സൂപ്പര്‍ ലീഗ്‌ കേരളയില്‍ സെമിഫൈനല്‍ ബെര്‍ത്ത്‌ ഉറപ്പിക്കുന്ന ആദ്യ ടീമായി കാലിക്കറ്റ്‌ എഫ്‌ സി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ 2-1 ന് വീഴ്ത്തിയാണ് കാലിക്കറ്റിന്റെ കുതിപ്പ്.

തിരുവനന്തപുരം: സൂപ്പര്‍ ലീഗ്‌ കേരളയില്‍ സെമിഫൈനല്‍ ബെര്‍ത്ത്‌ ഉറപ്പിക്കുന്ന ആദ്യ ടീമായി കാലിക്കറ്റ്‌ എഫ്‌ സി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ 2-1 ന് വീഴ്ത്തിയാണ് കാലിക്കറ്റിന്റെ കുതിപ്പ്. മാക്സിമിലിയാനോയുടെയും ലിയനാർഡോ ഡേവിഡിന്റെയും ഗോൾക്കരുത്തിലാണ് വിജയം. ശ്രീരാജിന്റെ ബൂട്ടിൽ നിന്നാണ് കൊമ്പൻസിന്റെ ആശ്വാസ ഗോൾ. ഏഴ് റൗണ്ടുകൾ പിന്നിടുമ്പോൾ 17 പോയന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് പോയന്റുള്ള കൊമ്പൻസ് നാലാം സ്ഥാനത്ത്.

മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ കാലിക്കറ്റ് ലീഡ് സ്വന്തമാക്കി. കൊമ്പൻസ് ഗോൾകീപ്പർ സത്യജിത്, കാലിക്കറ്റ്‌ നായകൻ പ്രശാന്തിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനെത്തുടർന്ന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മാക്സിമിലിയാനോക്ക് പിഴച്ചില്ല (1-0). ഗോൾ നേടിയ ശേഷവും കാലിക്കറ്റ്‌ ആക്രമണം തുടർന്നു. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളിൽ നാല് മികച്ച അവസരങ്ങൾ കൂടി സൃഷ്ടിച്ചു. എന്നാൽ ഭാഗ്യം ആതിഥേയരെ തുണച്ചു. രണ്ട് സുവർണാവസരങ്ങൾ ലിയനാർഡോ ഡേവിഡ് നഷ്ടപ്പെടുത്തി.

മത്സരം അരമണിക്കൂർ പിന്നിട്ടതോടെ കനത്ത മഴ പെയ്തിറങ്ങിയെങ്കിലും പോരാട്ടവീര്യം കുറഞ്ഞില്ല. 40-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള പാട്രിക് മോട്ടയുടെ ഫ്രീകിക്ക് നേരിയ വ്യത്യാസത്തിൽ കാലിക്കറ്റ് പോസ്റ്റിനെ ചാരി പുറത്തേക്ക് പോയി. ആദ്യപകുതിയിൽ കൊമ്പൻസിന്റെ മൂന്നും കാലിക്കറ്റിന്റെ ഒരു കളിക്കാരനും മഞ്ഞക്കാർഡ് കണ്ടു.

രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിൽ മാക്സിമിലിയാനോയുടെ ഷോട്ട് കൊമ്പൻസിന്റെ പോസ്റ്റിലിടിച്ച് മടങ്ങി. എന്നാൽ 51-ാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് ഉയർത്തി. മാക്സിമിലിയാനോയുടെ ക്രോസ് വലയിലെത്തിച്ച ലിയനാർഡോ ഡേവിഡ്, ആദ്യപകുതിയിൽ നഷ്ടപ്പെടുത്തിയ അവസരങ്ങൾക്ക് പ്രായശ്ചിത്തം ചെയ്തു (2–0). 82-ാം മിനിറ്റിൽ കൊമ്പൻസ് ഒരുഗോൾ മടക്കി. അർജുനിന്റെ പാസ് സ്വീകരിച്ച് ശ്രീരാജാണ് ഗോൾ നേടിയത് (2-1).

എട്ടാം റൗണ്ട് മത്സരങ്ങൾ വെള്ളിയാഴ്ച (നവംബർ 13) തുടങ്ങും. ആദ്യ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിക്ക്‌ ഫോഴ്സ കൊച്ചി എഫ്സിയാണ് എതിരാളികൾ. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ മൂന്ന് ഗോളുകൾക്ക്‌ കൊച്ചി വിജയിച്ചു.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://wwwu.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK