സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ആവേശകരമായ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ ഷൂട്ടൗട്ടിൽ 4-3 ന് തോൽപ്പിച്ചു. നിശ്ചിതസമയത്ത് മത്സരം ഗോൾരഹിത സമനില ആയിരുന്നു. ഷൂട്ടൗട്ടിനായി പകരക്കാരനായി എത്തിയ പാർഥിവ് നടത്തിയ രണ്ട് സേവുകൾ ആണ് തൃശൂരിന് ആദ്യ ജയം നൽകിയത്.

തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്ക് ആദ്യ ജയം. ആവേശകരമായ മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സിയെ ഷൂട്ടൗട്ടിൽ 4-3 ന് തോൽപ്പിച്ചു. നിശ്ചിതസമയത്ത് മത്സരം ഗോൾരഹിത സമനില ആയിരുന്നു. ഷൂട്ടൗട്ടിനായി പകരക്കാരനായി എത്തിയ പാർഥിവ് നടത്തിയ രണ്ട് സേവുകൾ ആണ് തൃശൂരിന് ആദ്യ ജയം നൽകിയത്. മുഹമ്മദ്‌ നിഷാം, ജംഷിദ് അലി എന്നിവരുടെ കിക്കുകൾ ആണ് പാർഥിവ് തടുത്തിട്ടത്. അഞ്ച് കളികളിൽ മൂന്നു പോയന്റുമായി തൃശൂർ ആറാമതാണ്. അഞ്ചു പോയന്റുള്ള കൊമ്പൻസ് അഞ്ചാമത്.

മത്സരത്തിലെ ആദ്യ അവസരം പത്താം മിനിറ്റിൽ കോർണർ കിക്കിലൂടെ കൊമ്പൻസിന്. തൃശൂരിന്റെ പ്രതിരോധം മറികടന്ന ഷിനുവിന് മുന്നിൽ തുറന്ന പോസ്റ്റുണ്ടായിരുന്നു. പക്ഷെ, ഹെഡ്ഡർ ലക്ഷ്യം കണ്ടില്ല.കളി അരമണിക്കൂർ തികയും മുൻപ് തൃശൂർ ഏറെ പ്രതീക്ഷയോടെ ടീമിലെത്തിച്ച പരിചയസമ്പന്നനായ ബ്രസീലിയൻ താരം മെയിൽസൺ ആൽവസ് പരിക്കേറ്റ് മടങ്ങി. പകരക്കാരനായി പമ്പിത്ര മണ്ഡി കളത്തിലിറങ്ങി.

വേഗക്കാരൻ പൗളോ സാന്റോസിനെ തുടർച്ചയായി ഓഫ്‌സൈഡ് കെണിയിൽ വീഴ്ത്താൻ തൃശൂർ പ്രതിരോധത്തിനായി. കൊമ്പൻസിനായി 25-ാം മത്സരം കളിക്കുന്ന പാട്രിക് മോട്ടയുടെ 40-ാം മിനിറ്റിലെ ഫ്രീകിക്ക് ക്രോസ്‌ ബാറിലിടിച്ച് മടങ്ങി. ഗോൾ കണ്ടെത്താനാകാതെ ഇരുടീമുകളും ആദ്യ പകുതി അവസാനിപ്പിച്ചു.53-ാം മിനിറ്റിൽ ആദിലിനും പിന്നാലെ പൗളോ സാന്റോസിനും ലഭിച്ച അവസരങ്ങൾ തൃശൂർ പോസ്റ്റിൽ കയറിയില്ല. 59-ാം മിനിറ്റിൽ ഷാനുവിനെയും ഹൃതിക്കിനെയും പകരക്കാരായി ഇറക്കി കൊമ്പൻസ് ആക്രമണത്തിന് മൂർച്ച കൂട്ടി. കളി അവസാനിക്കാനിരിക്കെ ഷിഹാസിന്റെ ലോങ് റേഞ്ചർ കൊമ്പൻസ് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയതോടെ നിശ്ചിതസമയം ഗോൾരഹിതമായി അവസാനിച്ചു. പിന്നാലെ വിധി നിർണയിക്കാൻ ഷൂട്ടൗട്ട്.

അഞ്ചാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ശനിയാഴ്ച (ഒക്ടോബർ 24) കാലിക്കറ്റ്‌ എഫ്സി, ഫോഴ്‌സ കൊച്ചി എഫ്സിയുമായി മത്സരിക്കും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയമാണ് വേദി. കിക്കോഫ് വൈകുന്നേരം 6.30ന്.

മത്സരം തത്സമയം കാണാൻ: സീ5 (ഇന്ത്യ), ഇത്തിസാലാത്ത് ടിവി (യുഎഇ), സ്റ്റാർസ്പ്ലേ (മിഡിൽ ഈസ്റ്റ് & വടക്കേ ആഫ്രിക്ക മേഖല)

ടിക്കറ്റുകൾക്ക് https://www.superleaguekerala.com/tickets സന്ദർശിക്കുക. സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസുകളിലും ടിക്കറ്റ് ലഭിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK