ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനാകാന്‍ ഇല്ലെന്ന്‌ ദിദിയര്‍ ദെഷാംസ്‌. ഫ്രാന്‍സ്‌ ദേശീയ ടീമിന്റെ മുന്‍ പരിശീലകനായ ദിദിയര്‍ ദെഷാംസുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ മാനേജ്‌മെന്റ്‌ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനാകാന്‍ ഇല്ലെന്ന്‌ ദിദിയര്‍ ദെഷാംസ്‌. ഫ്രാന്‍സ്‌ ദേശീയ ടീമിന്റെ മുന്‍ പരിശീലകനായ ദിദിയര്‍ ദെഷാംസുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ മാനേജ്‌മെന്റ്‌ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍, യുനൈറ്റഡിന്റെ നിലവിലെ സാമ്പത്തിക അസ്ഥിരതയും പ്രശ്‌നങ്ങളും കാരണം ഈ ഓഫര്‍ ദെഷാംസ്‌ നിരസിച്ചതായി പ്രമുഖ അന്താരാഷ്ട്ര സ്‌പോര്‍ട്‌സ്‌ വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

2026 ലോകകപ്പിന്‌ ശേഷം ഫ്രാന്‍സ്‌ ടീമിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ ദെഷാംസിന്‌ യൂറോപ്പിലെ മികച്ച ക്ലബ്ബുകളുടെ ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍, കുറച്ച്‌ കാലം വിശ്രമജീവിതം നയിക്കാനാണ്‌ അദ്ദേഹത്തിന്റെ പദ്ധതി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ ഇപ്പോള്‍ റെലഗേഷന്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്‌. അത്തരമൊരു സാഹചര്യത്തില്‍ വലിയ സമ്മര്‍ദം അനുഭവിക്കേണ്ടി വരുമെന്ന തിരിച്ചറിവിലാണ്‌ ഓള്‍ഡ്‌ട്രഫോര്‍ഡ്‌ ക്ലബ്ബിന്റെ ഓഫര്‍ ദെഷാംസ്‌ വേണ്ടെന്ന്‌ വെച്ചതെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌. 2012 ല്‍ മാഴ്‌സെ ക്ലബ്ബ്‌ വിട്ടതിന്‌ ശേഷം മറ്റൊരു ക്ലബ്ബിന്റെയും പരിശീലകനായിട്ടില്ല ദെഷാംസ്‌. 14 വര്‍ഷമായി ഫ്രാന്‍സ്‌ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം മാത്രമാണ്‌ അലങ്കരിച്ചത്‌.

മൈക്കല്‍ കാരക്കിനെ പരിശീലക സ്ഥാനത്ത്‌ നിന്ന്‌ നീക്കാന്‍ മാഞ്ചസ്റ്റര്‍ മാനേജ്‌മെന്റ്‌ തീരുമാനിച്ചിട്ടുണ്ട്‌. കഴിഞ്ഞ ഒമ്പത്‌ മത്സരങ്ങളില്‍ നിന്ന്‌ ഏഴ്‌ പോയിന്റ്‌ മാത്രമാണ്‌ മാഞ്ചസ്‌റ്ററിന്‌ നേടാന്‍ കഴിഞ്ഞത്‌. ലീഗ്‌ ടേബിളില്‍ 17 മതാണ്‌ യുനൈറ്റഡ്‌. എഡ്ഡി ഹൗ, ജുലിയന്‍ നാഗെല്‍സ്‌മാന്‍, ഫാബിയന്‍ ഹര്‍സലര്‍ എന്നിവര്‍ പരിഗണനയിലുണ്ട്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK