ഇന്ത്യൻ സൂപ്പർ ലീഗ് പതിമൂന്നാം സീസണിന് ഇന്ന് ബെംഗളൂരു എഫ്‌സി - സ്പോർട്ടിങ് ക്ലബ് ദില്ലി മത്സരത്തോടെ തുടക്കമാകും. 13 ടീമുകൾ മാറ്റുരയ്ക്കുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം നാളെ ഇന്റർകാശിക്കെതിരെയാണ്.
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പതിമൂന്നാം സീസണ് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ വൈകിട്ട് അഞ്ചിന് ബെംഗളൂരു എഫ്‌സി, സ്‌പോര്‍ട്ടിങ് ക്ലബ് ദില്ലിയെ നേരിടും. രാത്രി 7.30ന് എഫ് സി ഗോവ, ചെന്നൈയിന്‍ എഫ്‌സി സൂപ്പര്‍ പോരാട്ടവും നടക്കും. പതിമൂന്നാം സീസണില്‍ ആവേശം ചോരാതെ കിക്കോഫിനൊരുങ്ങുകയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. കഴിഞ്ഞ സീസണിലെ പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും ഇല്ലെന്നതാണ് ആശ്വാസം. പക്ഷേ, വിട്ടുപോയ നിരാശരായ ആരാധകരെ തിരിച്ചുകൊണ്ടുവരാന്‍ കളത്തില്‍ കളറാക്കിയേ തീരു.
പതിമൂന്ന് ടീമുകളുമായി ദൈര്‍ഘ്യമേറിയ സീസണായിരിക്കും ഇത്തവണത്തേത്. മത്സരങ്ങള്‍ ഹോം, എവേ ഫോര്‍മാറ്റില്‍. അടുത്ത വര്‍ഷം മേയി വരെ നീണ്ടുനില്‍ക്കുന്ന സീസണില്‍ ആകെ 163 മത്സരങ്ങള്‍. ആദ്യ ഘട്ടത്തില്‍ മത്സരങ്ങള്‍ വാരാന്ത്യങ്ങളില്‍ മാത്രം. ജംഷഡ്പൂര്‍ എഫ്‌സിക്ക് പകരം ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഐഎസ്എല്ലിന്റെ ഭാഗമാകും. ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ടീമിന് ഐഎസ്എല്‍ ഷീല്‍ഡും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലേക്കുള്ള യോഗ്യതയും ലഭിക്കും. തുടര്‍ന്ന് പോയിന്റ് പട്ടികയിലെ ആദ്യ ആറ് സ്ഥാനക്കാര്‍ പ്ലേഓഫിലേക്കെത്തും.
കൊല്‍ക്കത്തന്‍ വമ്പന്‍മാരും ബെംഗളൂരു എഫ്‌സിയുമടക്കം കരുത്തരുള്ള ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നില്‍ അണിനിരക്കുന്നു മലയാളി ഫുട്‌ബോള്‍ ആരാധകര്‍. പുതിയ ഉടമകളെത്തിയതോടെ പിണക്കം മാറി ആരാധകരും ആവേശത്തിലാണ്. നാളെ വൈകിട്ട് ഇന്റര്‍കാശിയാണ് ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പുതിയ ഉടമകളെത്തിയതോടെ കൂടുതല്‍ വീദേശതാരങ്ങളെത്തി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ തന്നെയാണ് ഐക്കണ്‍ താരം. 22 കോടിയോളം ചിലവഴിച്ച് പുതിയ തുടക്കത്തിനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം. പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡിലും ആരാധകര്‍ക്ക് പ്രതീക്ഷകളേറെ.

