പ്രീമിയർ ലീഗിലെ ടോപ് സ്കോറർ എന്ന തിളക്കവുമായാണ് എർലിംഗ് ഹാലൻഡ് ഫിഫ ലോകകപ്പിന് എത്തുന്നത്. 28 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിനെത്തുന്ന നോർവേയുടെ പ്രതീക്ഷകൾ ഹാലൻഡിന്റെ ഗോളടി മികവിലാണ്.
ഓസ്ലോ: ഫിഫ ലോകകപ്പിനൊരുങ്ങുന്ന നോർവേയുടെ പ്രതീക്ഷയാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എർലിംഗ് ഹാലൻഡ്. പ്രീമിയർ ലീഗിലെ ടോപ് സ്കോറർ എന്ന തിളക്കത്തോടെയാണ് ഹാലൻഡ് ലോകകപ്പിന് എത്തുന്നത്. ഫുട്ബോള്‍ ലോകകപ്പില്‍ നോര്‍വേയുടെ കുതിപ്പ് ഹാലൻഡിന്‍റെ ഗോള്‍ സ്കോറിംഗ് മികവിനെ ആശ്രയിച്ചിരിക്കും.
ഹാലന്‍ഡിന്‍റെ ഗോളടി
എർലിംഗ് ഹാലൻഡ് ഫിഫ ലോകകപ്പിന് എത്തുന്നത് പ്രീമിയർ ലീഗിലെ 35 മത്സരങ്ങളിൽ നേടിയ 27 ഗോളിന്‍റെ തിളക്കവുമായി. രണ്ടാം സ്ഥാനത്തുളള ബ്രെന്‍റ്‌ഫോർഡ് താരം ഇഗോർ തിയാഗോയെക്കാൾ അഞ്ച് ഗോൾ കൂടുതൽ. നാല് വർഷത്തിനിടെ മൂന്നാംതവണയാണ് ഹാലൻഡ് പ്രീമിയർ ലീഗിലെ ഗോൾഡൺ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇരുപത്തിയെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പിനൊരുങ്ങുന്ന നോർവേയുടെ പ്രതീക്ഷയത്രയും ഇരുപത്തിയഞ്ചുകാരനായ ഹാലൻഡിലാണെന്ന് പറയാം. മാഞ്ചസ്റ്റർ സിറ്റിക്കായി സീസണിലെ 52 മത്സരങ്ങളിൽ ഹാലൻഡ് ആകെ നേടിയത് 38 ഗോൾ. പ്രീമിയർ ലീഗ് കരിയറില്‍ ഹാലൻഡിന്‍റെ ആകെ ഗോൾ സമ്പാദ്യം 112 ഗോളുകള്‍. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എട്ട് സീസണിൽ നേടിയ ഗോളിനേക്കാൾ കൂടുതൽ ഗോളാണ് പകുതിസമയം കൊണ്ട് ഹാലൻഡ് സ്വന്തമാക്കിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം നോർവേയ്ക്ക് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിൽ എർലിംഗ് ഹാലൻഡിന്‍റെ പങ്ക് സുപ്രധാനമായിരുന്നു. എല്ലാ ലോകകപ്പ് യോഗ്യതാ മത്സരത്തിലും ഹാലൻഡ് ലക്ഷ്യം കണ്ടു. ഇറ്റലിക്കെതിരായ നിർണായക മത്സരത്തിൽ ഇരട്ട ഗോള്‍ നേടി.
പിതാവ് ആൽഫ് ഇംഗെ മുന്‍ ലോകകപ്പ് താരം
അമേരിക്ക വേദിയാവുന്ന ഫിഫ ലോകകപ്പ് ഹാലൻഡിന് വ്യക്തിപരമായും അഭിമാന നിമിഷം. 1994-ൽ അമേരിക്ക വേദിയായ ലോകകപ്പിൽ കളിച്ച നോർവേ ടീമിലെ അംഗമായിരുന്നു ഹാലൻഡിന്‍റെ അച്ഛൻ ആൽഫ് ഇംഗെ. പ്രതിരോധ താരമായ ആൽഫ് നോർവേയ്ക്കായി 34 മത്സരത്തിൽ കളിച്ചപ്പോൾ എർലിംഗ് നോർവേയ്ക്കായി ഇതിനകം 49 കളികളിൽ 55 ഗോൾ നേടിക്കഴിഞ്ഞു.



