Asianet News MalayalamAsianet News Malayalam

'ആ വാര്‍ത്തകളെല്ലാം അസത്യം'; ഒടുവില്‍ മനസ് തുറന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആരാധകര്‍ക്ക് ആശ്വാസം

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താത്പര്യമില്ലെന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്‍ജി അറിയിച്ചിരുന്നു.

cristiano ronaldo denies reports on move to al nassr fc club saudi arabia
Author
First Published Dec 7, 2022, 9:55 PM IST

ദോഹ: സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നാസറില്‍ ചേരാന്‍ ധാരണയായതുള്ള വാര്‍ത്തകള്‍ സത്യമല്ലെന്ന് പോര്‍ച്ചുഗലിന്‍റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പിന് ശേഷം ഫ്രീ ഏജന്‍റായ റൊണാള്‍ഡോ സൗദി ക്ലബ്ബില്‍ ചേരുമെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു താരം. 200 മില്യണ്‍ യൂറോയോളം തുകയ്ക്ക് രണ്ടര വർഷ കരാറാണ് റോണോയ്ക്ക് അല്‍ നാസർ വാഗ്ദാനം ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

താരം യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് മാറുകയാണെന്ന റിപ്പോര്‍ട്ടുകള്‍ ആരാധകരെ വിഷമിപ്പിച്ചിരുന്നു. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ താത്പര്യമില്ലെന്ന് ഫ്രഞ്ച് ക്ലബ്ബായ പിഎസ്‍ജി. നിലവിലെ സാഹചര്യത്തിൽ റൊണാള്‍ഡോയെ ടീമിൽ എത്തിക്കാന്‍ കഴിയില്ലെന്ന് ക്ലബ്ബ് പ്രസിഡന്‍റ് നാസര്‍ അൽ ഖെലെയ്ഫി പറഞ്ഞു. ക്രിസ്റ്റ്യാനോ ഇപ്പോഴും അവിശ്വസനീയമായ മികവുള്ള താരമാണ്.

എന്നാൽ, മെസി, നെയ്മര്‍, എംബാപ്പേ എന്നിവരുള്ളപ്പോള്‍ റൊണാൾഡോയെ ടീമിലെത്തിക്കുക ബുദ്ധിമുട്ടാണെന്നും നാസര്‍ വ്യക്തമാക്കി. ലോകകപ്പില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം നടത്തുന്ന ജൂഡ് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാന്‍ താത്പര്യമുണ്ടെന്നും പിഎസ്‍ജി പ്രസിഡന്‍റ് വ്യക്തമാക്കി. ഖത്തര്‍ ലോകകപ്പില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡ‍ോയ്ക്കെതിരെ വിമര്‍ശനം കടുത്തിരുന്നു.  ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ലോപ്പ് ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉള്‍പ്പെട്ടിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകനം നോക്കി ഒരോ കളിക്കാരനും റേറ്റിംഗ് പോയന്‍റ് നല്‍കി സോഫാസ്കോര്‍ നടത്തിയ മോശം ഇലവനെ തെരഞ്ഞെടുത്തപ്പോഴാണ് റൊണാള്‍ഡോയും ഇതില്‍ ഇടം നേടിയത്. പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള പ്രീ ക്വാര്‍ട്ടറില്‍ താരത്തിന് ആദ്യ ഇലവനിലും ഇടം നേടാന്‍ കഴിഞ്ഞില്ല. പിയേഴ്സ് മോര്‍ഗനുമായുള്ള വിവാദ അഭിമുഖത്തിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ധാരണയിലെത്തുകയായിരുന്നു. റൊണാള്‍ഡോ ക്ലബ് വിടുന്ന കാര്യം യുണൈറ്റഡ് തന്നെയാണ് ഔദ്യോഗികമായി ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. 

'എന്തൊരു നാണക്കേട്'; റോണോ ആദ്യ ഇലവനില്‍ വരാത്തതില്‍ നീരസം പ്രകടിപ്പിച്ച് പങ്കാളി, സാന്‍റോസിന് വിമര്‍ശനം

Follow Us:
Download App:
  • android
  • ios