Asianet News MalayalamAsianet News Malayalam

'മെസിസ്റ്റ്'; ഇത് ലോകത്ത് മെസിക്ക് മാത്രം കഴിയുന്ന അസിസ്റ്റ്- വീഡിയോ

ക്രൊയേഷ്യക്കെതിരെ 34-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ലിയോണല്‍ മെസി അര്‍ജന്‍റീനയെ മുന്നിലെത്തിച്ചിരുന്നു

FIFA World Cup 2022 Watch Argentina star Lionel Messi world class assist for Julian Alvarez against Croatia in semi final
Author
First Published Dec 14, 2022, 7:27 AM IST

ദോഹ: ഈ ലോകത്ത് ലിയോണൽ മെസിക്ക് മാത്രം കഴിയുന്ന ചിലതുണ്ട്. ഫുട്ബോൾ കളിക്കാൻ വേണ്ടി ജനിച്ച് വീണവൻ എന്നോർമ്മിപ്പിച്ച് മൈതാനത്ത് അയാൾ പന്ത് കൊണ്ടനേകം കളം വരയ്ക്കും. അതിലൂടെ അനായാസം വെട്ടിയും തെറ്റിയും കുതിച്ചു കൊണ്ടിരിക്കും. ഒരൊറ്റ ലക്ഷ്യം മാത്രം. ഗോൾ അല്ലെങ്കിൽ തളികയിലേക്ക് എന്ന പോലെ സഹതാരത്തിലേക്ക് അസിസ്റ്റ്. ഖത്തര്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ക്രൊയേഷ്യന്‍ ഡിഫന്‍സിനെ പൂര്‍ണമായും നിഷ്‌പ്രഭമാക്കിയ ഒരു അസിസ്റ്റ് മെസിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച അസിസ്റ്റുകളിലൊന്നായി ഇത് മാറി. 

ക്രൊയേഷ്യക്കെതിരെ 34-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ലിയോണല്‍ മെസി അര്‍ജന്‍റീനയെ മുന്നിലെത്തിച്ചിരുന്നു. 39-ാം മിനുറ്റില്‍ യുവതാരം ജൂലിയന്‍ ആല്‍വാരസിന്‍റെ സോളോ റണ്‍ ഗോള്‍നില 2-0മാക്കി മാറ്റി. ഇതിന് ശേഷം രണ്ടാംപകുതിയില്‍ 69-ാം മിനുറ്റിലായിരുന്നു മെസിയുടെ കളി ചന്തം ഒരിക്കല്‍ കൂടി ഫുട്ബോള്‍ ചരിത്രത്തില്‍ മനോഹരമായി എഴുതിച്ചേര്‍ത്ത് ആല്‍വാരസിന്‍റെ അടുത്ത ഗോള്‍. അതും ലിയോയ്ക്ക് മാത്രം സാധിക്കുന്ന ഒന്നൊന്നര അസിസ്റ്റിലൂടെ. 

ബോക്‌സിന്‍റെ വളരെ പുറത്തെ വലത് പാര്‍ശ്വത്ത് വച്ച് മെസിയുടെ കാലുകളില്‍ പന്ത് കിട്ടുമ്പോള്‍ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഡിഫൻഡറായ ഗ്വാർഡിയോളായിരുന്നു തൊട്ടരികെ. ഗ്വാർഡിയോളിനെ തലങ്ങുംവിലങ്ങും പായിച്ച് ആദ്യം മെസിയുടെ സോളോ റണ്‍. ഗ്വാര്‍ഡിയോള്‍ വീണ്ടും മെസിക്ക് വട്ടംവെക്കാന്‍ ശ്രമിക്കുമ്പോള്‍ സാക്ഷാല്‍ ലിയോയ്‌ക്ക് മാത്രം കഴിയുന്ന ക്വിക് ടേണ്‍. ഗ്വാര്‍ഡിയോളിനെ മറികടന്ന് ബൈ ലൈനിന് തൊട്ടടുത്ത് വച്ച് തളികയിലേക്ക് എന്ന പോലെ ഒരു പന്ത് ആല്‍വാരസിലേക്ക് മെസി വരച്ചുനല്‍കി. അതയാള്‍ വലയിലേക്ക് അനായാസം തൊടുക്കുകയും ചെയ്തു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അസിസ്റ്റുകളില്‍ ഒന്നായി ഇതെന്ന് നിസംശയം പറയാം. 

ലുസൈല്‍ സ്റ്റേഡിയത്തില്‍ ക്രൊയേഷ്യക്കെതിരെ ലോകകപ്പ് സെമിയില്‍ ജൂലിയന്‍ ആല്‍വാരസ് വണ്ടര്‍ സോളോ റണ്ണടക്കം രണ്ടും മെസി ഒന്നും ഗോള്‍ നേടിയപ്പോള്‍ 3-0നാണ് മെസിപ്പട ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌തത്. പതി‌ഞ്ഞ തുടക്കത്തിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തേയും ഫുട്ബോള്‍ ലോകത്തേയും ആവേശത്തിലാക്കി ഗോളാവേശത്തിലേക്ക് അതിശക്തമായി തിരിച്ചെത്തുകയായിരുന്നു അര്‍ജന്‍റീന. മെസി പെനാല്‍റ്റിയിലൂടെ 34-ാം മിനുറ്റിലും ആല്‍വാരസ് 39, 69 മിനുറ്റുകളിലും വല ചലിപ്പിച്ചു. 

ആല്‍വാരസിന്‍റെ ഡബിള്‍ബാരല്‍! മെസി മിസൈല്‍, അസിസ്റ്റ്; അര്‍ജന്‍റീന ഫൈനലില്‍


 

Follow Us:
Download App:
  • android
  • ios