Asianet News MalayalamAsianet News Malayalam

'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ടം'; ഇതില്‍ കൂടുതല്‍ എന്ത് വേണം, ഖത്തറിന് വാനോളം പ്രശംസ

ചരിത്രത്തിലാദ്യമായി എല്ലാ കോൺഫെഡറേഷനുകളില്‍ നിന്നും ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയതും ഫുട്ബോളിന്‍റെ ആഗോളസ്വീകാര്യതയ്ക്ക് തെളിവാണെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു. മനോഹരമായ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

FIFA president Gianni Infantino hails best ever World Cup group stages
Author
First Published Dec 8, 2022, 7:52 AM IST

ദോഹ: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളാണ് ഖത്തറിലേത് എന്ന് ഫിഫ അധ്യക്ഷന്‍ ജിയോനി ഇന്‍ഫാന്‍റിനോ. ഇക്കുറി ചെറിയ ടീമെന്നോ വലിയ ടീമെന്നോ ഉളള വേര്‍തിരിവില്ല. ചരിത്രത്തിലാദ്യമായി എല്ലാ കോൺഫെഡറേഷനുകളില്‍ നിന്നും ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയതും ഫുട്ബോളിന്‍റെ ആഗോളസ്വീകാര്യതയ്ക്ക് തെളിവാണെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു. മനോഹരമായ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടന്നത്.

ഇതിനകം രണ്ട് ബില്യണിലധികം ടിവി പ്രേക്ഷകരെ ലോകകപ്പിന് ആകർഷിക്കാനായി. അതിശയകരമായ അന്തരീക്ഷം, മികച്ച ഗോളുകള്‍, അവിശ്വസനീയമായ ആവേശം, ചെറിയ ടീമുകൾ വലിയ ടീമുകളെ തോൽപ്പിക്കുന്നു തുടങ്ങിയ കാരണങ്ങളെല്ലാം കൊണ്ട് ഖത്തര്‍ ലോകകപ്പ് മികവ് തെളിയിച്ചു കഴിഞ്ഞു. ചെറിയ ടീമുകളും വലിയ ടീമുകളുമില്ല. ലെവൽ വളരെ വളരെ തുല്യമാണ്. ചരിത്രത്തിലാദ്യമായി, എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് പോകുന്നു.

ഫുട്ബോൾ ശരിക്കും ആഗോളമായി മാറുകയാണെന്ന് ഇത് കാണിക്കുന്നുവെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു. അതേസമയം, മഴവില്‍ നിറത്തിലെ പതാകയുമായി ലോകകപ്പിനിടെ ഗ്രൗണ്ടിലിറങ്ങി പ്രതിഷേധിച്ച യുവാവിനെ ഖത്തര്‍ പൊലീസില്‍ നിന്ന് മോചിപ്പിച്ചത് ഇന്‍ഫാന്‍റിനോ ആണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വേ മത്സരത്തിനിടയിലാണ് ക്വീര്‍ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന മഴവില്‍ നിറത്തിലെ പതാകയുമായി ഗ്രൗണ്ടിലേക്ക് ഇരച്ചെത്തി യുവാവ് പ്രതിഷേധിച്ചത്.

മരിയോ ഫെറി എന്ന യുവാവിന്‍റെ ടീഷര്‍ട്ടില്‍ അടിമുടി പ്രതിഷേധ സൂചകങ്ങള്‍ ആയിരുന്നു. യുക്രൈനെ രക്ഷിക്കണം എന്നെഴുതിയ ടീ ഷര്‍ട്ടിന്‍റെ പിന്‍വശത്ത് ഇറാനിലെ സ്ത്രീകള്‍ക്ക് ബഹുമാനം എന്നായിരുന്നു എഴുത്ത്. ഖത്തര്‍ അധികൃതര്‍ തന്നെ വെറുതെ വിട്ടതായി മരിയോ ഫെറി തന്നെയാണ് വെളിപ്പെടുത്തിയത്. ഖത്തറില്‍ ഒരു പ്രശ്നങ്ങളും ഇല്ലെന്ന് റെഫി റോയിട്ടേഴ്സിനോട് പറഞ്ഞു. ഖത്തര്‍ പൊലീസിനെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.

കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ വളരെ മാന്യമായാണ് അവര്‍ തന്നോട് പെരുമാറിയത്. ചായയോ വെള്ളമോ എന്തെങ്കിലും വേണമോയെന്ന് വളരെ സൗഹാര്‍ദ്ദത്തില്‍ അവര്‍ ചോദിച്ചു. ഫിഫ പ്രസിഡന്‍റ്  ജിയാനി ഇന്‍ഫാന്‍റിനോ എത്തിയാണ് തന്നെ രക്ഷിച്ചത്. വെറും 30 മിനിറ്റ് കൊണ്ടാണ് ഇന്‍ഫെന്‍റിനോ ഇടപ്പെട്ട് തന്നെ മോചിപ്പിച്ചത്. അദ്ദേഹത്തിന്‍റെ സ്വകാര്യ രേഖകള്‍ ഇതിനായി സമര്‍പ്പിക്കുകയും ചെയ്തു. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ഇന്‍ഫാന്‍റിനോ ചോദിച്ചു. ഇതിന് ശേഷം തന്നെ രക്ഷിക്കാനൊരു പദ്ധതിയുണ്ടെന്ന് പറഞ്ഞ് ഖത്തര്‍ അധികൃതരുടെ അടുത്തേക്ക് പോയി.

പ്രധാനപ്പെട്ട ആളുകളുമായി സംസാരിച്ച് 30 മിനിറ്റിനുള്ളില്‍ തന്നെ മോചിപ്പിച്ചുവെന്ന് ഇറ്റലിയിലെ സ്വന്തം വീട്ടില്‍ നിന്ന് ഫെറി പറഞ്ഞു. ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ ഒരു സഹായ പ്രവർത്തകനായി ഒരു മാസം ചെലവഴിച്ചു. അത് തന്നെ വളരെയധികം സ്വാധീനിച്ചുവെന്ന് ഫെറി പറഞ്ഞു. വീടും ഭക്ഷണവും വെള്ളവുമില്ലാത്ത കുട്ടികളും വൃദ്ധരുമെല്ലാം അവരുടെ വീടുകളിൽ നിന്ന് രക്ഷപ്പെടുന്നത് ഓർക്കുന്നുണ്ട്. യുദ്ധം നിർത്തുക എന്നത് തനിക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഫെറി പറഞ്ഞു. 

'എന്തൊരു നാണക്കേട്'; റോണോ ആദ്യ ഇലവനില്‍ വരാത്തതില്‍ നീരസം പ്രകടിപ്പിച്ച് പങ്കാളി, സാന്‍റോസിന് വിമര്‍ശനം
 

Follow Us:
Download App:
  • android
  • ios