സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നാഷണന്‍സ് കപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടി.
ഹിസോര്‍: സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നാഷണന്‍സ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ശക്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ വെങ്കലം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 ആയിരുന്നു. ഇതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഫിഫ റാങ്കിങ്ങില്‍ 79-ാം സ്ഥാനത്താണ് ഒമാന്‍. ഇന്ത്യ 133-ാം സ്ഥാനത്തുമാണ്. ഈ വിജയം റാങ്കിംഗില്‍ നേട്ടങ്ങളുണ്ടാക്കി തരുമെന്ന് മാത്രമല്ല, ഭാവിയില്‍ ടീമിന് ധൈര്യം പകരുമെന്നും ഉറപ്പാണ്.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 55-ാം മിനിറ്റില്‍ ജമീല്‍ അല്‍ യഹ്മദി നേടിയ ഗോളിലൂടെ ഒമാന്‍ മുന്നിലെത്തി. പിന്നീട് ഇന്ത്യ നടത്തിയത് തിരിച്ചടിക്കാനുള്ള ശ്രമങ്ങളായിരുന്നു. ഇതിനിടെ സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. പിന്നീട് 80-ാം മിനിറ്റില്‍ ഇന്ത്യ ഒപ്പമെത്തി. പകരക്കാരനായി ഇറങ്ങിയ ഉദാന്ത സിംഗ് നേടിയ ഗോളിലൂടെയാണ് ഇന്ത്യ സമനിലയിലേക്ക് എത്തുന്നത്. പിന്നീട് അധിക സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒമാന്‍ ആദ്യ രണ്ട് കിക്കുകളും പാഴാക്കിയിരുന്നു. എന്നാല്‍ ഇന്ത്യക്ക് വേണ്ടി കിക്കെടുത്ത അന്‍വര്‍ അലിയും ഉദാന്തയും അവസരം നഷ്ടമാക്കിയപ്പോള്‍ ഒപ്പത്തിനൊപ്പമായി. ഒടുവില്‍ ഒമാന്‍ താരത്തിന്റെ അവസാന കിക്ക് തടുത്തിട്ട് ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
ഇന്ത്യ: ഗുര്‍പ്രീത് സിംഗ് സന്ധു, വാല്‍പുയ, രാഹുരല്‍ ഭേക്കെ, അന്‍വര്‍ അലി, മുഹമ്മദ് ഉവൈസ്, ഡാനിഷ് ഫാറൂഖ് ഭട്ട്, നിഖില്‍ പൂജാരി, ലാലിയന്‍സുവാലി ഛംഗ്‌തെ, മഹേഷ് നോവറം, വിക്രം പ്രതാപ് സിംഗ്, ഇര്‍ഫാന്‍ യാദ്‌വാദ്.

