കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള ഇന്ന് എവേ മത്സരത്തിനിറങ്ങുന്നു. കരുത്തരായ ഈസ്റ്റ് ബംഗാളാണ് എതിരാളികൾ. വൈകിട്ട് അഞ്ചിന് കൊൽക്കത്തയിലെ കല്യാണി സ്റ്റേഡിയത്തിലാണ് പോരാട്ടം. അവസാന മൂന്ന് കളിയിൽ രണ്ട് തോൽവിയും ഒരു സമനിലയുമായി ലീഗിൽ ഒൻപതാം സ്ഥാനത്താണിപ്പോൾ ഗോകുലം. ഏഴ് പോയിന്റാണ് ഗോകുലത്തിന്റെ അക്കൗണ്ടിലുള്ളത്. എട്ട് പോയിന്റേയുള്ളുവെങ്കിലും ഈസ്റ്റ് ബംഗാൾ ലീഗിൽ നാലാം സ്ഥാനത്താണ്. 

ബഗാനോട് എവേ മത്സരത്തിൽ തോറ്റ ഗോകുലം ഹോം മത്സരത്തിൽ ചെന്നൈ സിറ്റിയോടും കളിമറന്നു. ക്യാപ്റ്റനും പ്ലേമേക്കറുമായ മാർക്കസ് ജോസഫ്- ഹെൻറി കിസേക്ക കൂട്ടുകെട്ടിനെയാണ് ഗോകുലം ഉറ്റനോക്കുന്നത്. ഇരുവരും അവസരത്തിനൊത്തുയർന്നാൽ ഗോകുലത്തിന് മൂന്ന് പോയിന്റുമായി മടങ്ങാം. ഡിഫൻഡർമാരായ ഹാറൂൺ അമിരിയും മുഹമ്മദ് ഇർഷാദും സസ്‌പെൻഷനിലായത് ഗോകുലത്തിന് തിരിച്ചടിയാണ്. 

കഴിഞ്ഞ സീസണിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും ജയം ഈസ്റ്റ് ബംഗാളിനൊപ്പമായിരുന്നു. അന്നത്തെ തോൽവികൾക്ക് പകരംവീട്ടാൻകൂടിയാണ് ഗോകുലം എതിരാളികളുടെ തട്ടകത്തിലിറങ്ങുന്നത്. ച‍ർച്ചിൽ ബ്രദേഴ്‌സിനെതിരെ നേരിട്ട തോൽവിയിൽ നിന്ന് കരകയറുകയാണ് ഈസ്റ്റ് ബംഗാളിന്റെ ലക്ഷ്യം. സീസണിൽ കൊൽക്കത്തൻ ടീമിന്റെ ആദ്യ തോൽവി കൂടിയായിരുന്നു ഇത്. മികച്ച മുന്നേറ്റനിരയുള്ള ഗോകുലത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തിയാവും കളിക്കുകയെന്ന് ഈസ്റ്റ് ബംഗാൾ കോച്ച് അലസാന്ദ്രോ മെനൻഡെസ് പറഞ്ഞു.