റോഡ്രിഗോ ഡി പോളിന്‍റെ പിതാവ് റോബർട്ടോ ഡി പോൾ അർജന്‍റീനിയൻ റേഡിയോ ചാനലായ 'റേഡിയോ കോൺ വോസി'ന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ അർജന്‍റീന ടീമിനെ ചുറ്റിപ്പറ്റി ഉയർന്ന വ്യാജ പ്രചരണങ്ങൾക്കും ഗൂഢാലോചന തിയറികൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരങ്ങളുടെ കുടുംബാംഗങ്ങൾ. ഫൈനൽ മത്സരത്തിന് തൊട്ടുമുൻപ് നായകൻ ലയണൽ മെസി ഡ്രസ്സിംഗ് റൂമിൽ വെച്ച് സഹതാരങ്ങളോട് പറഞ്ഞ "നമുക്ക് എല്ലാം മറക്കാം" എന്ന വാചകം തെറ്റായി വ്യാഖ്യാനിച്ചാണ് സോഷ്യൽ മീഡിയയിൽ മാച്ച് ഫിക്സിംഗ് ആരോപണങ്ങൾ വരെ പ്രചരിച്ചത്. എന്നാലിപ്പോൾ ഈ വ്യാജ കഥകളെല്ലാം തള്ളിക്കളഞ്ഞ് അർജന്‍റീനിയൻ മിഡ്‌ഫീൽഡർ റോഡ്രിഗോ ഡി പോളിന്റെ പിതാവും അലക്സിസ് മാക് അലിസ്റ്ററിന്‍റെ പിതാവും രംഗത്തെത്തിയിരിക്കുകയാണ്.
റോഡ്രിഗോ ഡി പോളിന്‍റെ പിതാവ് റോബർട്ടോ ഡി പോൾ അർജന്‍റീനിയൻ റേഡിയോ ചാനലായ 'റേഡിയോ കോൺ വോസി'ന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. ഇത്തരം കെട്ടുകഥകളിൽ എനിക്ക് യാതൊരു വിശ്വാസവുമില്ല. ഒരു മത്സരം തോൽക്കാൻ വേണ്ടിയാണ് കളിക്കേണ്ടതെന്ന് ആരോ വന്നു പറഞ്ഞാൽ അത് കേൾക്കാൻ വേണ്ടിയല്ല ഒരു ഫുട്ബോൾ കളിക്കാരൻ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ആളുകൾ ചില വാക്കുകൾ സന്ദർഭത്തിൽ നിന്ന് മാറ്റിയെടുത്ത് കഥകൾ മെനയുകയാണെന്നും റോബർട്ടോ ഡി പോൾ പറഞ്ഞു.
അർജന്റീനിയൻ താരം അലക്സിസ് മാക് അലിസ്റ്ററിന്‍റെ പിതാവും മുൻ താരവുമായ കാര്‍ലോസ് മക് അലിസ്റ്ററും ആരോപണങ്ങളെ പൂർണമായും തള്ളിപ്പറഞ്ഞു. കളിക്കളത്തിൽ എതിരാളികൾ മികച്ച കളി പുറത്തെടുത്തതുകൊണ്ടാണ് അർജന്‍റീന തോറ്റതെന്ന ലളിതമായ സത്യം അംഗീകരിക്കാൻ പലർക്കും സാധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡ്രസ്സിംഗ് റൂമിൽ മെസി എല്ലാം മറക്കൂ എന്ന് പറയാന്‍ കാരണമെന്തെന്ന് മക് അലിസ്റ്റര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തി. കളിക്കളത്തിന് പുറത്തെ വൻ മാനസിക സമ്മർദ്ദങ്ങളും അനാവശ്യ ചിന്തകളും ഒഴിവാക്കി സ്വതന്ത്രമായി കളിക്കാനാണ് മെസി താരങ്ങളോട് ആവശ്യപ്പെട്ടതെന്ന് കാര്‍ലോസ് മക് അലിസ്റ്റര്‍ പറഞ്ഞു. ലോങ് ബോളുകൾ കളിച്ച് വെറുതെ പന്ത് നഷ്ടപ്പെടുത്താതെ, ചെറിയ പാസുകളിലൂടെയും ട്രയാംഗിളുകളിലൂടെയും പന്ത് കൈവശം വെച്ച് കളിക്കുക എന്ന തന്ത്രപരമായ നിർദ്ദേശം മാത്രമായിരുന്നു അത്.
വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഡ്രസ്സിംഗ് റൂമിലെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പരിശീലകൻ ലയണൽ സ്കലോണി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഞാൻ സോഷ്യൽ മീഡിയ നോക്കാറില്ല. നിങ്ങൾ ഈ പറയുന്നതിനെക്കുറിച്ച് എനിക്കൊരു അറിവുമില്ല. ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ നിങ്ങൾക്ക് എങ്ങനെ തോന്നുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു സ്കലോണിയുടെ മറുപടി. പിതാവിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ ഇൻസ്റ്റാഗ്രാമിലൂടെ റോഡ്രിഗോ ഡി പോളും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് നേരിട്ട് മറുപടി നൽകി. അര്‍ജന്‍റീനയുടെ വീഴ്ച കാണാൻ ഒരുപാട് പേർ കാത്തിരിക്കുന്നുണ്ടായിരുന്നു എന്ന് എനിക്കറിയാം. മറ്റുള്ളവരുടെ വേദന ശമിപ്പിക്കാൻ ടൂർണമെന്‍റിലുടനീളം ചിലർ അടിസ്ഥാനരഹിതമായ ഗൂഢാലോചന കഥകൾ പ്രചരിപ്പിച്ചു. കിരീടം നേടാനാകാത്തതിൽ കടുത്ത വേദനയുണ്ട്, എങ്കിലും രാജ്യത്തെ പ്രതിനിധീകരിച്ചതിൽ ഞാൻ എന്നും അഭിമാനിക്കുന്നു എന്നായിരുന്നു ഡി പോളിന്‍റെ വാക്കുകള്‍.
