കോംഗോയിലെ എബോള രോഗവ്യാപനത്തെ തുടർന്ന്, 2026 ഫിഫ ലോകകപ്പിനായി അമേരിക്കയിൽ പ്രവേശിക്കുന്നതിന് മുൻപ് കോംഗോ ഫുട്ബോൾ ടീം 21 ദിവസത്തെ ഐസൊലേഷനിൽ കഴിയണമെന്ന് അമേരിക്ക നിർദേശിച്ചു.

വാഷിംഗ്ടണ്‍: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള രോഗബാധ പടരുന്ന സാഹചര്യത്തില്‍, അവരുടെ ദേശീയ ഫുട്‌ബോള്‍ ടീമിന് കര്‍ശനമായ ആരോഗ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക. ഇതോടെ 2026ലെ ഫിഫ ലോകകപ്പിനായുള്ള കോംഗോയുടെ ഒരുക്കങ്ങള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അമേരിക്കയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി കോംഗോ ടീമംഗങ്ങള്‍ 21 ദിവസം കര്‍ശനമായ ഐസൊലേഷന്‍ ബബിളില്‍ കഴിയണമെന്ന് ലോകകപ്പിനായുള്ള വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആന്‍ഡ്രൂ ജൂലിയാനി വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അദ്ദേഹത്തിന്റെ വാക്കുകള്‍... ''ജൂണ്‍ 11ന് ഹൂസ്റ്റണിലേക്ക് വരുന്നതിന് മുന്‍പ് കോംഗോ ടീം 21 ദിവസത്തെ ഐസൊലേഷന്‍ ബബിള്‍ കര്‍ശനമായി പാലിക്കണമെന്ന് ഞങ്ങള്‍ വ്യക്തമാക്കിയതാണ്. ഈ നിബന്ധന ലംഘിച്ചാല്‍ അവര്‍ക്ക് അമേരിക്കയിലേക്ക് വരാന്‍ അനുമതി ലഭിക്കില്ലെന്ന് കോംഗോ സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്. ഇതില്‍ ഇനി ഒരു ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല.'' ജൂലിയാനി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഈ മാസം ആദ്യമാണ് കോംഗോയില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട എബോള വൈറസ് ബാധ സ്ഥിരീകരിച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 600-ഓളം ആളുകളില്‍ രോഗബാധ സംശയിക്കുന്നുണ്ടെന്നും, 130-ലധികം ആളുകള്‍ ഇതിനകം മരണപ്പെട്ടതായും വിവരമുണ്ട്. ലോകകപ്പ് സമയത്ത് രാജ്യത്തെ പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും യു എസ് ഭരണകൂടം തയ്യാറല്ലെന്നാണ് ജൂലിയാനി വ്യക്തമാക്കിയത്. ലോകകപ്പില്‍ ഗ്രൂപ്പ് കെയിലാണ് കോംഗോ മത്സരിക്കുന്നത്. ജൂണ്‍ 17ന് ഹൂസ്റ്റണില്‍ പോര്‍ച്ചുഗലിനെതിരെയാണ് കോംഗോയുടെ ആദ്യ മത്സരം. തുടര്‍ന്ന് ജൂണ്‍ 23ന് മെക്‌സിക്കോയിലെ ഗ്വാഡലഹാരയില്‍ വെച്ച് കൊളംബിയയെയും, ജൂണ്‍ 27-ന് അറ്റ്‌ലാന്റയില്‍ വെച്ച് ഉസ്‌ബെക്കിസ്ഥാനെയും അവര്‍ നേരിടും.

രോഗബാധയെത്തുടര്‍ന്ന് കോംഗോ തങ്ങളുടെ ലോകകപ്പ് പരിശീലന ക്യാമ്പ് നേരത്തെ തന്നെ സ്വന്തം നാട്ടില്‍ നിന്നും മാറ്റിയിരുന്നു. തലസ്ഥാനമായ കിന്‍ഷാസയില്‍ നിശ്ചയിച്ചിരുന്ന ക്യാമ്പ് റദ്ദാക്കിയ അവര്‍ നിലവില്‍ ബെല്‍ജിയത്തിലാണ് പരിശീലനം നടത്തുന്നത്. ജൂണ്‍ 3ന് ലീഗില്‍ വെച്ച് ഡെന്മാര്‍ക്കുമായും, ജൂണ്‍ 9ന് സ്‌പെയിനില്‍ വെച്ച് ചിലിയുമായും അവര്‍ സൗഹൃദ മത്സരങ്ങള്‍ കളിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ ഈ മത്സരങ്ങളെ ബാധിക്കുമോ എന്ന് വ്യക്തമല്ല.

YouTube video player