കെയ്‌റോ: എഴുപത്തിയഞ്ച് വയസ് പ്രായമുള്ള താരത്തെ ഒരു ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കുകയോ. കായിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വാര്‍ത്തയാണ് ഈജിപ്‌തില്‍ നിന്ന് വരുന്നത്. എല്‍ദിന്‍ ബഹാദിര്‍ എന്ന എഴുപത്തിയഞ്ചുകാരനെയാണ് ഈജിപ്ഷ്യന്‍ ക്ലബ് സ്വന്തമാക്കിയത്.

ഈ വിന്‍റര്‍ സീസണില്‍ ഏറ്റവും പ്രായമേറിയ താരത്തെ രജിസ്റ്റര്‍ ചെയ്തതായി ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേൻ‍ ഫേസ്‌ബുക്കില്‍ അറിയിച്ചു. ക്ലബിലെത്തിയതോടെ ഗിന്നസ് ബുക്കില്‍ പേരുചേര്‍ക്കാനാണ് ബഹാദിര്‍ ശ്രമിക്കുന്നതെന്നും ഇഎഫ്‌എ വ്യക്തമാക്കി.

ബഹാദിര്‍ കളിക്കാനിറങ്ങിയാല്‍ പ്രൊഫഷണല്‍ ഫുട്ബോളിലെ പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാകും എന്ന് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ നാലാം ഡിവിഷന്‍ ക്ലബിനായി 73 വയസ് പ്രായമുള്ളപ്പോള്‍ കളിച്ച ഇസാക്ക് ഹയിക്കിന്‍റെ റെക്കോര്‍ഡാണ് ബഹാദിര്‍ മറികടക്കുക. കഴിഞ്ഞ വര്‍ഷം(2019) ഏപ്രിലായിരുന്നു ഇസാക്ക് റെക്കോര്‍ഡിട്ടത്. 

ഈജിപ്‌തിലെ മൂന്നാം ഡിവിഷന്‍ ക്ലബായ 6th October ആണ് എല്‍ദിന്‍ ബഹാദിറുമായി കരാറിലെത്തിയത്. എന്നാല്‍ താരവുമായുള്ള കരാറിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അദേഹത്തിന്‍റെ ഫുട്ബോള്‍ ചരിത്രവും പുറത്തുവന്നിട്ടില്ല. എന്തായാലും ക്ലബിനായി ബൂട്ടണിഞ്ഞാല്‍ എല്‍ദിന്‍ ചരിത്രം സൃഷ്‌ടിക്കുമെന്നുറപ്പ്.