28 മത്സരങ്ങളില്‍ 69 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത്

ചെല്‍സി: കളിക്കളത്തിന് പുറത്തെ പ്രതിസന്ധിക്കിടെ ചെൽസി (Chelsea FC) ഇന്നിറങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (English Premier League) ന്യൂകാസില്‍ (Newcastle) ആണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം തുടങ്ങും. 27 കളിയിൽ 56 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ചെൽസി. ന്യൂകാസില്‍ 14-ാം സ്ഥാനത്താണ്. രാത്രി 10ന് ആഴ്സനല്‍ ഹോം ഗ്രൗണ്ടിൽ ലെസ്റ്റര്‍ സിറ്റിയെ നേരിടും. 

25 കളിയിൽ ആഴ്സനലിന് 48ഉം ലെസ്റ്ററിന് 33ഉം പോയിന്‍റ് വീതമുണ്ട്. 28 മത്സരങ്ങളില്‍ 69 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത്. മൂന്ന് പോയിന്‍റ് പിന്നിലായി ലിവര്‍പൂള്‍ രണ്ടാമത് നില്‍ക്കുന്നു.

ഇന്നലെ റോണോയുടെ രാത്രി

റൊണാള്‍ഡോ അരങ്ങുവാണ രാത്രിയില്‍ ടോട്ടനത്തെ രണ്ടിനെതിരെ മൂന്ന് ഗോളിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തോൽപ്പിച്ചു. റോണോയുടെ ഹാട്രിക്കിലായിരുന്നു യുണൈറ്റഡിന്‍റെ ജയം. കരിയറിലെ 67-ാം ട്രിപ്പിൾ കൂടിയാണിത്. പന്ത്രണ്ടാം മിനുറ്റില്‍ 27 വാര അകലെ നിന്ന് തൊടുത്ത വിസ്‌മയ ഗോളായിരുന്നു ഇതിലേറെ ശ്രദ്ധേയം. ഇതോടെ ക്ലബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന നേട്ടം റൊണാള്‍ഡോ പേരിലാക്കി. ഓസ്ട്രിയൻ ഇതിഹാസം ജോസഫ് ബിക്കന്‍റെ 805 ഗോളുകളുടെ റെക്കോഡാണ് റോണോയ്‌ക്ക് മുന്നില്‍ വഴിമാറിയത്.

സലാ തിളങ്ങിയപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ബ്രൈറ്റണിനെതിരെ ലിവര്‍പൂള്‍ ജയം സ്വന്തമാക്കി. ബ്രൈറ്റണിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ലിവര്‍പൂള്‍ തോൽപ്പിക്കുകയായിരുന്നു. 19-ാം മിനിറ്റില്‍ ലൂയിസ് ഡയസ് ആദ്യ ഗോള്‍ നേടി. 61-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സൂപ്പര്‍താരം മുഹമ്മദ് സലാ ഗോള്‍പ്പട്ടിക തികച്ചു. 

ലാലീഗയില്‍ ബാഴ്‌സ കളത്തിലേക്ക്

സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്‌സലോണയ്ക്ക് ഇന്ന് മത്സരമുണ്ട്. ഒസാസുനയെ ബാഴ്‌സ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30ന് ബാഴ്സ തട്ടകത്തിലാണ് മത്സരം. 26 കളിയിൽ 48 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ബാഴ്സ. പതിനൊന്നാം സ്ഥാനത്തുള്ള ഒസാസുനയെ തോൽപ്പിച്ചാൽ ബാഴ്സയ്ക്ക് അത്‍‍ലറ്റിക്കോ മാഡ്രിഡിന് ഒപ്പമെത്താം. 27 കളിയിൽ 63 പോയിന്‍റുള്ള റയൽ മാഡ്രിഡ് ആണ് ലീഗില്‍ ഒന്നാമത്. സെവിയ്യ(55), അത്‌ലറ്റിക്കോ മാഡ്രിഡ്(51) ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

Ronaldo : അത്യുന്നതങ്ങളില്‍ റോണോ, ഗോള്‍വേട്ടയില്‍ 'ഗോട്ട്'! ടോട്ടനത്തെ ചാരമാക്കി മിസൈല്‍ ഗോളും ഹാട്രിക്കും