ചെന്നൈ: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ് സി ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. വൈകിട്ട് ഏഴരയ്‌ക്ക് ചെന്നൈയിലാണ് മത്സരം. 11 പോയിന്റുള്ള നോർത്ത് ഈസ്റ്റ് ഒൻപതും 12 പോയിന്റുള്ള ചെന്നൈയിൻ എട്ടും സ്ഥാനങ്ങളിലാണ്. 

ഹൈദരാബാദിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ച ആത്മവിശ്വസവുമായാണ് ചെന്നൈയിൻ സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്. വ്ലാസ്കിസ്- ചാംഗ്തേ സഖ്യത്തിലാണ് ചെന്നൈയിന്റെ പ്രതീക്ഷ. 11 കളിയിൽ 14 ഗോൾ നേടിയ ചെന്നൈയിൽ 19 ഗോൾ വഴങ്ങി. നോ‍ർത്ത് ഈസ്റ്റിന് ഇതുവരെ നേടാനായത് ഒൻപത് ഗോൾ മാത്രം. വഴങ്ങിയത് പതിനാല് ഗോളും. പരുക്കേറ്റ അസമോവ ഗ്യാന്റെ അഭാവം നോ‍ർത്ത് ഈസ്റ്റിന് കനത്ത തിരിച്ചടിയാവും.

ഒഡീഷ നാലാമത്; ഹൈദരാബാദിന് പത്താം തോല്‍വി

ഇന്നലെ നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി തോല്‍വി വഴങ്ങി. ഒഡീഷ എഫ്‌സി ഒന്നിനെതിരെ രണ്ട് ഗോളിന് ഹൈദരാബാദിനെ തോൽപിച്ചു. സീസണിൽ പത്ത് തോൽവി നേരിടുന്ന ആദ്യ ടീമെന്ന നാണക്കേട് ഇതോടെ ഹൈദരാബാദിന് സ്വന്തമായി. ജയത്തോടെ നാലാം സ്ഥാനത്തേക്കുയര്‍ന്ന ഒഡീഷ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. ഒന്നാം മിനിറ്റിൽ മാർസലീഞ്ഞോയുടെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു ഹൈദരാബാദിന്റെ വീഴ്ച.

Read more: ഐഎസ്എല്‍: ഹൈദരാബാദിനെ മറികടന്ന് ഒഡീഷ