ഒരു ദശാബ്ദത്തിലേറെക്കാലം ലോകഫുട്‌ബോളിനെ ഭരിച്ചിരുന്നത്‌ ഇവരായിരുന്നു. മെസിയുടെ ബാഴ്‌സലോണയും ക്രിസ്‌റ്റിയാനോയുടെ റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്ന എല്‍ക്ലാസികോ പോരാട്ടം ചരിത്രം സൃഷ്ടിച്ചു.അന്താരാഷ്ട്ര തലത്തില്‍ രണ്ട്‌ പേരും നേര്‍ക്കുനേര്‍ വന്നത്‌ രണ്ട്‌ തവണ മാത്രം.

‘ലിയോ, വര്‍ഷങ്ങളായി താങ്കള്‍ രാജ്യത്തിനായി പൊരുതുന്നു, ആ ചരിത്രം എക്കാലവും നിലനില്‍ക്കും. അര്‍ജന്റീനക്കൊപ്പം താങ്കള്‍ നേടിയെടുത്തതിനോടെല്ലാം അങ്ങേയറ്റം ബഹുമാനം മാത്രം. എന്റെ ഹൃദയാലിംഗനം സ്വീകരിക്കൂ’ - ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ്‌ ചെയ്‌ത വരികള്‍.

അര്‍ജന്റീനക്ക്‌ വേണ്ടി അവസാന മത്സരം കളിച്ച്‌, അന്താരാഷ്ട്ര ഫുട്‌ബോളിനോട്‌ വിടപറയല്‍ അവിസ്‌മരണീയമാക്കിയ ലയണല്‍ മെസിയെ കുറിച്ച്‌ ക്രിസ്റ്റ്യാനോ പറഞ്ഞ നല്ല വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. ലോകഫുട്‌ബോളില്‍ മെസിയും ക്രിസ്‌റ്റിയാനോയും തമ്മിലുള്ള ആരോഗ്യപരമായ മത്സരം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെക്കാലം ലോകഫുട്‌ബോളിനെ ഭരിച്ചിരുന്നത്‌ ഇവരായിരുന്നു. മെസിയുടെ ബാഴ്‌സലോണയും ക്രിസ്‌റ്റിയാനോയുടെ റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരുന്ന എല്‍ക്ലാസികോ പോരാട്ടം ചരിത്രം സൃഷ്ടിച്ചു.

അന്താരാഷ്ട്ര തലത്തില്‍ രണ്ട്‌ പേരും നേര്‍ക്കുനേര്‍ വന്നത്‌ രണ്ട്‌ തവണ മാത്രം. രണ്ടും സൗഹൃദ ഫുട്‌ബോള്‍ മത്സരങ്ങള്‍. 2011 ലായിരുന്നു ആദ്യത്തേത്‌. അര്‍ജന്റീന ജയിച്ച മത്സരത്തില്‍ മെസിയും ക്രിസ്റ്റ്യാനോയും സ്‌കോര്‍ ഷീറ്റില്‍ ഇടം പിടിച്ചു. 2014 ല്‍ ജയം പോര്‍ച്ചുഗലിനായിരുന്നു. അന്ന്‌ അവസാന നിമിഷം റാഫേല്‍ ഗ്യുറേറോ നേടിയ ഗോളിലായിരുന്നു ജയം.

മെസിയുടെ വിടപറയല്‍ മത്സരത്തില്‍ ബെനിനെതിരെ അര്‍ജന്റീന എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്ക്‌ ജയിച്ചു. ഒരു ഗോളടിച്ചും രണ്ട്‌ ഗോളുകള്‍ക്ക്‌ വഴിയൊരുക്കിയും മെസി പതിവ്‌ പോലെ കളം നിറഞ്ഞു. ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ ഇപ്പോള്‍ പോര്‍ച്ചുഗല്‍ ടീം ക്യാമ്പില്‍ ഇല്ല. ഹെഡ്‌ കോച്ചുമായി ഉടക്കി ദേശീയ ടീമില്‍ നിന്ന്‌ മാറി നില്‍ക്കുന്ന ക്രിസ്‌റ്റിയാനോയുടെ ഭാവി പരിപാടികള്‍ വ്യക്തമല്ല. ആയിരം ഗോളുകള്‍ എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ്‌ ക്രിസ്‌റ്റിയാനോ കരിയര്‍ ദീര്‍ഘിപ്പിക്കുന്നത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK