മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടീമുകളുടെ എണ്ണം കുറക്കണമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ടീമുകളുടെ എണ്ണത്തേക്കാൾ നിലവാരത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഗാർഡിയോള പറഞ്ഞു.

നിലവാരമുള്ള മത്സരങ്ങൾ കാണികൾക്ക് നൽകണമെങ്കിൽ പ്രീമിയർ ലീഗിൽ കളിക്കുന്ന ടീമുകളുടെ എണ്ണം കുറയ്‌ക്കണം. ഇതിലൂടെ കളിക്കാരുടെ പരിക്കുകൾ കുറയ്‌ക്കാനും കഴിയുമെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗാ‍ർഡിയോള പറയുന്നു. പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം കുറയ്‌ക്കുമ്പോൾ താഴെ തട്ടുകളിലും എഫ് എ കപ്പ് അടക്കമുള്ള ടൂ‍ർണമെന്റുകളിലും മത്സരങ്ങളുടെ നിലവാരം ഉയരും. ഇതല്ലാതെ ലീഗിന്റെ ആവേശം കൂട്ടാൻ മറ്റൊരു പോംവഴി ഇല്ലെന്നും മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ വ്യക്തമാക്കി. 

പ്രീമിയർ ലീഗിൽ നിലവിൽ ഇരുപത് ടീമുകളാണ് മത്സരിക്കുന്നത്. അവസാനത്തെ മൂന്ന് ടീമുകൾ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്‌ത്തപ്പെടുകയും രണ്ടാം ഡിവിഷനിലെ ആദ്യ മൂന്ന് സ്ഥാനക്കാർ പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടുകയും ചെയ്യുന്നതാണ് നിലവിലെ രീതി. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ വമ്പൻ ക്ലബുകളുടെ നേതൃത്വത്തിൽ യൂറോപ്യൻ സൂപ്പർ ലീഗിനായി അണിയറ നീക്കങ്ങൾ നടക്കുമ്പോഴാണ് ഗാർഡിയോളയുടെ ഈ അഭിപ്രായം. 

നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗിന് പകരമാണ് ക്ലബുകൾ സൂപ്പർ ലീഗ് നടപ്പാക്കാൻ ശ്രമിക്കുന്നത്. ലീഗിന്റെ സ്ഥാപകരായ പതിനഞ്ച് ക്ലബുകളും യോഗ്യത നേടുന്ന അഞ്ച് ടീമുകളും രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടുന്ന രീതിയിലാണ് യൂറോപ്യൻ സൂപ്പർ ലീഗ് ആസൂത്രണം ചെയ്യുന്നത്. ഇതേസമയം, യൂറോപ്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ ലോകകപ്പ് അടക്കമുള്ള മത്സരങ്ങളിൽ നിന്ന് വിലക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
    
'താരങ്ങളെ വിലക്കും'; യൂറോപ്യൻ സൂപ്പർ ലീഗിന് താക്കീതുമായി ഫിഫ