ഫുട്ബാളിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വിരമിച്ച ശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് താരം ആഗ്രഹിക്കുന്നത്.
ലിസ്ബണ്‍: കരിയറില്‍ ആദ്യമായി വിരമിക്കല്‍ സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബാളിനുശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയെന്നും റൊണാള്‍ഡോ പറഞ്ഞു. പോര്‍ച്ചുഗലിനായി 143 ഗോള്‍. പ്രൊഫഷണല്‍ കരിയറില്‍ ആകെ 950 ഗോള്‍. ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറാം ലോകകപ്പില്‍ പന്തു തട്ടാനുള്ള ഒരുക്കത്തിലാണ്. ഇതിനുശേഷം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് പടിയിറങ്ങാനുള്ള ആലോചനയിലാണ് പോച്ചുഗീസ് ഇതിഹാസം.
പണം ഇപ്പോള്‍ തന്നെ മോഹിപ്പിക്കുന്നില്ല. കളിക്കളത്തില്‍ നിന്ന് പടിയിറങ്ങിയാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് റൊണാള്‍ഡോയുടെ തീരുമാനം. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവയും കിരീടത്തിലേക്ക് എത്തില്ലെന്നും റൊണാള്‍ഡോ. കഴിഞ്ഞ ദിവസം ലിയോണല്‍ മെസിയുമായി സ്വയം താരതമ്യം ചെയ്തിരുന്നു ക്രിസ്റ്റിയാനോ. മെസിയേക്കാള്‍ മികച്ചവന്‍ താന്‍ തന്നെയാണെന്ന് പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ അവകാശപ്പെട്ടു.
മെസി തന്നേക്കാള്‍ കേമനാണെ അഭിപ്രായം ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് ഇഷ്ടമുള്ളത് പറയാം. അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും പോര്‍ച്ചുഗീസ് ഇതിഹാസം. ലോകകപ്പ് നേട്ടം കാര്യമാക്കുന്നില്ലെന്നും, അതെല്ല ഒരു താരത്തിന്റെ കഴിവ് അളക്കുന്നതെന്നും ക്രിസ്റ്റ്യാനോ കൂട്ടിചേര്‍ത്തു. മറ്റുളളവരുടെ വാക്കുകള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
സൗദ് പ്രോ ലീഗ് ക്ലബ് അല്‍ നസറിന്റെ താരമായ റൊണാള്‍ഡോയുടെ ലക്ഷ്യം അടുത്ത വര്‍ഷത്തെ ലോകകപ്പും ആയിരം കരിയര്‍ ഗോളുമാണ്. 2022ല്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്‍മാരാക്കിയ മെസി ആകെ 890 ഗോള്‍ നേടിയിട്ടുണ്ട്. ഇതില്‍ 114 ഗോളുകള്‍ അര്‍ജന്റൈന്‍ ജഴ്സിയില്‍. ഇരുവരും കളിക്കുന്ന അവസാന ലോകകപ്പായിരിക്കും അടുത്ത വര്‍ഷത്തേത്.

