സൗദി പ്രോ ലീഗില്‍ അല്‍ ഖലീജീനെതിരെ അല്‍ അഹ്ലി താരം ഇവാന്‍ ടോണി നേടിയ പെനാല്‍റ്റി ഗോളാണ്‌ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി കിക്ക്‌ പ്രത്യേക ടെക്‌നിക്ക്‌ ഉപയോഗിച്ച്‌ ടോണി വലയിലാക്കുകയായിരുന്നു.

റിയാദ്‌: സൗദി പ്രോ ലീഗില്‍ അല്‍ ഖലീജീനെതിരെ അല്‍ അഹ്ലി താരം ഇവാന്‍ ടോണി നേടിയ പെനാല്‍റ്റി ഗോളാണ്‌ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി കിക്ക്‌ പ്രത്യേക ടെക്‌നിക്ക്‌ ഉപയോഗിച്ച്‌ ടോണി വലയിലാക്കുകയായിരുന്നു. സാധാരണയായി പെനാല്‍റ്റി എടുക്കുമ്പോള്‍ പന്തിലേക്ക്‌ നോക്കാതെ ഗോള്‍ കീപ്പറുടെ കണ്ണുകളിലേക്ക്‌ മാത്രം നോക്കി കിക്കെടുക്കുന്ന ശൈലിയാണ്‌ ഇവാന്‍ ടോണി സ്വീകരിക്കാറുള്ളത്‌. ബ്രസീലിയന്‍ ഫുട്‌ബോള്‍ മാന്ത്രികന്‍ റൊണാള്‍ഡീഞ്ഞോയും ഫ്രഞ്ച്‌ താരം തിയറി ഓന്റിയും മത്സരത്തിനിടെ പാസ്‌ ചെയ്യുമ്പോള്‍ പയറ്റുന്ന നോ ലുക്ക്‌ ശൈലിയോട്‌ സാമ്യമുള്ള ഒന്നാണിത്‌. ഇവാന്‍ ടോണിയുടെ വിചിത്രമായ പെനാല്‍റ്റി ടെക്‌നിക്കുകള്‍ പലപ്പോഴും ഫുട്‌ബോള്‍ ലോകത്ത്‌ വലിയ ചര്‍ച്ചക്കിടയാക്കാറുണ്ട്‌.

അല്‍ ഖലീജിനെതിരെ അവസാന നിമിഷം പെനാല്‍റ്റിയെടുക്കാനെത്തിയ ടോണി കിക്ക്‌ എടുക്കുന്നതിന്‌ തൊട്ടുമുമ്പ്‌ പെട്ടെന്ന്‌ റണ്‍ അപ്പ്‌ മാറ്റുകയും ഗോള്‍ കീപ്പറെ കാഴ്‌ചക്കാരനാക്കി പന്ത്‌ വലയിലാക്കുകയും ചെയ്‌തു. ഫുട്‌ബോള്‍ ലോകത്തെ വിസ്‌മയിപ്പിച്ചിരിക്കുകയാണ്‌ ടോണിയുടെ അതിവേഗത്തിലുള്ള കിക്ക്‌. ടോണിയുടെ പെനാല്‍റ്റി കിക്ക്‌ കൃത്യമായി പകര്‍ത്താന്‍ കാമറാ മാന്‌ പോലും സാധിച്ചില്ല, പിന്നെ ഗോള്‍ കീപ്പറുടെ കാര്യം പറയണോ എന്നതായിരുന്നു ഈ ഗോളിനെ കുറിച്ച്‌ വന്ന ഒരു കമെന്റ്‌.

രണ്ട്‌ തരത്തിലാണ്‌ ടോണി പെനാല്‍റ്റി കിക്ക്‌ എടുക്കുന്നത്‌. പ്രധാനമായും നോ ലുക്ക്‌ രീതിയാണ്‌ പയറ്റുന്നത്‌. പന്തിലേക്ക്‌ നോക്കാതെ ഗോള്‍ കീപ്പറെ മാത്രം നോക്കിയുള്ള അതിവേഗത്തിലുള്ള കിക്ക്‌. ഗോളിയുടെ കണ്ണുകളുടെ ചലനം, ശരീര ചലനം എന്നിവ മനസിലാക്കിയുള്ള കിക്കാണിത്‌. അതുപോലെ, പന്തിലേക്ക്‌ മാത്രം നോക്കി ഗോള്‍ കീപ്പറെ നോക്കാതെ പെട്ടെന്നുള്ള റണ്‍ അപ്പ്‌ ചെയ്‌ത്‌ എടുക്കുന്ന പെനാല്‍റ്റി കിക്കും ടോണി പയറ്റുന്നു. മത്സരത്തില്‍ അല്‍ അഹ്‌ലി 4-1നാണ്‌ ജയിച്ചത്‌. ഒമ്പത്‌ മത്സരങ്ങളില്‍ നിന്ന്‌ 13 ഗോളുകളാണ്‌ സൗദി പ്രോലീഗില്‍ മുപ്പതുകാരന്‍ സ്‌കോര്‍ ചെയ്‌തിരിക്കുന്നത്‌. ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡിന്റെ താരമായിരുന്നു ഇവാന്‍ ടോണി. 40 ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്‌ഫറില്‍ 2024 ലാണ്‌ അല്‍ അഹ്‌ലിയില്‍ എത്തിയത്‌.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK