Asianet News MalayalamAsianet News Malayalam

രണ്ട് തവണ മുന്നിലെത്തി! പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എല്ലാം അവസാനിച്ചു; ശക്തരായ ഇറാഖിനോട് തോറ്റ് ഇന്ത്യ പുറത്ത്

രണ്ട് തവണ ലീഡെടുത്ത ശേഷമാണ് ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നത്. നോറം മഹേഷ് സിംഗിന്റെ ഒരു ഗോളും മറ്റൊരു സെല്‍ഫ് ഗോളിലുമാണ് ഇന്ത്യ ലീഡെടുത്തത്. അലി അല്‍-ഹമദി, അയ്മന്‍ ഹുസൈന്‍ എന്നിവരാണ് ഇറാഖിന്റെ ഗോളുകള്‍ നേടിയത്.

india vs iraq kings cup semi final football full match report saa
Author
First Published Sep 7, 2023, 6:39 PM IST

ബാങ്കോക്ക്: കിംഗ്‌സ് കപ്പ് സെമി ഫൈനലില്‍ ഇറാഖിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് ഇന്ത്യ പുറത്ത്. നിശ്ചിത സമയത്ത് ഇരുവരും രണ്ട് ഗോള്‍ വീതം നേടിയിരുന്നു. പിന്നീട് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. ഇറാഖ് താരങ്ങളുടെ ഒരു കിക്കും രക്ഷപ്പെടുത്താന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനായില്ല. അതേസമയം, ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയത് ഇന്ത്യക്ക് വിനയായി. 

നേരത്തെ, രണ്ട് തവണ ലീഡെടുത്ത ശേഷമാണ് ഇന്ത്യക്ക് സമനില വഴങ്ങേണ്ടി വന്നത്. നോറം മഹേഷ് സിംഗിന്റെ ഒരു ഗോളും മറ്റൊരു സെല്‍ഫ് ഗോളിലുമാണ് ഇന്ത്യ ലീഡെടുത്തത്. അലി അല്‍-ഹമദി, അയ്മന്‍ ഹുസൈന്‍ എന്നിവരാണ് ഇറാഖിന്റെ ഗോളുകള്‍ നേടിയത്. 17-ാം മിനിറ്റില്‍ മഹേഷിലൂടെ ഇന്ത്യ മുന്നിലെത്തി. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ചാണ് മഹേഷ് ഫിനിഷ് ചെയ്തത്. എന്നാല്‍ 28-ാം മിനിറ്റില്‍ ഇറാഖ് ഒപ്പമെത്തി. പെനാല്‍റ്റിയിലൂടെയായിരുന്നു അലിയുടെ ഗോള്‍. ആദ്യ പകുതി ഈ സ്‌കോറില്‍ അവസാനിച്ചു.

രണ്ടാംപാതി ആരംഭിച്ച് ആറ് മിനിറ്റുകള്‍ക്കകം ഇന്ത്യ മുന്നിലെത്തി. ഇറാഖ് ഗോള്‍ കീപ്പര്‍ ജലാല്‍ ഹസന്റെ ദേഹത്ത് തട്ടി പന്ത് ഗോള്‍വര കടക്കുകയായിരുന്നു. പിന്നീട് അര മണിക്കൂറോളം ഇന്ത്യക്ക് സ്ഥാപിക്കാനായി. എന്നാല്‍ 80-ാം മിനിറ്റില്‍ ഇറാഖ് സമനില പിടിച്ചു. അയ്മന്റെ ഗോളാണ് സമനില സമ്മാനിച്ചത്. ഇഞ്ചുറി സമയത്ത് ഇറാഖ് താരം സിദാനെ ഇക്ബാല്‍ ചുവപ്പ് കാര്‍ഡുമായി പുറത്തായി. പിന്നീട് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്.

ഇന്ത്യയുടെ ആദ്യ കിക്കെടുത്ത ബ്രന്‍ഡണ്‍ ഫെര്‍ണാണ്ടസിന് പിഴച്ചു. പന്ത് പോസ്റ്റില്‍ ഇടിച്ച് പുറത്തേക്ക്. ഇറാഖിന് വേണ്ടി ആദ്യ കിക്കെടുത്തത് മെര്‍ച്ചാസ് ദോസ്‌കി. എന്നാല്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെ ദേഹത്ത് തട്ടി വലയിലെത്തി. ഇന്ത്യക്കായി രണ്ടാമത് വന്ന സന്ദേശ് ജിങ്കാന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടി വലയിലേക്ക്. എന്നാല്‍ ഇറാഖ് താരം അലി അദ്‌നാനും കിക്ക് ഗോള്‍വര കടത്തി. സ്‌കോര്‍ 2-1. സുരേഷ് സിംഗിന്റെ മൂന്നാം കിക്ക് ലക്ഷ്യം കണ്ടതോടെ ഇന്ത്യ ഒപ്പമെത്തി.

എന്നാല്‍ ഹുസൈന്‍ അലിക്ക് പിഴച്ചില്ല. ഇറാഖ് 3-2ന് മുന്നില്‍. നാലാം കിക്കെടുത്ത ഇന്ത്യയുടെ അന്‍വര്‍ അലി 3-3ന് ഒപ്പമെത്തിച്ചു. അമിന്‍ അല്‍ ഹമാവിയും പന്ത് ഗോള്‍വര കടത്തിയതോടെ ഇറാഖ് 4-3ന് മുന്നില്‍. ഇന്ത്യയുടെ നിര്‍ണായകമായ അവസാന കിക്കെടുത്തത് റഹീം അലി. പിഴച്ചില്ല, സ്‌കോര്‍ 4-4. അവസാന കിക്കെടുത്ത ബഷാര്‍ റെസാന്‍ ഇറാഖിന് വിജയം സമ്മാനിച്ചു.

ടെന്നിസായാലെന്ത്? യുഎസ് ഓപ്പണിനിടെ അല്‍ക്കറാസിന് പിന്നില്‍ ചിരിച്ച് രസിച്ച് കാര്യം പറഞ്ഞ് എം എസ് ധോണി - വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios