'ക്ലിനിക്കില്‍ വച്ച് എന്‍റെ മുഖംപൊത്തി ബലാല്‍സംഗം ചെയ്തു. മാറിടത്തിന്‍റെ വലിപ്പം കൂട്ടാനുള്ള ശസ്‌ത്രക്രിയക്ക് നിര്‍ബന്ധിച്ചു'... മറഡോണയ്‌ക്കെതിരെ നിരവധി ആരോപണങ്ങളുമായി ക്യൂബന്‍ വനിത. 

ബ്യൂണസ് ഐറിസ്: അര്‍ജന്‍റൈന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരെ(Diego Maradona) ഗുരുതര ലൈംഗിക പീഡന ആരോപണവുമായി ക്യൂബന്‍ വനിത. തനിക്ക് 16-ാം വയസുള്ളപ്പോള്‍ മറഡോണ ബലാല്‍സംഗം ചെയ്‌തെന്നും മാറിടത്തിന്‍റെ വലിപ്പം കൂട്ടാനുള്ള ശസ്‌ത്രക്രിയക്ക്(Breast Augmentation) നിര്‍ബന്ധിച്ചുവെന്നുമാണ് മുന്‍ കാമുകി കൂടിയായ, ഇപ്പോള്‍ 37 വയസുള്ള ക്യൂബന്‍ വനിതയുടെ വെളിപ്പെടുത്തല്‍. നവംബര്‍ 25ന് മറഡോണയുടെ വേര്‍പാടിന്‍റെ ഒരു വര്‍ഷം തികയാനിരിക്കേ വന്ന വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

'ലഹരി മുക്‌തി ചികില്‍സക്കായി മറഡോണ ഹവാനയിലെത്തിയപ്പോഴാണ് അദേഹത്തെ പരിചയപ്പെട്ടത്. മറഡോണ ക്ലിനിക്കില്‍ വച്ച് എന്‍റെ മുഖംപൊത്തി ബലാല്‍സംഗം ചെയ്തു. അതിനെക്കുറിച്ച് അധികം ഓര്‍ത്തെടുക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. എന്‍റെ അമ്മ തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു. എന്‍റെ കുട്ടിക്കാലം അയാള്‍ കവര്‍ന്നെടുത്തു. ഞാന്‍ മറഡോണയെ ഇഷ്‌ടപ്പെട്ടിരുന്നു, വെറുക്കുകയും ചെയ്‌തു. ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു' എന്നും ഇപ്പോള്‍ മിയാമിയില്‍ താമസിക്കുന്ന 37കാരി ബ്യൂണസ് ഐറിസില്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്‌തു.

വിവാദ സംഭവങ്ങള്‍ 2001ലെന്ന് യുവതി

2001ല്‍ മറഡോയ്‌ക്കൊപ്പം ബ്യൂണസ് ഐറിസിലേക്ക് നടത്തിയ യാത്രയ്‌ക്കിടെ നേരിട്ട പീഡനങ്ങളെ കുറിച്ചും വെളിപ്പെടുത്തലുണ്ട്. 'മറഡോണയുടെ സഹായികള്‍ ഹോട്ടലില്‍ ആഴ്‌ചകളോളം തടഞ്ഞുവെച്ചു. ഹോട്ടലില്‍ നിന്ന് തനിച്ച് പുറത്തുപോകുന്നത് വിലക്കി. മാറിടത്തിന്‍റെ വലിപ്പം കൂട്ടാനുള്ള ശസ്‌ത്രക്രിയക്ക് നിര്‍ബന്ധിച്ചു. മറഡോണയെ ഇപ്പോഴും ആരാധനാപാത്രമായി കാണുന്ന അര്‍ജന്‍റീനയില്‍ കഴിയുക പ്രയാസമാണ്. എനിക്ക് അയാളെക്കുറിച്ച് മോശം അനുഭവങ്ങള്‍ മാത്രമേയുള്ളൂ എന്നും ക്യൂബന്‍ വനിത പറഞ്ഞു. 

ഹവാനയിലുള്ളപ്പോള്‍ മറഡോണയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ക്യൂബന്‍ വനിത ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. ഈസമയം യുവതിക്ക് 16 ഉം മറഡോണയ്‌ക്ക് 40 ഉം വയസായിരുന്നു പ്രായം. 

എന്നാല്‍ പീഡനങ്ങളില്‍ വനിത പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. അതേസമയം ആരോപണങ്ങള്‍ മറഡോണയുടെ സഹായികള്‍ അഞ്ച് പേര്‍ അഭിഭാഷകര്‍ മുഖേന നിഷേധിച്ചിട്ടുണ്ട്. മറഡോണയ്‌ക്കെതിരെ പീഡന പരാതി ഉന്നയിച്ച വനിതക്ക് 15 ഉം നാലും വയസുള്ള രണ്ട് മക്കളുണ്ട്. അഞ്ച് വര്‍ഷത്തോളമാണ് മറഡോണയുമായി ഇവര്‍ പ്രണയത്തിലായിരുന്നത്. 

ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വാഴ്‌ത്തപ്പെടുന്ന ഡീഗോ മറഡോണ ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 നവംബര്‍ 25നാണ് അന്തരിച്ചത്. 60കാരനായ ഇതിഹാസ ഫുട്ബോളര്‍ ഇതിന് രണ്ടാഴ്ച്ച മുമ്പ് തലച്ചോറിലെ ശസ്‌ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. ഇതിഹാസ താരം സുഖംപ്രാപിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്‌ത്തി മരണവാര്‍ത്ത പുറത്തുവന്നത്. 

UCL : ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും; ബാഴ്‌സ, ചെൽസി, യുണൈറ്റ‍ഡ്, ബയേണ്‍ ടീമുകള്‍ കളത്തില്‍