Asianet News MalayalamAsianet News Malayalam

ലോകകപ്പ് യോഗ്യത: ഛേത്രിയില്ലാതെ ഇന്ത്യ ഇന്ന് ജീവൻമരണപ്പോരാട്ടത്തിന്; എതിരാളികൾ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തര്‍

ഫിഫ റാങ്കിംഗിൽ ഖത്തർ മുപ്പത്തിനാലാമതും ഇന്ത്യ നൂറ്റി ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ്. ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറുക.

FIFA World Cup qualifier: India vs Qatar do-or-die clash for India after Sunil Chhetri era
Author
First Published Jun 11, 2024, 12:22 PM IST

ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ഇന്ന് ജീവൻ മരണപോരാട്ടം. കരുത്തരായ ഖത്തറാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9.15 ന് ദോഹയിലാണ് മത്സരം. സുനിൽ ഛേത്രിയുടെ പടിയിറക്കത്തിന് ശേഷമുള്ള ആദ്യ മത്സരമാണ് ഇന്ത്യക്കിന്ന്. സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ ഗോള്‍ കീപ്പര്‍ ഗുപ്രീത് സിങ് സന്ധുവാണ് ഇന്ന് നായകന്‍റെ ആം ബാന്‍ഡ് അണിയുക.

റാങ്കിംഗില്‍ പിന്നിലുള്ള അഫ്ഗാനിസ്ഥാനോട് തോല്‍ക്കുകയും കുവൈറ്റിനോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്ത ഇന്ത്യക്ക് ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ പിടിച്ചുകെട്ടുക എന്ന വലിയ വെല്ലുവിളിയാണ് മുന്നിലുള്ളത്. ഖത്തറിനെതിരെ സമനിലയെങ്കിലും നേടിയാല്‍ മാത്രമെ ലോകകപ്പ് യോഗ്യതാ റൗണ്ടിന്‍റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യ മുന്നേറനാവു.

ഫിഫ റാങ്കിംഗിൽ ഖത്തർ മുപ്പത്തിനാലാമതും ഇന്ത്യ നൂറ്റി ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ്. ഗ്രൂപ്പ് എയിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറുക. അഞ്ച് കളിയിൽ 13 പോയന്‍റുള്ള ഖത്തർ മൂന്നാം റൗണ്ട് ഉറപ്പിച്ച് കഴിഞ്ഞു. അ‍ഞ്ച് പോയന്‍റ് വീതമാണെങ്കിലും ഗോൾ ശരാശരിയിൽ ഇന്ത്യ രണ്ടാമതും അഫ്ഗാനിസ്ഥാൻ മൂന്നാം സ്ഥാനത്തുമാണ്. ഖത്തറിനെ തോൽപിച്ചാൽ എട്ട് പോയന്‍റുമായി ഇന്ത്യക്ക് മൂന്നാം റൗണ്ടിലെത്താം. കുവൈറ്റിനെ തോൽപിച്ചാൽ അഫ്ഗാനിസ്ഥാനും എട്ട് പോയന്‍റാവുമെങ്കിലും മികച്ച ഗോൾശരാശരി ഇന്ത്യയുടെ രക്ഷയ്ക്കെത്തും.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം കണ്ട് മടങ്ങിയ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ന്യൂയോര്‍ക്കിൽ അന്തരിച്ചു

അഫ്ഗാനിസ്ഥാൻ, കുവൈറ്റ് മത്സരം സമനിലയിലാവുകയും ഖത്തറിനെ സമനിലയിൽ പിടിക്കുകയും ചെയ്താലും ഇന്ത്യക്ക് മൂന്നാം റൗണ്ടിലേക്ക് മുന്നേറാം. ഖത്തറിനോട് ഇന്ത്യ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്താൽ, കുവൈറ്റിനെതിരായ വിജയം അഫ്ഗാനിസ്ഥാനെ മൂന്നാം റൗണ്ടിലെത്തിക്കും. മലയാളിതാരം സഹൽ അബ്ദുൽ സമദും ഇന്ത്യൻ ടീമിലുണ്ട്.

ഗോളടിക്കാന്‍ മറക്കുന്ന മുന്നേറ്റനിരയാണ് ഇന്ത്യയുടെ തലവേദന. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ഫീല്‍ഡ് ഗോള്‍ നേടാന്‍ കഴിയാതിരുന്ന ഇന്ത്യക്ക് കഴിഞ്ഞ മത്സരത്തില്‍ കവൈറ്റിനെതിരെയും ഗോളടിക്കാനായിരുന്നില്ല.645 മിനിറ്റ്  മുമ്പാണ് ഇന്ത്യന്‍ മുന്നേറ്റ നിര എതിരാളികളുടെ വലയില്‍ അവസാനമായി പന്തെത്തിച്ചത് എന്നറിയമ്പോള്‍ തന്നെ ഇന്ത്യയുടെ ഗോള്‍വരള്‍ച്ച വ്യക്തമാവും.

36 ടീമുകളുള്ള രണ്ടാം റൗണ്ടില്‍ നിന്ന് ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ മാത്രമാണ് മൂന്നാം റൗണ്ടിലെത്തുക. മൂന്നാം റൗണ്ടില്‍ ആറ് ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളാണുണ്ടാകുക. ഹോം-എവേ അടിസ്ഥാനത്തില്‍ പരസ്പരം കളിക്കുന്ന ടീമുകളില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന രണ്ട് ടീമുകള്‍(ആകെ 6 ടീമുകള്‍) ആകും 2026 ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക.

തോറ്റാല്‍ ബാബറിനും സംഘത്തിനും പെട്ടി മടക്കാം, പാകിസ്ഥാന് ഇന്ന് ജീവന്‍മരണപ്പോരാട്ടം; എതിരാളികള്‍ കാനഡ

മൂന്നാം റൗണ്ടില്‍ ബാക്കിയാവുന്ന 12 ടീമുകളെ മൂന്ന് ഗ്രൂപ്പുകളിലായി തിരിച്ച് നാലാം റൗണ്ട് പോരാട്ടം നടക്കും. നിഷ്പക്ഷ വേദിയില്‍ പരസ്പരം മത്സരിക്കുന്ന ടീമുകളിലെ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്കും ലോകകപ്പ്  യോഗ്യത നേടാം. തോല്‍ക്കുന്ന 9 ടീമുകൾ വീണ്ടും ഹോം എവേ അടിസ്ഥാനത്തില്‍ മത്സരിപ്പിക്കുന്ന അഞ്ചാം റൗണ്ട് പോരാട്ടം നടക്കും. ഇതില്‍ ഒന്നാമത് എത്തുന്നവര്‍ക്ക് ഇന്‍റര്‍ കോണ്ടിനെന്‍റല്‍ പ്ലേ ഓഫിന് യോഗ്യത നേടാം. ഇതില്‍ ജയിച്ചാല്‍ ലോകകപ്പില്‍ കളിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios