യുവേഫ ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്‍മാരായ പിഎസ്‌ജിയെ ക്ലബ് ലോകകപ്പില്‍ തോല്‍പിച്ച് ബ്രസീലിയന്‍ സീരീ എ ചാമ്പ്യന്‍മാരായ ബൊട്ടഫോഗോ

റോസ് ബൗൾ: ഫിഫ ക്ലബ് ലോകകപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പിഎസ്‌ജിയെ മലര്‍ത്തിയടിച്ച് ബ്രസീലിയന്‍ ക്ലബ് ബൊട്ടഫോഗോ. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ബൊട്ടഫോഗോയുടെ വിജയം. ഇഗോര്‍ ജീസസാണ് ബ്രസീലിയന്‍ ക്ലബിനായി വിജയഗോള്‍ നേടിയത്. നാല് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ബൊട്ടഫോഗോ താരങ്ങള്‍ തൊടുത്തപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് വിജയികളായ പിഎസ്‌ജിയുടെ ഷോട്ടുകളുടെ എണ്ണം വെറും രണ്ടില്‍ ഒതുങ്ങി. 75 ശതമാനം പന്ത് കാല്‍ക്കല്‍ വച്ചിട്ടും 749 പാസുകള്‍ കൈമാറിയിട്ടും തോല്‍ക്കാനായിരുന്നു പിഎസ്‌ജിയുടെ വിധി. നിലവിലെ ബ്രസീലിയന്‍ സീരീ എ ചാമ്പ്യന്‍മാരാണ് ബൊട്ടഫോഗോ.

ക്ലബ് ഫുട്ബോള്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ കളിച്ച രണ്ടും വിജയിച്ച ബൊട്ടാഫോഗോ ആറ് പോയിന്‍റുമായി തലപ്പത്താണ്. അതേസമയം തോല്‍വിയോടെ പിഎസ്‌ജി രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നു. രണ്ട് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റ് തന്നെയെങ്കിലും മൂന്നാമതാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ സ്ഥാനം. ഇന്ന് നടന്ന മത്സരത്തില്‍ അത്‍ലറ്റിക്കോ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അമേരിക്കൻ ക്ലബ് സീറ്റിൽ സൗണ്ടേഴ്സിനെ തോൽപിക്കുകയായിരുന്നു. പാബ്ലോ ബാരിയസിന്‍റെ ഇരട്ടഗോൾ കരുത്തിലാണ് അത്‍ലറ്റിക്കോ മിന്നും ജയം നേടിയത്. ആദ്യ മത്സരത്തിൽ പിഎസ്‌ജിയോട് തോറ്റ അത്‍ലറ്റിക്കോയുടെ ടൂർണമെന്‍റിലെ ആദ്യ ജയമാണിത്. 

ഫിഫ ക്ലബ് ഫുട്ബോള്‍ ലോകകപ്പിൽ ഇന്ന് ഇംഗ്ലീഷ് കരുത്തരായ ചെൽസി രണ്ടാം മത്സരത്തിന് ഇറങ്ങും. ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമിംഗോയാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 11.30ന് അമേരിക്കയിലെ ഫിലഡെൽഫിയ സ്റ്റേഡിയത്തിലാണ് മത്സരം. ഇരു ടീമുകളും ക്ലബ് ലോകകപ്പിൽ രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ അമേരിക്കൻ ക്ലബ് ലോസ് ആഞ്ചലസ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി തോൽപ്പിച്ചിരുന്നു. മറ്റൊരു മത്സരത്തിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്ക ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് സിയിൽ നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് ക്ലബ് ഓക്‌ലൻഡ് സിറ്റിയാണ് എതിരാളികൾ. രാത്രി 9.30നാണ് മത്സരം തുടങ്ങുക. ബെൻഫിക്ക ആദ്യ മത്സരത്തിൽ ബോക്ക ജൂനിയേഴ്‌സുമായി സമനില വഴങ്ങിയിരുന്നു.

Asianet News Live | Israel Iran Conflict | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Breaking News