പോര്‍ച്ചുഗല്‍ ടീമിലെ ഭിന്നതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ, ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ആരാധകര്‍ ചേരിതിരിഞ്ഞതോടെയാണ് താരത്തിന്റെ പ്രതികരണം. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
ന്യൂയോര്‍ക്ക്: പോര്‍ച്ചുഗല്‍ ടീമിലെ ശീത സമരം സാമൂഹിക മാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ചയായതോടെ, പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഞങ്ങളെല്ലാം ഒറ്റക്കെട്ടെന്ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. ടീമിന്റെ മോശം പ്രകടനത്തില്‍ ഒരാളെ മത്രം പഴിക്കുന്നത് ശരിയല്ലെന്ന് സഹതാരം റൂബന്‍ ഡിയാസും പ്രതികരിച്ചു. ആരാധകരുടെ ചേരിതിരിഞ്ഞുള്ള ആക്രമണം വീട്ടുകാരിലേക്കും നീണ്ടപ്പോഴാണ് താരങ്ങള്‍ പ്രതികരണത്തിന് മുതിര്‍ന്നത്. കോംഗോയ്ക്ക് എതിരെ പോര്‍ച്ചുഗല്‍ സമനില വഴിങ്ങിയപ്പോള്‍, സമനില തെറ്റിയത് ആരാധകര്‍ക്കാണ്.
ക്രിസ്റ്റ്യാനോയെ പഴിച്ച് ഒരുകൂട്ടര്‍. ടീമിന്റെ ഒത്തിണക്കമില്ലായ്ക്ക് നേരെയും വിരല്‍ ചൂണ്ടി മറ്റൊരു കൂട്ടര്‍. കക്ഷി ചേര്‍ന്ന് മുന്‍ താരങ്ങള്‍. രംഗം കൂടുതല്‍ വഷളാകുമെന്ന് കണ്ടതോടെ, ക്രിസ്റ്റ്യാനോയെ പിന്തുണച്ചു സഹതാരം റൂബന്‍ ഡിയസ്. പുറത്തുള്ളത് വെറും ബഹളമയം മാത്രം. മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം റോണോയ്ക്ക് മാത്രമല്ലെന്നും ഡിയാസ്. പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവച്ച് റൊണാള്‍ഡോ. ഒറ്റക്കെട്ടെന്ന അടിക്കുറിപ്പോടെ പോസ്റ്റ്.
സാമൂഹിക മാധ്യമങ്ങളിലെ യുദ്ധം പോര്‍ച്ചുഗീസ് താരങ്ങളുടെ വീട്ടിലേക്കും വ്യാപിച്ചതോടെയാണ് താരങ്ങള്‍ പരസ്യപ്രതികരണത്തിന് മുതിര്‍ന്നത്. ജാവോ നെവസിന്റെ കാമുകിയുടെ അക്കൗണ്ടില്‍ റോണ ആരാധകര്‍ കൂട്ടമായി എത്തി കമന്റിട്ടതോടെ, അവര്‍ കമന്റ് ബോക്‌സ് പൂട്ടിയിരുന്നു. മത്സര ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രകടനത്തെ കുറിച്ച് യാവോ നെവസിനോട് ചോദ്യമുണ്ടായപ്പോള്‍, അദ്ദേഹം ടീമിലെ സാധാരണ താരം മത്രമല്ലേ എന്ന മറുപടിയാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇതാണ് കമുകിയുടെ അക്കൗണ്ടിലേക്കും പ്രതിഷേധമെത്താന്‍ കാരണം.
വിമര്‍ശനങ്ങള്‍ പലവഴിക്ക് തിരിയുമ്പോള്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസും ഇപ്പോള്‍ പ്രതിസ്ഥാനത്താണ്. പരിശീലകന്റെ തന്ത്രങ്ങളും പ്രകടനത്തെ ബാധിച്ചെന്നും ഒരു വിഭാഗം. പടലപ്പിണക്കം പരസ്യമായി കാണും വിധം കാര്യങ്ങള്‍ നീക്കിയതില്‍ കോച്ചിന്റെ പങ്കും ചെറുതാകില്ല. മധ്യനിരയില്‍ നിന്ന് ക്ഷണവേഗം കൊണ്ട് ബോക്‌സിലേക്ക് പന്തെത്തിക്കാന്‍ കഴിവുള്ള ഒരു നിര തന്നെ പോര്‍ച്ചുഗലിന് ഉണ്ടായിട്ടും, വെറും പാസിങ് ടീമാക്കി മാറ്റിയതിനേയും ആരാധകര്‍ ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച ഉസ്ബക്കിസ്ഥാനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. അന്നറിയാം, പ്രശ്‌നങ്ങളെ എങ്ങനെയാണ് ടീം മറികടക്കുക എന്ന്.

