Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ലീഗ് ഉപേക്ഷിച്ചു; പിഎസ്‌ജി ചാമ്പ്യന്‍മാര്‍

രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് മാഴ്സെയെക്കാള്‍ 12 പോയന്റ് ലീഡാണ് പിഎസ്‌ജിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് സീസണില്‍ പി എസ് ജിയുടെ ഏഴാം കിരീടമാണിത്.

French football season ends, PSG awarded Ligue 1 title
Author
Paris, First Published Apr 30, 2020, 9:58 PM IST

പാരീസ്: കൊവിഡ് വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് ലീഗ് ഫുട്ബോള്‍ സീസണ്‍ ഉപേക്ഷിച്ചു. പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള പാരിസ് സെന്റ് ജര്‍മനെ (പിഎസ്‌ജി)യെ ചാമ്പ്യന്‍മാരായി പ്രഖ്യാപിച്ചു. സെപ്റ്റംബറിന് മുമ്പ് ഫ്രഞ്ച് ഫുട്ബോള്‍ ലീഗോ റഗ്ബി ലീഗോ മറ്റ് കായിക മത്സരങ്ങളോ പുനരാരംഭിക്കാനാവില്ലെന്ന് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പാര്‍ലമെന്റില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.

രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് മാഴ്സെയെക്കാള്‍ 12 പോയന്റ് ലീഡാണ് പിഎസ്‌ജിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ എട്ട് സീസണില്‍ പി എസ് ജിയുടെ ഏഴാം കിരീടമാണിത്. ലീഗ് സീസണ്‍ അവസാനിപ്പിച്ചതോടെ രണ്ടാം സ്ഥാനത്തുള്ള മാഴ്സെയ്ക്കും മൂന്നാം സ്ഥാനത്തുള്ള സ്റ്റേഡ് റെന്നായിസിനും അടുത്തവര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പായി.

Also Read: സ്പിന്നറായി തുടങ്ങി, സെവാഗിനെ ആരാധിച്ചു, 4 ഭാഷകള്‍ അറിയാം; രോഹിത്തിനെക്കുറിച്ച് രസകരമായ ചില കാര്യങ്ങള്‍

ഫ്രഞ്ച് ലീഗ് എപ്പോള്‍ പുനരാരാംഭിക്കണമെന്ന കാര്യത്തില്‍ ഫുട്ബോള്‍ അസോസിയേഷന്‍ മെയില്‍ തീരുമാനമെടുക്കാനിരിക്കെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ജൂണില്‍ ലീഗ് മത്സരങ്ങള്‍ പുനരാരാംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ് അധികൃതര്‍. അടുത്തവര്‍ഷത്തെ ലീഗ് വണ്‍ സീസണ്‍ ഓഗസ്റ്റില്‍ ആരംഭിക്കേണ്ടതാണെങ്കിലും പുതിയ സാഹചര്യത്തില്‍ ഇതും നീളുമെന്നുറപ്പാണ്

കൊവിഡ് രോഗബധയുടെ പശ്ചാത്തലത്തില്‍ 5000ല്‍ അധികം പേര്‍ ഒത്തുകൂടാന്‍ ഇടയുള്ള രാജ്യത്തെ കായിക, വിനോദ, വാണിജ്യ പരിപപാടികളൊന്നും സെപ്റ്റംബറിന് മുമ്പ് അനുവദിക്കാനാവില്ലെന്ന് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നവേളയില്‍ എഡ്വേര്‍ഡ് ഫിലിപ്പെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.

Also Read: ബ്രാഡ്‌മാനും സച്ചിനും കോലിക്കുമൊന്നും അതിനായിട്ടില്ല, അരവിന്ദ ഡിസില്‍വയുടെ അപൂര്‍വ ഡബിളിന് 23 വയസ്

കൊവിഡ‍് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതല്‍ ഫ്രാന്‍സ് ലോക്ക് ഡൗണിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിലവില്‍ അമേരിക്കയ്ക്കും ഇറ്റലിക്കും സ്പെയിനിനും പിന്നില്‍ നാലാം സ്ഥാനത്താണ് ഫ്രാന്‍സ്. 1.28 ലക്ഷം പേരാണ് ഫ്രാന്‍സില്‍ ഇതുവരെ കൊവിഡ് ബാധിതരായുള്ളത്. കൊവിഡ് ബാധിച്ച് 24,087 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

കൊവിഡ് മൂലം പൊതുപരിപാടികള്‍ സെപ്റ്റംബര്‍ ഒന്നുവരെ നിരോധിച്ച പശ്ചാത്തലത്തില്‍ ഈ സീസണിലെ ഡച്ച് ലീഗ് മത്സരങ്ങള്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. കൊവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച യൂറോപ്പിലെ ഫുട്ബോള്‍ ലീഗുകളൊന്നും ഇതുവരെ പുനരാരാംഭിച്ചിട്ടില്ല. ലീഗ് മത്സരങ്ങള്‍ എപ്പോള്‍ പുനരാരാംഭിക്കാനാകുമെന്ന്  മെയ് 25ന് മുമ്പ് അറിയിക്കണമെന്ന് യുവേഫ ലീഗ് അധികൃതര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

Follow Us:
Download App:
  • android
  • ios