ഒരിക്കലും മറക്കാത്ത ദിനമെന്ന അടിക്കുറിപ്പോടെ ഇന്നലെയാണ് കാര്‍ഡോസോ വിവാഹ വീഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.

മാഡ്രിഡ്: പോര്‍ച്ചുഗീസ് താരം ഡിയോഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചതിന്‍റെ ഞെട്ടലിലാണ് ആരാധകര്‍. കഴിഞ്ഞ മാസം 22നായിരുന്നു ദീര്‍ഘകാല സുഹൃത്തും ജോട്ടയുടെ മൂന്ന് കുട്ടികളുടെ അമ്മയുമായ റൂട്ട് കാര്‍ഡോസോയുമായുള്ള ലിവര്‍പൂള്‍ താരത്തിന്‍റെ വിവാഹം. വര്‍ഷങ്ങള്‍ നീണ്ട ഡേറ്റിംഗിനൊടുവിലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തിരുമാനിച്ചത്. ഒരിക്കലും മറക്കാത്ത ദിനമെന്ന അടിക്കുറിപ്പോടെ ഇന്നലെയാണ് കാര്‍ഡോസോ വിവാഹ വീഡിയോ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്.

ഇതിന് പിന്നാലെയാണ് കുടുംബത്തെത്തേടി ഞെട്ടിക്കുന്ന ആ വാര്‍ത്തയെത്തിയത്. മക്കളോടും സുഹൃത്തുക്കളോടുമൊപ്പം പോര്‍ച്ചുഗലിലാണ് കാര്‍ഡോസോ ഇപ്പോഴുള്ളത്. ജോട്ടയുടെ സംസ്കാരം എവിടെ നടത്തണമെന്ന കാര്യത്തില്‍ കുടുംബം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പോര്‍ട്ടോയിൽ സംസ്കാരച്ചടങ്ങുകള്‍ നടക്കാനാണ് സാധ്യതയെന്നാണ് കുടുംബാംഗങ്ങള്‍ നല്‍കുന്ന സൂചന. സ്പെയിനില്‍ നിന്ന് ജന്‍മനാടായ പോര്‍ച്ചുഗലിലേക്ക് പോകുമ്പോഴാണ് സമോറയില്‍വെച്ച് ജോട്ടയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.

View post on Instagram

അപകടത്തില്‍ 28കാരനായ ജോട്ടക്കൊപ്പം സഹോദരനും പ്രഫഷണൽ ഫുട്ബോള്‍ താരവുമായ ആന്ദ്രെ സില്‍വയും(26) കൊല്ലപ്പെട്ടിരുന്നു. പോര്‍ച്ചുഗലിലെ സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ്ബായ പെനാഫൈലിന്‍റെ താരമാണ് ആന്ദ്രെ. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോര്‍ഗിനി കാര്‍ മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കവെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം തെറ്റി മറിയുകയും നിമിഷങ്ങള്‍ക്കുള്ളില്‍ തീപീടിച്ച് പൂര്‍ണമായും കത്തിയമരുകയായിരുന്നു. വ്യഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്ത് കുറച്ച് ചാരവും കാറിന്‍റെ ഏതാനും ലോഹഭാഗങ്ങളും മാത്രമാണ് അവശേഷിക്കുന്നത്.

Scroll to load tweet…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മുന്നോടിയായുള്ള പ്രീ സീസണ്‍ ക്യാംപില്‍ പങ്കെടുക്കാനായി അടുത്ത ആഴ്ച ലിവര്‍പൂളിലേക്ക് പോകാനിരിക്കെയാണ് മരണം കാര്‍ അപകടത്തിന്‍റെ രൂപത്തില്‍ ജോട്ടയെ തട്ടിയെടുത്തത്. അപകട വിവരം അറിഞ്ഞതിന് പിന്നാലെ ലിവര്‍പൂളിന്‍റെ ആസ്ഥാനമായ ആൻഫീല്‍ഡില്‍ നിരവധി ആരാധകരാണ് ആദരാഞ്ജലി അര്‍പ്പിക്കാനായി എത്തുന്നത്. 2016ല്‍ പോര്‍ട്ടോ ടീമിലെത്തിയ ആന്ദ്രെയും ജോട്ടയും പോര്‍ട്ടോയുടെ യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നു വന്ന താരങ്ങളുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക