ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫോട്ടോ ഫിനിഷ് ഇന്ന്. മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും കിരീടത്തിനരികെ. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും തുടങ്ങുന്നത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ജേതാക്കളെ ഇന്ന് അറിയാം. സീസണിലെ അവസാന റൗണ്ട് മത്സരങ്ങള്‍ തുടങ്ങുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മിലാണ് കിരീടപ്പോരാട്ടം. അവസാന മത്സരത്തിൽ മാഞ്ചസ്റ്റര്‍ സിറ്റി, ബ്രൈറ്റണിനെയും ലിവര്‍പൂള്‍ സ്വന്തം തട്ടകത്ത് വൂള്‍വ്സിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് രണ്ട് മത്സരങ്ങളും തുടങ്ങുന്നത്.

Add Asianetnews as a Preferred SourcegooglePreferred

37 മത്സരങ്ങളില്‍ 95 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് നിലവില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് 94 പോയിന്‍റുണ്ട്. ഇന്ന് ജയിച്ചാൽ സിറ്റിക്ക് കിരീടം നിലനിര്‍ത്താം. അതേസമയം സിറ്റി സമനിലയോ തോൽവിയോ വഴങ്ങുകയും ലിവര്‍പൂള്‍ ജയിക്കുകയും ചെയ്താൽ ലിവര്‍പൂള്‍ ആകും ചാമ്പ്യന്മാര്‍. പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ 90 പോയിന്‍റിലധികം നേടിയിട്ടും കിരീടം സ്വന്തമാക്കാനാകാതെ പോകുന്ന ആദ്യ ടീമെന്ന ദുര്യോഗം ആരെ കാത്തിരിക്കുന്നുവെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ഇന്നത്തെ മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, കാര്‍ഡിഫ് സിറ്റിയെയും ചെൽസി, ലെസ്റ്ററിനെയും ആഴ്സനല്‍ ബേൺലിയെയും നേരിടും.