ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് നേടാനാകില്ലെന്ന് മുന്‍ ചെല്‍സി താരം വില്യം ഗാലസ് പ്രവചിച്ചു.

ലണ്ടന്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏറ്റവും വലിയ സ്വപ്നമാണ് ലോകകപ്പ് കിരീടം. നാല്‍പതാം വയസ്സിലും ഈ സ്വപ്നം സഫലമാക്കാനുള്ള പ്രയത്‌നത്തിലാണ് റൊണാള്‍ഡോ. അടുത്തവര്‍ഷത്തെ ലോകകപ്പില്‍ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ റൊണാള്‍ഡോയ്ക്ക് ലോകകപ്പ് സ്വന്തമാക്കാന്‍ കഴിയില്ലെന്നും, താരത്തിന്റെ ഏറ്റവും വലിയ സ്വപ്നം കണ്ണീരില്‍ അവസാനിക്കുമെന്നും പ്രവചിക്കുകയാണ് ചെല്‍സിയുടെ മുന്‍താരം വില്യം ഗാലസ്.

അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ... ''ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ റൊണാള്‍ഡോ ഉണ്ടാവും. പക്ഷേ ആദ്യ ഇലവനില്‍ ഇടംപിടിക്കാന്‍ റൊണാള്‍ഡോയ്ക്ക് കഴിയില്ല. പകരക്കാരനായി ഇറങ്ങുന്ന റൊണാള്‍ഡോയ്ക്ക് ടീമിനെ ലോകകപ്പ് കിരീടത്തിലേക്ക് എത്തിക്കാന്‍ കഴിയില്ല.'' ഗാലസ് പറഞ്ഞു. അഞ്ച് ലോകകപ്പിലെ22 മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ എട്ട് ഗോള്‍ നേടിയിട്ടുണ്ട്. റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസറുമായുള്ള കരാര്‍ പുതുക്കി. രണ്ട് വര്‍ഷത്തേക്കാണ് പുതിയ കരാര്‍. ഇതോടെ 2027 ജൂണ്‍ വരെ റൊണാള്‍ഡോ അല്‍ നസറിനൊപ്പം തുടരും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് 2022ലാണ് റൊണാള്‍ഡോ സൗദി ക്ലബിലെത്തിയത്. ഇക്കഴിഞ്ഞ സീസണ് ശേഷം ടീം വിടുകയാണെന്ന് റൊണാള്‍ഡോ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് റൊണാള്‍ഡോയുടെ ഭാവിയില്‍ അഭ്യൂഹം ഉയര്‍ന്നത്. റൊണാള്‍ഡോ സൗദി ക്ലബിനായി 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളും 19 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. പക്ഷേ, സൗദി ക്ലബിനൊപ്പം ട്രോഫികളൊന്നും നേടാന്‍ നാല്‍പതുകാരനായ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞിട്ടില്ല.

ക്ലബ് വിടുമെന്നുള്ള സൂചന നേരത്തെ ക്രിസ്റ്റ്യാനോ നല്‍കിയിരുന്നു. ഈ അധ്യായം കഴിഞ്ഞു, പക്ഷെ കഥ ഇനിയും തുടരും, എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു റൊണാള്‍ഡോയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഏപ്രിലില്‍ ജപ്പാനീസ് ക്ലബ്ബായ കാവസാക്കി ഫ്രൊണ്ടൈയിലിനോട് സെമിയില്‍ തോറ്റതോടെ അല്‍ നസ്ര് ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു.

YouTube video player