കൊച്ചി: ഐഎസ്എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഒഡീഷ എഫ്‌സിയാണ് മൂന്നാം ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികൾ. കൊച്ചിയിൽ വൈകിട്ട് 7.30നാണ് മത്സരം. പ്രതിരോധ, മധ്യനിര താരങ്ങളുടെ പരുക്കാണ് ബ്ലാസ്റ്റേഴ്‌സിനെ അലട്ടുന്നത്. 

എടികെയെ തോൽപിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുംബൈയോടും ഹൈദരാബാദിനോടും തോറ്റിരുന്നു. ഇരുടീമിനും മൂന്ന് പോയിന്‍റ് വീതമാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് എട്ടും ഹൈദരാബാദ് ഒൻപതും സ്ഥാനത്താണ്. മുംബൈയെ രണ്ടിനെതിരെ നാല് ഗോളിന് തോൽപിച്ച ആത്മവിശ്വാസവുമായാണ് ഒഡീഷ കൊച്ചിയിൽ എത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈയെ തകർത്ത് എട്ട് പോയിന്‍റുമായി ഗോവ പട്ടികയില്‍ മുന്നിലെത്തി. ഗോവ രണ്ടിനെതിരെ നാല് ഗോളിനാണ് മുംബൈയെ തോൽപിച്ചത്. നാല് കളിയിൽ രണ്ട് ജയവും രണ്ട് സമനിലയുമായി ഗോവയ്‌ക്കുള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും ഇതേ പോയിന്‍റ് ആണെങ്കിലും ഗോൾ ശരാശരിയിലാണ് ഗോവ മുന്നിലെത്തിയത്.