തുടര്‍ തിരിച്ചടികൾ നേരിടുന്ന ലിവര്‍പൂളിന് പ്രതീക്ഷകൾ കൈവിടാതിരിക്കാൻ ആഴ്സണലിനെ പോലോരു വമ്പൻ ടീമിനോട് ജയിച്ചേ തീരൂ
ആഴ്‌സണല്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഇന്ന് ആഴ്‌സണൽ-ലിവര്‍പൂൾ സൂപ്പര്‍ പോരാട്ടം. ആഴ്സണലിന്‍റെ മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ രാത്രി 9 മണിക്കാണ് മത്സരം. അര്‍ട്ടേറ്റക്ക് കീഴിൽ മികച്ച രീതിയിൽ മുന്നേറുന്ന ആഴ്സണലിന് ഇന്ന് ജയിച്ചാൽ വീണ്ടും പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്താം. അതേസമയം തുടര്‍ തിരിച്ചടികൾ നേരിടുന്ന ലിവര്‍പൂളിന് പ്രതീക്ഷകൾ കൈവിടാതിരിക്കാൻ ആഴ്സണലിനെ പോലോരു വമ്പൻ ടീമിനോട് ജയിച്ചേ തീരൂ.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ഇന്ന് മത്സരമുണ്ട്. രാത്രി പതിനൊന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ എവര്‍ട്ടണാണ് എതിരാളികൾ. മാഞ്ചസ്റ്റര്‍ ഡാര്‍ബിയിൽ സിറ്റിയോടേറ്റ കനത്ത തോൽവിയിൽ നിന്ന് കരകയറാൻ യുണൈറ്റഡിനും ഇന്ന് ജയം വേണം.
ഇംഗ്ലീഷ് പ്രീമിയര്‍ ഗോളടി മേളം തുടര്‍ന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. സതാംപ്‌ടണെ എതിരില്ലാത്ത നാല് ഗോളിനാണ് സിറ്റി തകര്‍ത്തത്. 20-ാം മിനിറ്റിൽ ജാവോ കാൻസലോയിലൂടെയാണ് സിറ്റി ഗോൾവേട്ട തുടങ്ങിയത്. പിന്നാലെ ഫിൽ ഫോഡൻ, റിയാദ് മെഹറേസ്, എര്‍ലിംഗ് ഹാലണ്ട് എന്നിവരും ഗോൾ നേടി. പ്രീമിയര്‍ ലീഗിൽ ചെൽസിയും വമ്പൻ ജയം നേടി. വൂൾവ്സിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെൽസി തോൽപ്പിച്ചത്. കയ് ഹവാര്‍ഡ്‍സ്, ക്രിസ്റ്റ്യൻ പുലിസിച്ച്, അര്‍മാൻഡോ ബ്രോജ എന്നിവരാണ് സ്കോറര്‍മാര്‍.
ജര്‍മ്മൻ ലീഗില്‍ ഇന്നലെ ബയേണ്‍ മ്യൂണിക്-ബൊറുസിയ ഡോര്‍ട്‌മുണ്ട് സൂപ്പര്‍പോരാട്ടം സമനിലയിൽ അവസാനിച്ചിരുന്നു .ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി. ഇഞ്ചുറിടൈമിൽ നേടിയ ഗോളിലൂടെ ബൊറൂസിയ സമനില പിടിച്ചെടുക്കുകയായിരുന്നു. ലിയോണ്‍ ഗോറേട്സ്ക, ലിറോയ് സാനെ എന്നിവരുടെ ഗോളിലൂടെയാണ് ബയേണ്‍ മുന്നിലെത്തിയത്. എഴുപത്തിനാലാം മിനിറ്റിൽ മുക്കോക്കുവും 95-ാം മിനിറ്റിൽ ആന്‍റണി മെഡേസ്റ്റയും ബൊറൂസിയക്കായി ഗോൾ മടക്കി.
ഐഎസ്എല്ലില്‍ ഇന്ന് ഹൈദരാബാദ് എഫ്‌സി-മുംബൈ സിറ്റി സൂപ്പര്‍ പോരാട്ടം
