73 പോയിന്‍റുമായാണ് നിലവിലെ ചാമ്പ്യൻമാരായ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നത്
ബേൺലി: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ (EPL) ഒന്നാം സ്ഥാനം നിലനിർത്തി മാഞ്ചസ്റ്റർ സിറ്റി (Man City). മുപ്പതാം റൗണ്ടിൽ ബേൺലിയെ (Burnley) എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചു. കെവിൻ ഡിബ്രൂയിനും (Kevin De Bruyne), ഇൽകായ് ഗുൺഡോഗനുമാണ് (Ilkay Gundogan) സിറ്റിയുടെ സ്കോറർമാർ. അഞ്ചാം മിനിറ്റിലായിരുന്നു ഡിബ്രൂയിൻറെ ഗോൾ. ഇരുപത്തിയഞ്ചാം മിനിറ്റിൽ ഗുൺഡോഗൻ ലീഡുയർത്തി. രണ്ടുഗോളിനും വഴിയൊരുക്കിയത് റഹീം സ്റ്റെർലിംഗായിരുന്നു. 73 പോയിന്‍റുമായാണ് നിലവിലെ ചാമ്പ്യൻമാരായ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നത്. 72 പോയിന്‍റുമായി ലിവർപൂള്‍ (Liverpool FC) രണ്ടാമതുണ്ട്.
ലിവര്‍പൂള്‍ തൊട്ടുപിന്നാലെ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം കടുപ്പിച്ച് സിറ്റിക്ക് തൊട്ടുപിന്നാലെയുണ്ട് ലിവർപൂള്‍. ഇന്നലത്തെ മത്സരത്തില്‍ ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിന് വാറ്റ്ഫോർഡിനെ തോൽപിച്ചു. ഇരുപകുതികളിലായി ഡീഗോ ജോട്ടയും ഫാബീഞ്ഞോയുമാണ് ലിവർപൂളിന്‍റെ ഗോളുകൾ നേടിയത്. ഗോൾകീപ്പർ അലിസൺ ബെക്കറിന്‍റെ തകർപ്പൻ സേവുകളും ലിവർപൂൾ വിജയത്തിൽ നിർണായകമായി.
ചെല്‍സിയെ ഞെട്ടിച്ച് ബ്രെന്റ്ഫോർഡ്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യൻമാരായ ചെൽസി ഞെട്ടിക്കുന്ന തോൽവി നേരിട്ടു. ബ്രെന്റ്ഫോർഡ് ഒന്നിനെതിരെ നാല് ഗോളിന് ചെൽസിയെ വീഴ്ത്തി. രണ്ടാംപകുതിയിലായിരുന്നു എല്ലാ ഗോളും. അന്‍റോണിയോ റൂഡിഗറിന്‍റെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ചെൽസിയുടെ തോൽവി. വിറ്റാലി ജാനെറ്റിന്‍റെ ഇരട്ടഗോൾ കരുത്തിലാണ് ബ്രെന്റ്ഫോർഡിന്‍റെ ജയം. 50, 60 മിനിറ്റുകളിലായിരുന്നു വിറ്റാലിയുടെ ഗോളുകൾ. ക്രിസ്റ്റ്യൻ എറിക്സണും യുവാൻ വിസ്സയും ബ്രെന്റ്ഫോർഡിന്‍റെ ഗോൾപട്ടിക തികച്ചു. അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും 59 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ചെൽസി. ഒൻപതാം ജയത്തോടെ ബ്രെന്റ്ഫോർഡ് പതിനാലാം സ്ഥാനത്തേക്കുയർന്നു.
യുണൈറ്റഡിന് സമനില
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ലെസ്റ്റർ സിറ്റിയുമായി ഓരോ ഗോളടിച്ചാണ് യുണൈറ്റഡ് സമനില വഴങ്ങിയത്. കെലേച്ചി ഇഹെനാച്ചോയിലൂടെ ലെസ്റ്ററാണ് ആദ്യഗോൾ നേടിയത്. അറുപത്തിമൂന്നാം മിനിറ്റിലായിരുന്നു ലെസ്റ്ററിന്‍റെ ഗോൾ. മൂന്ന് മിനിറ്റിനകം ബ്രസീലിയൻ താരം ഫ്രെഡിലൂടെ യുണൈറ്റഡ് സമനില നേടി. മുപ്പത് കളിയിൽ 51 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണിപ്പോൾ യുണൈറ്റഡ്. 37 പോയിന്റുള്ള ലെസ്റ്റർ ഒൻപതാം സ്ഥാനത്തും.
