എഡ്വാർഡ് മെൻഡി, തിയാഗോ സിൽവ, കായ് ഹാവെർട്സ്, ബെൻ ചിൽവെൽ, എൻഗോളെ കാന്‍റെ, മത്തേയു കൊവാസിച്ച് തുടങ്ങിയവരെല്ലാം ഉണ്ടെങ്കിലും ടീമിന്‍റെ പ്രകടനത്തിൽ കോച്ച് തോമസ് ടുഷേൽ തൃപ്തനല്ല
ചെല്‍സി: കളത്തിനകത്തും പുറത്തും മാറ്റങ്ങളുമായാണ് ചെൽസി(Chelsea FC) ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണ്(EPL 2022-23) തയ്യാറെടുക്കുന്നത്. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തായിരുന്നു ചെൽസി ഫിനിഷ് ചെയ്‌തത്. ടീമിന്‍റെ പ്രകടനത്തില്‍ കോച്ച് തോമസ് ടുഷേൽ(Thomas Tuchel) തൃപ്തനല്ല.
പുതിയൊരു യുഗത്തിലേക്ക് കടക്കുകയാണ് ചെൽസി. ക്ലബിന്‍റെ ചരിത്രത്തിലെ സുവർകാലഘട്ടം സമ്മാനിച്ച റൊമാൻ അബ്രമോവിച്ച് രാഷ്ട്രീയ കാരണങ്ങളാൽ പടിയിറങ്ങി. പുതിയ മാനേജ്മെന്‍റിന് കീഴിൽ ഇറങ്ങുമ്പോൾ അന്‍റോണിയോ റൂഡിഗറും ആന്ദ്രേസ് ക്രിസ്റ്റ്യൻസനും റൊമേലു ലുക്കാക്കുവും ചെൽസി നിരയിലില്ല. പകരമെത്തിയത് റഹീം സ്റ്റെർലിംഗും കാലിദു കൂളിബാലിയും. ട്രാൻസ്ഫർ വിപണിയിൽ നോട്ടമിട്ട പ്രധാന താരങ്ങളെയൊന്നും ചെൽസിക്ക് ഇതുവരെ ടീമിലെത്തിക്കാനായില്ല. മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഉഗ്രൻ താരനിരയുമായി എത്തുമ്പോൾ ചെൽസി എങ്ങനെ പിടിച്ചുനിൽക്കുമെന്നാണ് ആരാധകരുടെ ആശങ്ക.
എഡ്വാർഡ് മെൻഡി, തിയാഗോ സിൽവ, കായ് ഹാവെർട്സ്, ബെൻ ചിൽവെൽ, എൻഗോളെ കാന്‍റെ, മത്തേയു കൊവാസിച്ച് തുടങ്ങിയവരെല്ലാം ഉണ്ടെങ്കിലും ടീമിന്‍റെ പ്രകടനത്തിൽ കോച്ച് തോമസ് ടുഷേൽ തൃപ്തനല്ല. പ്രീ-സീസൺ സന്നാഹമത്സരങ്ങൾക്ക് ശേഷം ടുഷേൽ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റര്‍ സിറ്റി 93ഉം ലിവർപൂൾ 92ഉം പോയിന്‍റ് നേടി ഒന്നും രണ്ടും സ്ഥാനത്ത് എത്തിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് കിട്ടിയത് 74 പോയിന്‍റ് മാത്രമായിരുന്നു. 76 ഗോൾ നേടിയപ്പോൾ 33 ഗോൾ വഴങ്ങി. പ്രതിരോധത്തിലെ പഴുതുകൾ അടയ്ക്കുന്നതിനൊപ്പം മുന്നേറ്റനിര കൂടുതൽ ഗോളും നേടിയില്ലെങ്കിൽ ഇത്തവണയും സിറ്റിയും ലിവർപൂളും ചെൽസിക്ക് മുന്നിൽ തലയുയർത്തി നിൽക്കും.
അതേസമയം കിരീടം നിലനിര്‍ത്താനുളള ഒരുക്കത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നവും സിറ്റിക്ക് ബാക്കിയുണ്ട്. കിരീടം നേടുന്നതിനെക്കാള്‍ പ്രയാസമാണ് കിരീടം നിലനിര്‍ത്താന്‍. ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ വെല്ലുവിളി ഇരട്ടിയാവും. കഴിഞ്ഞ സീസണില്‍ ഒറ്റപ്പോയിന്‍റിനാണ് ലിവര്‍പൂളിനെ മറികടന്ന് സിറ്റി ഒന്നാമതെത്തിയത്. ഇത്തവണയും അതിശക്തമായ പോരാട്ടമുണ്ടാവുമെന്ന് കമ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മൂന്ന് നാള്‍ കൂടി; കിരീടം നിലനിര്‍ത്താനൊരുങ്ങി മാഞ്ചസ്റ്റര്‍ സിറ്റി
