സന്തോഷ് ട്രോഫിക്ക് ശേഷം മഞ്ചേരി പയ്യനാട്ടേക്ക് വീണ്ടും ഫുട്ബോള്‍ ആരവം വിരുന്നെത്തുകയാണ്

മഞ്ചേരി: ഐ ലീഗ് ഫുട്ബോള്‍ സീസണ് നാളെ മലപ്പുറം മഞ്ചേരിയില്‍ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌‌സി, മുഹമ്മദന്‍സ് സ്പോര്‍ട്ടിങിനെ നേരിടും. ഹാട്രിക് കിരീടവും ഐഎസ്എല്‍ പ്രവേശനവുമാണ് ഗോകുലം ലക്ഷ്യംവെക്കുന്നത്. മികച്ച തുടക്കമാണ് പ്രതീക്ഷിക്കുന്നതെന്ന് പരിശീലകന്‍ റിച്ചാര്‍ഡ് ടോവ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സന്തോഷ് ട്രോഫിക്ക് ശേഷം മഞ്ചേരി പയ്യനാട്ടേക്ക് വീണ്ടും ഫുട്ബോള്‍ ആരവം വിരുന്നെത്തുകയാണ്. ഗോകുലത്തിന്‍റെ പതിനൊന്ന് ഹോം മത്സരങ്ങളില്‍ ആറും മഞ്ചേരിയിലാണ് നടക്കുക. അഞ്ചെണ്ണത്തിന് കോഴിക്കോട് വേദിയാവും. ഉദ്ഘാടന മത്സരത്തില്‍ മുഹമ്മദന്‍സ് സ്പോര്‍ട്ടിങാണ് ഗോകുലത്തിന്‍റെ എതിരാളി. കഴിഞ്ഞ തവണ അവസാന മത്സരത്തില്‍ മുഹമ്മദന്‍സിനെ തോല്‍പ്പിച്ചായിരുന്നു മലബാരിയന്‍സിന്‍റെ കിരീടം നേട്ടം. കാമറൂണുകാരനായ പുതിയ കോച്ച് റിച്ചാഡ് ടോവ പരിശീലിപ്പിക്കുന്ന ഗോകുലത്തില്‍ മലയാളി താരങ്ങള്‍ക്ക് തന്നെയാണ് പ്രാമുഖ്യം. ആറ് വിദേശ താരങ്ങള്‍ ടീമിലുണ്ട്.

തുടര്‍ച്ചയായി മൂന്നാം കിരീടമെന്ന നേട്ടമാണ് ഗോകുലം കേരളയുടെ ലക്ഷ്യം. 12 ടീമുകള്‍ പങ്കെടുക്കുന്ന ഐ ലീഗിലെ ചാമ്പ്യന്‍മാര്‍ക്ക് ഐഎസ്എല്ലിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ടീമുകള്‍ പയ്യാനാട് പരിശീലനത്തിന് ഇറങ്ങി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് തവണയും അടച്ചിട്ട മൈതാനങ്ങളിലായിരുന്നു ഐ ലീഗ് മത്സരങ്ങള്‍. അതിനാല്‍ ഇത്തവണ കാണികളുടെ വലിയ പിന്തുണ പയ്യനാട് സ്റ്റേഡിയത്തിലുണ്ടാം എന്നാണ് പ്രതീക്ഷ. 

ടോപ്പാകാന്‍ ടോവ

സ്ഥാനമൊഴിഞ്ഞ ഇറ്റാലിയന്‍ കോച്ച് വിന്‍സെന്‍സോ അന്നീസിന് പകരമാണ് റിച്ചാര്‍ഡ് ടോവയെ ഗോകുലം കേരള പരിശീലകനായി നിയമിച്ചത്. അന്‍പത്തിരണ്ടുകാരനായ ടോവ കാമറൂണ്‍ ദേശീയ ടീമിന്‍റെ മുന്‍ താരവും യൂത്ത് ടീമുകളുടെ മുഖ്യ പരിശീലകനുമായിരുന്നു. യുവേഫ പ്രോ ലൈസന്‍സ് നേടിയ പരിശീലകനാണ് റിച്ചാര്‍ഡ് ടോവ. ഇറ്റലിക്കാരനായ അന്നീസ് 2020ല്‍ ആണ് ഗോകുലം കേരള എഫ്‌സിയില്‍ എത്തിയത്. ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് കന്നിക്കിരീടം 2020- 2021 സീസണില്‍ സമ്മാനിച്ചതോടെയാണ് ഇന്ത്യയില്‍ അന്നീസ് ശ്രദ്ധിക്കപ്പെട്ടത്. അന്നീസിന്‍റെ ശിക്ഷണത്തില്‍ ഗോകുലം കേരള എഫ്‌സി 48 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 29 ജയവും 10 സമനിലയും 9 തോല്‍വിയുമായിരുന്നു ഫലം. 

Scroll to load tweet…

ഗോകുലം കേരളയ്ക്ക് പുതിയ കോച്ച്; അന്നീസിന് പകരം റിച്ചോര്‍ഡ് ടോവ