മാർട്ടിനെസ് തന്റെ തന്ത്രങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുകയും, റൊണാൾഡോ എന്ന ലോകോത്തര കളിക്കാരനെ കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്താൽ മാത്രമേ പോർച്ചുഗലിന് ഇനി ശക്തമായൊരു തിരിച്ചുവരവ് സാധ്യമാകൂ, പോർച്ചുഗലും റൊണാൾഡോയും കൂടുതൽ കരുത്തോടെ വരും മത്സരങ്ങളിൽ മടങ്ങിവരുമെന്ന് തന്നെ പ്രത്യാശിക്കാം



