കരുത്തരായ എടികെയ്‌ക്കെതിരെ നേടിയ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ രണ്ടാം മത്സരത്തിനിറങ്ങുക.

കൊച്ചി: ഐഎസ്എല്ലില്‍ രണ്ടാം ജയം തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെയിറങ്ങും. കൊച്ചിയില്‍ നടക്കുന്ന കളിയില്‍ മുംബൈ സിറ്റി ആണ് എതിരാളികള്‍. കരുത്തരായ എടികെയ്‌ക്കെതിരെ നേടിയ ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ രണ്ടാം മത്സരത്തിനിറങ്ങുക.

ഇരട്ടഗോള്‍ നേടിയ നായകൻ ഓഗ്‌ബെച്ചേ മിന്നും ഫോമിലാണെന്നതും ആരാധക പിന്തുണ തിരികെ കിട്ടിയതും ടീമിന്‍റെ ആത്മവിശ്വാസം കൂട്ടുന്നു. കഴിഞ്ഞ സീസണില്‍ മൂന്നാം സ്ഥാനത്ത് എത്തിയ മുംബൈയെ നാളെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ്. 

ഉദ്ഘാടന മത്സരത്തില്‍ പകരക്കാരനായി മാത്രം ഇറങ്ങിയ മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദ് നാളെ ആദ്യ ഇലവനില്‍ കളിക്കുമോയെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യൻ ക്യാമ്പിലായിരുന്നതിനാല്‍ ബ്ലാസ്റ്റേഴ്‌സ് ടീമുമായി ഒത്തിണങ്ങിയിട്ടില്ലെന്ന കാരണം പറഞ്ഞായിരുന്നു സഹലിനെ എടികെയ്‌ക്കെതിരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത്. മധ്യനിരയില്‍‍ മാരിയോ ആര്‍കെസിന്‍റെ പരുക്ക് ബ്ലാസ്റ്റേഴ്‌സിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സീസണില്‍ മുംബൈയുടെ ആദ്യ മത്സരമാണ് നാളത്തേത്.

ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ആദ്യ പകതിയിലായിരുന്നു മൂന്ന് ഗോളുകളും പിറന്നത്. ആറാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് മക്‌ഹ്യൂ എടികെയ്ക്കാ‌യി വലകുലുക്കി. എന്നാല്‍ 30, 45 മിനുറ്റുകളില്‍ ലക്ഷ്യം കണ്ട് നായകന്‍ ബെര്‍ത്തലോമിയ ഓഗ്‌ബെച്ചേ ബ്ലാസ്റ്റേഴ്‌സിന്‍റെ ജയമുറപ്പിക്കുകയായിരുന്നു.