'ആ കൈകളില്‍ നിന്ന് ലോകകപ്പ് ഏറ്റുവാങ്ങണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്'; നഷ്ടസ്വപ്നത്തെക്കുറിച്ച് മെസി
ലോക കിരീടം അദ്ദേഹം സമ്മാനിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അത് സാധ്യമായില്ലെങ്കില്‍ ഞങ്ങളുടെ കിരീടനേട്ടത്തിന് സാക്ഷ്യം വഹിക്കാനെങ്കിലും അദ്ദേഹം ഉണ്ടായിരുന്നെങ്കിലുമെന്ന് ചിന്തിച്ചിട്ടുണ്ട്.

പാരീസ്: നീണ്ട 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൈയെത്തിപ്പിടിച്ച ലോകകപ്പ് സമ്മാനിക്കുന്നത് ഇതിഹാസ താരം ഡീഗോ മറഡോണ ആയിരുന്നെങ്കില്‍ എന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെന്ന് അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. കിരീടം സമ്മാനിക്കാന്‍ സാധിച്ചില്ലെങ്കിലും അര്‍ജന്‍റീനയുടെ ലോകകപ്പ് നേട്ടം അദ്ദേഹം നേരില്‍ കാണുകകയെങ്കിലും ചെയ്തിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നുവെന്നും മെസി സ്പാനിഷ് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ലോക കിരീടം അദ്ദേഹം സമ്മാനിക്കണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അത് സാധ്യമായില്ലെങ്കില്‍ ഞങ്ങളുടെ കിരീടനേട്ടത്തിന് സാക്ഷ്യം വഹിക്കാനെങ്കിലും അദ്ദേഹം ഉണ്ടായിരുന്നെങ്കിലുമെന്ന് ചിന്തിച്ചിട്ടുണ്ട്. എങ്കില്‍ ലോകത്തെ ലക്ഷക്കണക്കിന് ആരാധകരെപ്പോലെ ഞങ്ങളുടെ കിരീടനേട്ടത്തിനൊപ്പം ലോകകപ്പില്‍ ആകെയുള്ള ഞങ്ങളുടെ പ്രകടനത്തിലും അദ്ദേഹം ഏറെ സന്തോഷിച്ചേനെ. കാരണം ഈ കിരീടം അദ്ദേഹം അത്രമാത്രം ആഗ്രഹിച്ചിരുന്നു, അതിനായി ഞങ്ങളെ അത്രമാത്രം പ്രചോദിപ്പിച്ചിരുന്നു-മെസി പറഞ്ഞു.
ജയിലിലെ ഫുട്ബോള്‍ ടീമില്‍ അരങ്ങേറി ഡാനി ആല്‍വസ്, ജയിലില്‍ കൂട്ട് റൊണാള്‍ഡീഞ്ഞോയുടെ ബോഡി ഗാര്‍ഡ്
ക്വാര്‍ട്ടര്‍ പോരാട്ടം ജയിച്ചശേഷം നെതര്‍ലന്‍ഡ്സ് പരിശീലകന്‍ ലൂയി വാന്‍ഗാളിന് മുന്നിലെത്തി നടത്തിയ ആഘോഷം മനപ്പൂര്‍വം ചെയ്തല്ലെന്നും മെസി അഭിമുഖത്തില്‍ പറഞ്ഞു. മത്സരത്തിന്റെ തലേന്ന് സഹതാരങ്ങളാണ് ലൂയി വാന്‍ഗാളിന്‍റെ മോശം പ്രസ്താവനകളെക്കുറിച്ച് എന്നോട് പറഞ്ഞത്. അതുകൊണ്ടുതന്നെ മത്സരച്ചൂടില്‍ ആ വിജയാഘോഷം സ്വാഭാവികമായി വന്നുപോയതാണ്. എന്നാല്‍ എന്നെക്കുറിച്ച് ആരാധകരുടെ മനസില്‍ അങ്ങനെയൊരു ചിത്രമല്ല അവര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞത് കഴിഞ്ഞു. ഇനിയൊരിക്കലും അതാവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല-മെസി പറഞ്ഞു.
ലോകകപ്പില്‍ സൗദിയോട് തോറ്റ ശേഷമുള്ള മെക്‌സിക്കോയ്‌ക്കെതിരായ മത്സരമായിരുന്നു ഏറ്റവും കടുപ്പമേറിയത്. ഫൈനല്‍ തലേന്ന് സമ്മര്‍ദ്ധമുണ്ടായിരുന്നില്ല. ലോകകപ്പ് ജയത്തിനായി ആവശ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന വിശ്വാസം തോന്നിയിരുന്നുവെന്നും മെസി പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് അര്‍ജന്‍റീന കീരിടം നേടിയത്. നിശ്ചിത സമയത്ത് 2-2 സമനിലയായ മത്സരം എക്സ്ട്രാ ടൈമില്‍ 3-3 സമനിലയായി. പിന്നീടായിരുന്നു പെനല്‍റ്റി ഷൂട്ടൗട്ട്.