നവംബറില്‍ എവര്‍ട്ടണെതിരായ മത്സരശേഷം മടങ്ങവെ സെല്‍ഫിയെടുക്കാനായി ഫോണ്‍ നീട്ടി ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാള്‍ഡോക്ക് വിലക്കും 50000 പൗണ്ട് പിഴയും എഫ് എ(ഫുട്ബോള്‍ അസോസിയേഷന്‍) ചുമത്തിയത്.

റിയാദ്: സൗദി അറേബ്യൻ ക്ലബ് അൽ-നസറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും. റൊണാൾഡോയ്ക്ക് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാലാണിത്. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തിൽ റൊണാൾഡോ കുറ്റക്കാരനെന്ന്കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് കളിയിൽ വിലക്കേർപ്പെടുത്തിയത്.

നവംബറില്‍ എവര്‍ട്ടണെതിരായ മത്സരശേഷം മടങ്ങവെ സെല്‍ഫിയെടുക്കാനായി ഫോണ്‍ നീട്ടി ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാള്‍ഡോക്ക് വിലക്കും 50000 പൗണ്ട് പിഴയും എഫ് എ(ഫുട്ബോള്‍ അസോസിയേഷന്‍) ചുമത്തിയത്. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു റൊണാള്‍ഡയുടെ രോഷപ്രകടനം.

പ്രീമിയർ ലീഗ് വിട്ട് മറ്റെവിടേക്കെങ്കിലും മാറിയാലും വിലക്ക് ബാധകമാണെന്ന് എഫ് എവ്യക്തമാക്കിയിരുന്നു. ലോകകപ്പില്‍ വിലക്ക് ബാധകമായിരുന്നില്ല. ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അൽ നസറിന്‍റെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാവും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ ആയിരിക്കും റൊണാൾഡോയുടെ അരങ്ങേറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്.

അല്‍-നസറില്‍ റൊണാള്‍ഡോയുടെ സഹതാരങ്ങള്‍ ആരൊക്കെ, വിന്‍സെന്‍റ് അബൂബക്കര്‍ മുതല്‍ ഒസ്പിന വരെ

അതിനിടെ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി ജനുവരി മധ്യത്തോടെ സൗദിയില്‍ സൗഹൃദ മത്സരം കളിക്കാനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അല്‍-നസര്‍, അല്‍-ഹിലാല്‍ ക്ലബ്ബുകളുടെ സംയുക്ത ഇലവനുമായി പി എസ് ജി രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അങ്ങനെ വന്നാല്‍ റൊണാള്‍ഡോയും മെസിയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത് ആരാധകര്‍ക്ക് കാണാനാവും. എന്നാല്‍ എഫ് എ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മത്സരങ്ങളെ ബാധിക്കുമോ എന്ന് വ്യക്തമല്ല.

ലീഗില്‍ ഇതുവരെ ഒമ്പത് തവണ കിരീടം നേടിയിട്ടുള്ള അല്‍-നസര്‍ 2018-2019 സീസണിലാണ് അവസാനം കീരിടം നേടിയത്. ഈ സീസണില്‍ 10 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അല്‍-ഷബാബിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് അല്‍-നസര്‍.