Asianet News MalayalamAsianet News Malayalam

ഖത്തര്‍ പിന്തുണച്ചിട്ടും ഉടക്ക് വച്ച് ഫിഫ; യുക്രൈന്‍ പ്രസിഡന്‍റിന്‍റെ സന്ദേശം ഫൈനല്‍ വേദിയില്‍ കാണിക്കില്ല

മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് വീഡിയോ വഴി ഒരു സന്ദേശം നല്‍കാന്‍ സെലന്‍സ്കി ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഖത്തര്‍ പിന്തുണച്ചിട്ടും ഫിഫ ഈ ആവശ്യം തള്ളുകയായിരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്‍.

FIFA Rejects Ukraine President Zelensky Request To Share Message Of Peace At World Cup Final
Author
First Published Dec 18, 2022, 3:25 PM IST

ദോഹ: ഖത്തര്‍ ലോകകപ്പിന്‍റെ ഫൈനലിന് മുന്നോടിയായി തന്‍റെ വീഡിയോ സന്ദേശം കാണിക്കണമെന്നുള്ള യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദമിര്‍ സെലന്‍സ്കിയുടെ അഭ്യര്‍ത്ഥന തള്ളി ഫിഫ. മത്സരത്തിന് മുന്നോടിയായി ആരാധകർക്ക് വീഡിയോ വഴി ഒരു സന്ദേശം നല്‍കാന്‍ സെലന്‍സ്കി ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഖത്തര്‍ പിന്തുണച്ചിട്ടും ഫിഫ ഈ ആവശ്യം തള്ളുകയായിരുന്നുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്‍. ഇംഗ്ലീഷില്‍ റെക്കോര്‍ഡ് ചെയ്തിട്ടുള്ള വീഡിയോയില്‍ സമാധാനത്തിനുള്ള ആഹ്വാനമാണ് സെലന്‍സ്കി നടത്തിയിരുന്നത്.

ഈ വീഡിയോ സന്ദേശം സ്റ്റേഡിയത്തില്‍ കാണിക്കില്ലെന്നുള്ള ഫിഫയുടെ നിലാപാടിനെ യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഓഫീസ് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ഖത്തര്‍ ഈ നീക്കത്തെ പിന്തുണച്ചെങ്കിലും ഫിഫയാണ് തടഞ്ഞതെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഫിഫ അത് സംപ്രേഷണം ചെയ്തില്ലെങ്കില്‍ സ്വതന്ത്രമായി വീഡിയോ പങ്കുവയ്ക്കും. ഭിന്നതകള്‍ക്ക് പകരം ജനങ്ങളെ ഒന്നിപ്പിക്കുന്ന ഗെയിമാണ് ഫുട്ബോള്‍.

എന്നാല്‍, ഫിഫയ്ക്ക് ഫുട്ബോളിനെക്കുറിച്ചുള്ള വിലയേറിയ ധാരണ നഷ്ടപ്പെട്ടുവെന്നും യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ ഫിഫയുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചിട്ടില്ലെന്നും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ലോകകപ്പില്‍ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനെ ഫിഫ എതിര്‍ത്തിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തില്‍ ഇറങ്ങുന്നതിനെ ഫിഫ എതിര്‍ത്തതോടെ ഇംഗ്ലണ്ടും ജര്‍മനിയും അടക്കമുള്ള യൂറോപ്യന്‍ ടീമുകള്‍ ഈ നീക്കത്തില്‍ നിന്ന് പിന്മാറിയിരുന്നു.

വണ്‍ ലവ് ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്ന ടീമുകളുടെ ക്യാപ്റ്റന്മാര്‍ക്ക് അപ്പോള്‍ തന്നെ മഞ്ഞ കാര്‍ഡ് നല്‍കുമെന്നായിരുന്നു ഫിഫ മുന്നറിയിപ്പ്. ലോകകപ്പില്‍ ജപ്പാനെതിരായ മത്സരത്തിനിറങ്ങും മുമ്പ് വായ് മൂടി ജര്‍മന്‍ താരങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മത്സരത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനിടെയാണ് ജര്‍മന്‍ കളിക്കാര്‍ വായ് പൊത്തി പ്രതിഷേധിച്ചത്. ഇതൊരു രാഷ്ട്രീയ പ്രഖ്യാപനമല്ല, എന്നാല്‍ മനുഷ്യാവകാശങ്ങള്‍ അനുവദിക്കാതിരിക്കാന്‍ സമ്മതിക്കില്ല. മനുഷ്യാവകാശങ്ങള്‍ എല്ലാവര്‍ക്കും വേണ്ടതാണ്. എന്നാല്‍ ഇവിടെ അതല്ല നടന്നതെന്നും ജര്‍മന്‍ ടീം ട്വിറ്ററില്‍ കുറിച്ചിരുന്നു. 

2022 ഡിസംബര്‍ 18ന് മെസി കപ്പ് ഉയര്‍ത്തുമെന്ന് ഏഴ് വര്‍ഷം മുമ്പ് പ്രവചനം; കണ്ണുതള്ളി ഫുട്ബോള്‍ ലോകം

Follow Us:
Download App:
  • android
  • ios