പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ തന്നെയാണ് ഇക്കുറിയും സിറ്റിയുടെ കരുത്ത്. ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ സെര്‍ജിയോ അഗ്യൂറോ ടീം വിട്ടുപോയിട്ടും കഴിഞ്ഞ സീസണില്‍ സിറ്റി 99 തവണ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് (EPL) ഇനി മൂന്ന് ദിവസം കൂടി. കിരീടം നിലനിര്‍ത്താനുളള ഒരുക്കത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). ആദ്യ ചാന്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നവും സിറ്റിക്ക് ബാക്കിയുണ്ട്. കിരീടം നേടുന്നതിനെക്കാള്‍ പ്രയാസമാണ് കിരീടം നിലനിര്‍ത്താന്‍. ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ വെല്ലുവിളി ഇരട്ടിയാവും. കഴിഞ്ഞ സീസണില്‍ ഒറ്റപ്പോയിന്റിനാണ് സിറ്റി, ലിവര്‍പൂളിനെ (Liverpool) മറികടന്ന് ഒന്നാമതെത്തിയത്. ഇത്തവണയും അതിശക്തമായ പോരാട്ടമുണ്ടാവുമെന്ന് കമ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
പെപ് ഗാര്‍ഡിയോളയുടെ തന്ത്രങ്ങള്‍ തന്നെയാണ് ഇക്കുറിയും സിറ്റിയുടെ കരുത്ത്. ക്ലബിന്റെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരന്‍ സെര്‍ജിയോ അഗ്യൂറോ ടീം വിട്ടുപോയിട്ടും കഴിഞ്ഞ സീസണില്‍ സിറ്റി 99 തവണ എതിരാളികളുടെ വലയില്‍ പന്തെത്തിച്ചു. ഗബ്രിയേല്‍ ജെസ്യൂസിനെ ആഴ്‌സണലിനും റഹിം സ്റ്റെര്‍ലിംഗിനെ ചെല്‍സിക്കും ഫെര്‍ണാണ്ടീഞ്ഞോയെ അത്‌ലറ്റിക്കോ പരാനെന്‍സിനും കൊടുത്ത സിറ്റി പകരം ടീമിലെത്തിച്ചത് എര്‍ലിംഗ് ഹാലന്‍ഡ്, ജൂലിയന്‍ അല്‍വാരസ്, കാല്‍വിന്‍ ഫിലിപ്‌സ് എന്നിവരെ.
ഗോളടി മികവുകൊണ്ട് ഇതിനോടകം പേരെടുത്ത ഹാലന്‍ഡും അല്‍വാരസും സിറ്റിക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്. കെവിന്‍ ഡിബ്രൂയിന്‍, കെയ്ല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, ഫില്‍ ഫോഡന്‍, ഇല്‍കായ് ഗുണ്‍ഡോഗന്‍, ബര്‍നാര്‍ഡോ സില്‍വ, റോഡ്രി, റിയാദ് മെഹറസ്, ജാക് ഗ്രീലിഷ്, എഡേഴ്‌സണ്‍ എന്നിവര്‍കൂടി ചേരുന്‌പോള്‍ ഈസീസണിലും സിറ്റി അതിശക്തര്‍.
ഞായറാഴ്ച രാത്രി ഒന്‍പതിന് വെസ്റ്റ് ഹാമിനെതിരെയാണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ ആദ്യമത്സരം. ചെല്‍സി, ലിവര്‍പൂള്‍, ടോട്ടന്‍ഹാം എന്നിവര്‍ക്കും ശനിയാഴ്ച്ച മത്സരമുണ്ട്.
