Asianet News MalayalamAsianet News Malayalam

EPL : അനായാസം കഴിയുമോ; വിജയവഴിയിൽ തിരിച്ചെത്താന്‍ ആഴ്‌സനല്‍

വിജയവഴിയിൽ തിരിച്ചെത്തുകയാകും ആഴ്‌സനല്‍ ലക്ഷ്യം. അവസാന എട്ട് കളിയിൽ ഒന്നിലും എവേര്‍ട്ടന്‍ ജയിച്ചിട്ടില്ല. 

EPL 2021 22 Everton vs Arsenal Match Preview
Author
Goodison Park, First Published Dec 6, 2021, 2:26 PM IST

ഗുഡിസൺ പാർക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ (EPL) ആഴ്‌സനൽ (Arsenal Fc) ഇന്നിറങ്ങും. എവേ മത്സരത്തിൽ എവേര്‍ട്ടൺ (Everton Fc) ആണ് എതിരാളികൾ. ഇന്ത്യന്‍സമയം നാളെ പുലര്‍ച്ചെ 1.30നാണ് മത്സരം. 15 കളിയിൽ ആഴ്‌സനലിന് 23ഉം 14 മത്സരങ്ങളില്‍ എവേര്‍ട്ടന് 15ഉം പോയിന്‍റുണ്ട്. അവസാന അഞ്ച് കളിയിൽ നാലിലും തോറ്റ എവേര്‍ട്ടനെതിരെ ഇറങ്ങുമ്പോള്‍ വിജയവഴിയിൽ തിരിച്ചെത്തുകയാകും ആഴ്‌സനല്‍ ലക്ഷ്യം. അവസാന എട്ട് കളിയിൽ ഒന്നിലും എവേര്‍ട്ടന്‍ ജയിച്ചിട്ടില്ല. 

ഇന്നലെ പുതിയ പരിശീലകന്‍ റാൾഫ് റാങ്നിക്കിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയത്തുടക്കം നേടി. യുണൈറ്റഡ് ഒറ്റ ഗോളിന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. തിയേറ്റർ ഓഫ് ഡ്രീംസിൽ മേസൺ ഗ്രീൻവുഡിന്‍റെ അസിസ്റ്റിൽ നിന്ന് 77-ാം മിനിറ്റില്‍  ബ്രസീലിയൻ താരം ഫ്രെഡിന്‍റെ ഗോളാണ് യുണൈറ്റഡിന് ജയം സമ്മാനിച്ചത്. 

പുറത്താക്കപ്പെട്ട ഒലേ സോൾഷെയറിന് പകരം നിയമിതനായ റാങ്നിക്കിന് കീഴിൽ കൂടുതൽ ഒത്തിണക്കുമുള്ള യുണൈറ്റഡിനെയാണ് ആരാധകർ കണ്ടത്. ഭാഗ്യം ഒപ്പമുണ്ടായിരുന്നെങ്കിൽ ക്രിസ്റ്റൽ പാലസിന്‍റെ വലയിൽ കൂടുതൽ പന്തെത്തിയേനെ. കൂടുതൽ സമയം പന്ത് കൈവശം വയ്ക്കാനും പാസുകൾ കൈമാറാനും ഷോട്ടുകളുതിർക്കാനും യുണൈറ്റഡിന് കഴിഞ്ഞു. 2013ൽ അലക്‌സ് ഫെർഗ്യൂസൺ സ്ഥാനമൊഴിഞ്ഞതിന് ശേഷം ജയത്തോടെ തുടങ്ങുന്ന മൂന്നാമത്തെ പരിശീലകനാണ് റാൾഫ് റാങ്നിക്ക്.

പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളിന് നോർവിച്ച് സിറ്റിയെ പരാജയപ്പെടുത്തി. ലീഗിൽ ടോട്ടനത്തിന്‍റെ തുടർച്ചയായ മൂന്നാം ജയമാണിത്. മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ ആസ്റ്റൻ വില്ല വീഴ്ത്തി. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം. ജയത്തോടെ ലെസ്റ്ററിനെ മറികടന്ന് ആസ്റ്റൻ വില്ല ആദ്യ പത്തിലെത്തി. 15 കളിയിൽ ഇരു ടീമിനും 19 പോയിന്‍റാണ് ഉള്ളത്.

ISL : വിജയവഴിയിൽ തിരിച്ചെത്താന്‍ എടികെ; എതിര്‍മുഖത്ത് ജംഷഡ്‌പൂര്‍ എഫ്‌സി 

Follow Us:
Download App:
  • android
  • ios