ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയലിന്‍റെ മൈതാനത്ത് മകനൊപ്പം പരിശീലനം നടത്തിയത് താരം വീണ്ടും റയലിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ റയലില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവാഞ്ഞതോടെയാണ് അല്‍-നസര്‍ മുന്നോട്ടുവെച്ച ഓഫര്‍ സ്വീകരിക്കാന്‍ റൊണാള്‍ഡോ തയാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാഡ്രിഡ്: ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍-നസറില്‍ ചേര്‍ന്നതിന്‍റെ ആവേശവും അലയൊലികളും ഫുട്ബോള്‍ ലോകത്ത് ഇനിയും അവസാനിച്ചിട്ടില്ല. ലോകകപ്പിന് തൊട്ടുമുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ച് ഫ്രീ ഏജന്‍റായിരുന്ന റൊണാള്‍ഡോ ലോകകപ്പിന് ശേഷം എവിടെ പന്തു തട്ടുമെന്നതായിരുന്നു ആരാധകരുടെ ആകാംക്ഷ. ഒടുവില്‍ ആകാംക്ഷ അവസാനിപ്പിച്ച് പുതുവര്‍ഷത്തലേന്ന് റൊണാള്‍ഡോ അല്‍-നസറുമായി രണ്ടര വര്‍ഷത്തെ കരാറൊപ്പിട്ടതായി സ്ഥിരീകരണം വന്നു. ഏഷ്യന്‍ ഫുട്ബോളിന് തന്നെ ഉണര്‍വേകുന്നതായിരുന്നു റൊണാള്‍ഡോയുടെ വരവ്.

എന്നാല്‍ അല്‍-നസറുമായി കരാറൊപ്പിടുന്നതിന് തൊട്ടു മുമ്പ് വരെ തന്‍റെ പഴയ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ നിന്നുള്ള വിളി റൊണാള്‍ഡോ പ്രതീക്ഷിച്ചിരുന്നതായി സ്പാനിഷ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഫ്രീ ഏജന്‍റായി 40 ദിവസം കഴിഞ്ഞിട്ടും പ്രതീക്ഷിച്ച വിളി എത്തായതോടെയാണ് റൊണാള്‍ഡോ അല്‍-നസറുമായി കരാറൊപ്പിട്ടതെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ റയലിന്‍റെ മൈതാനത്ത് മകനൊപ്പം പരിശീലനം നടത്തിയത് താരം വീണ്ടും റയലിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ റയലില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടാവാഞ്ഞതോടെയാണ് അല്‍-നസര്‍ മുന്നോട്ടുവെച്ച ഓഫര്‍ സ്വീകരിക്കാന്‍ റൊണാള്‍ഡോ തയാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അല്‍-നസറില്‍ റൊണാള്‍ഡോയുടെ സഹതാരങ്ങള്‍ ആരൊക്കെ, വിന്‍സെന്‍റ് അബൂബക്കര്‍ മുതല്‍ ഒസ്പിന വരെ

മുമ്പ് പല അഭിമുഖങ്ങളിലും 40 വയസ് കഴിയുമ്പോള്‍ റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണബ്യൂവിലായിരിക്കും താന്‍ ബൂട്ടഴിക്കുകയെന്ന് റൊണാള്‍ഡോ തന്നെ പറഞ്ഞിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ കളിക്കണമെങ്കിലും മാഡ്രിഡില്‍ തിരിച്ചെത്തുക എന്നതായിരുന്നു റൊണാള്‍ഡോയ്ക്ക് മുന്നിലെ വഴി.

കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോയെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് റയല്‍ പ്രസിഡന്‍റ് ഫ്ലോറന്‍റീന പെരസിനോട് ചോദിച്ചപ്പോള്‍ ക്രിസ്റ്റ്യാനോയോ, 38-ാം വയസിലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. 2009 മുതല്‍ 2018 വരെ റയലിന്‍റെ താരമായിരുന്നു റൊണാള്‍ഡോ. ക്ലബ്ബിനായി 438 കളികളില്‍ 450 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്. രണ്ട് ലീഗ് കിരീടങ്ങളും ചാമ്പ്യന്‍സ് ലീഗും കോപ ഡെല്‍റേയുമെല്ലാം റൊണോ റയലിനൊപ്പം സ്വന്തമാക്കിയിരുന്നു. റയലില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബായ യുവന്‍റസിലേക്ക് പോയ റൊണാള്‍ഡോ അവിടെ മൂന്ന് സീസണുകളില്‍ കളിച്ചു പിന്നീട് തന്‍റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയെങ്കിലും അവിടെ ഒരു സീസണ്‍ പോലും പൂര്‍ത്തിയാക്കാനായില്ല.