ഇഎഫ്എൽ കപ്പ് നോക്കൗട്ട് റൗണ്ടിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ രണ്ടിനെതിരെ 5 ഗോളുകൾക്ക് തോൽപ്പിച്ചു.

മാഞ്ചസ്റ്റ‍ർ: കോച്ച് എറിക് ടെൻ ഹാഗിനെ പുറത്താക്കിയതിന് പിന്നാലെ നടന്ന ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം. ഇടക്കാല പരിശീലകന്‍ റൂഡ് വാന്‍ നെസ്റ്റല്‍റൂയിക്ക് കീഴില്‍ ആദ്യമായി കളിക്കാനിറങ്ങിയ യുണൈറ്റഡ് ഇഎഫ്എൽ(ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ്) കപ്പ് നോക്കൗട്ട് റൗണ്ടിൽ ലെസ്റ്റർ സിറ്റിയെ രണ്ടിനെതിരെ 5 ഗോളുകൾക്ക് തോൽപ്പിച്ചു. ബ്രസീലിയൻ താരം കാസിമെറോ, പോർച്ചുഗീസ് സ്ട്രൈക്കർ ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ഇരട്ട ഗോളുകൾ നേടി. 28- മിനുട്ടിൽ ഗർണച്ചോയും യുണൈറ്റഡിനായി ഗോൾ നേടി. 33-ാം മിനിറ്റില്‍ ബിലാല്‍ എല്‍ ഖനൗസും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കോണോര്‍ കോഡിയുമാണ് ലെസ്റ്ററിന്‍റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയിലാണ് മത്സരത്തിലെ ആറ് ഗോളുകളും പിറന്നത്.

YouTube video player

മറ്റൊരു മത്സരത്തില്‍ ബ്രൈറ്റണെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ലിവർപൂള്‍ ഇഎഫ്എൽ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.46,63 മിനുട്ടുകളിൽ കോഡി ഗാക്പോയും 85- മിനുട്ടിൽ ലൂയിസ് ഡയസുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. 81ാം മിനിറ്റില്‍ സിമോണ്‍ അഡിന്‍ഗ്രയും 90-ാം മിനിറ്റില്‍ താരിഖ് ലാംപ്റ്റേയുമാണ് ബ്രൈറ്റന്‍റെ ഗോളുകള്‍ നേടിയത്.

ഇഎഫ്എൽ കപ്പിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ടോട്ടൻഹാം ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റിയെ തോൽപ്പിച്ചത്. 5-ാം മിനുട്ടിൽ ടിമോ വെർണറും 25- മിനുട്ടിൽ പപ്പേ മാറ്ററുമാണ് ടോട്ടൻഹാമിനായി ഗോളുകൾ നേടിയത്. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ മാത്യുസ് ന്യുനസിലൂടെ സിറ്റി ഒരു ഗോൾ മടക്കി. എന്നാൽ രണ്ടാം പകുതിയിൽ സമനില ഗോളിനായുള്ള സിറ്റിയുടെ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.

YouTube video player

ഇഎഫ്എൽ കപ്പിലെ മറ്റൊരു മത്സരത്തിൽ ആഴ്സണൽ തകർപ്പൻ ജയം നേടി. പ്രെസ്റ്റണെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആഴ്സണല്‍ തോൽപ്പിച്ചത്. 24- മിനുട്ടിൽ ഗബ്രിയേൽ ജീസസ്, 33-ാം മിനുട്ടിൽ ഏഥൻ ന്വനേരി, 58- മിനുട്ടിൽ കായ് ഹാവേർട്സ് എന്നിവരാണ് ഗണ്ണേഴ്സിനായി ഗോളുകൾ സ്കോർ ചെയ്തത്. ഇഎഫ്എൽ കപ്പിൽ ആസ്റ്റൺ വില്ല തോൽവി വഴങ്ങി. ക്രിസ്റ്റൽ പാലസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. 64- മിനുട്ടിൽ ഡയിച്ചി കമാഡയാണ് ക്രിസ്റ്റൽ പാലസിന്‍റെ വിജയഗോൾ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക