ലിമ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലും അ‍ർജന്റീനയും ഇന്നിറങ്ങുന്നു. ബ്രസീലിന് ഉറുഗ്വേയും അ‍ർജന്റീനയ്ക്ക് പെറുവുമാണ് എതിരാളികൾ.

തെക്കനമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ തുട‍ർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ബ്രസീൽ ഇറങ്ങുന്നത്. സൂപ്പർ താരം നെയ്‌മർ ഉൾപ്പടെ പ്രമുഖ താരങ്ങളില്ലാതെയാണ് ബ്രസീൽ എവേ മത്സരത്തിൽ ഉറൂഗ്വേയെ നേരിടുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ നാലരയ്ക്കാണ് കളി തുടങ്ങുക. നെയ്‌മറിനൊപ്പം ഫിലിപെ കുടീഞ്ഞോ, ഫാബീഞ്ഞോ, എഡർ മിലിറ്റാവോ, കാസിമിറോ തുടങ്ങിയവരൊന്നും ബ്രസീൽ നിരയിലില്ല. ഇവരുടെ അഭാവത്തിൽ വെനസ്വേലയ്‌ക്കെതിരെ വിയ‍ർത്ത ബ്രസീൽ ഒറ്റഗോളിനാണ് ജയിച്ചത്. 

ലൂയിസ് സുവാരസും, എഡിൻസൻ കവാനിയും ഡാർവിൻ നുനെസും ഉൾപ്പെട്ട ഉറുഗ്വേയ്ക്കെതിരായ പോരാട്ടം ബ്രസീലിന് കനത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പ്. കൊളംബിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ഉറുഗ്വേ, ടിറ്റെയുടെ ബ്രസീലിനെ കാത്തിരിക്കുന്നത്. മൂന്ന് കളിയിൽ ഒൻപത് പോയിന്റുള്ള ബ്രസീൽ ഒന്നും ആറ് പോയിന്റുള്ള ഉറുഗ്വേ നാലും സ്ഥാനങ്ങളിൽ. 

അർജന്റീന നാളെ പുലർച്ചെ ആറിനാണ് പെറുവുമായി ഏറ്റുമുട്ടുക. പരുക്ക് മാറിയ നിക്കോളാസ് ടാഗ്ലിയാഫിക്കോ അ‍ർജന്റൈൻ പ്രതിരോധ നിരയിൽ തിരിച്ചെത്തും. ഇതോടെ നിക്കോളാസ് ഗോൺസാലസ് പകരക്കാരനാവും. ക്യാപ്റ്റൻ ലിയോണൽ മെസിക്കൊപ്പം ലൗറ്ററോ മാർട്ടിനസും ലൂകാസ് ഒകംപോസും മുന്നേറ്റനിരയിലെത്തും. പരാഗ്വേയേ്ക്കെതിരെ സമനില വഴങ്ങിയതോടെ മൂന്ന് കളിയിൽ ഏഴ് പോയിന്റുമായി മേഖലയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. മൂന്ന് കളിയിൽ ഒറ്റപോയിന്റുള്ള പെറു എട്ടാം സ്ഥാനത്തും. 

സെമിബര്‍ത്ത് തീരുമാനിക്കാന്‍ ജര്‍മ്മനിയും സ്‌പെയ്‌നും; പോര്‍ച്ചുഗലും ഇന്ന് കളത്തില്‍